നകുലന് പോണ്ട എന്ന് പറഞ്ഞപ്പോള്‍ ഗംഗ പോകുമെന്ന് വാശിപിടിച്ചു. ഇടഞ്ഞു. വായില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. അയോഗ്യനായേ എന്ന് വരെ. ഗംഗയ്ക്ക് മനോരോഗം ആയിരുന്നു. ഡോക്ടര്‍ സണ്ണി വന്നുപെട്ടത് കൊണ്ടു രക്ഷപെട്ടു.
എന്താ ബിജെപി പാളയത്തില്‍ പോയാല്‍….?
എന്നിപ്പോള്‍ ഒരുകൂട്ടം നസ്രാണിത്തലവന്മാര് പ്രത്യേകമൊരു മനോരോഗത്തില്‍ ഉഴറിക്കൊണ്ട് ചോദിക്കുന്നു. ഡോക്ടര്‍ സണ്ണി വരുമോ ഈ മനോരോഗികളെ സംരക്ഷിക്കുമോ എന്നറിയാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നു.
ഇന്ത്യാ മഹാരാജ്യത്തെ ഇതിനുമുന്പുള്ള സര്‍ക്കാരുകളെയൊക്കെ നയിച്ചിരുന്നത് മഹാത്മാക്കള്‍ മാത്രമായിരുന്നത് കൊണ്ടല്ല, നരേന്ദ്ര മോദിയെപ്പോലെ കാപട്യക്കാരന്, മുഖം മൂടിയണിഞ്ഞ ഒരാളും നാളിതുവരെ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നിട്ടില്ല എന്നതുകൊണ്ടാണ് അറിവുള്ളവര്‍ പിതാക്കന്മാരോട് പോണ്ടാ പോണ്ടാ എന്ന് പറയുന്നത്.
ഓര്‍ത്തിരിക്കണം, 2014 മെയ് 16 നു പാര്‍ലമെന്റിനെ സാഷ്ടാംഗം നമസ്ക്കരിച്ച് അതിനുള്ളിലേക്ക് മോദി കാലെടുത്തുവച്ചത്.
ഓര്‍ത്തിരിക്കണം… അന്ന് ബിജെപി നിര്‍വാഹകസമിതി യോഗത്തില്‍ മോദി വികാരാധീനനായി പ്രസംഗിച്ചതെന്തെന്ന്. ഒരമ്മക്ക് വേണ്ടി ചെയ്ത കടമക്ക് അമ്മ മകനോട് നന്ദി പറയുമോ എന്ന് ചോദിച്ച് ഏങ്ങിക്കരഞ്ഞത്..?
ഓര്‍ത്തിരിക്കണം തന്റെ ആദ്യത്തെ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ഒരു പിതാവിന്റെ വാത്സല്യത്തോടെ മറ്റൊരു പ്രധാനമന്ത്രിയും നടത്താത്ത രീതിയിലുള്ള പ്രസംഗം നടത്തിയത്..?
ഓര്‍ത്തിരിക്കണം….. നോട്ട് നിരോധനമുണ്ടാക്കിയ കെടുതികള്‍ക്ക് അന്‍പത് ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ തന്നെ പച്ചക്ക് കത്തിച്ചോളൂ എന്ന് പറഞ്ഞത്. താന്‍ തന്റെ രാജ്യത്തിനു വേണ്ടി വീടും കുടുംബവും ഉപേക്ഷിച്ചവനാണ് എന്ന് പറഞ്ഞ് നിലവിളിച്ചത്..
2015 ന്റെ അവസാനം വരെയൊക്കെ പലരും പറഞ്ഞിരുന്നത് ഹിന്ദുത്വം എന്ന അജണ്ട മാറ്റി നിര്‍ത്തിയാല്‍ ബിെ പിക്ക് വോട്ട് ചെയ്യുന്നതില്‍ തെറ്റില്ല എന്നു തന്നെയായിരുന്നു. പക്ഷേ നീലക്കുറുക്കന്റെ യഥാര്‍ഥനിറം രാജ്യത്തിനു വെളിപ്പെട്ടുകഴിഞ്ഞിരിക്കുന്നു, പിന്നീടങ്ങോട്ടുള്ള ഭരണത്തില്‍.
നമ്മള് ചോദിക്കേണ്ട ചോദ്യങ്ങളുണ്ട്. ശബരിമലക്കും അയോധ്യക്കും ഇടയില്‍ മറന്നുപോവാന്‍ പാടില്ലാത്തത്…
വേറാരും ചോദിക്കാന്‍ ഇല്ലാത്തത്.
മോദിയോടുള്ള ആദ്യത്തെ ചോദ്യം ധൈര്യമുണ്ടോ
അച്ചാദിന്‍ വന്നു എന്ന് പറഞ്ഞ് ഇനിയും വോട്ട് ചോദിക്കാന്‍ എന്നതാണ്.
വിദേശത്തും സ്വദേശത്തും ഉള്ള കള്ളപ്പണം പിടിച്ചു എന്ന് പറഞ്ഞിട്ട് അതെന്തായി എന്നാണ്. പെട്രോളിനും ഡീസലിനും 50 രൂപയാക്കി വിലതാഴ്ത്തും എന്നു പറഞ്ഞു വോട്ട് പിടിച്ചിട്ട് എന്തായി എന്നാണ് …
അമേരിക്കക്കാര്‍ ഇന്ത്യയില്‍ ജോലിക്ക് വേണ്ടി ക്യൂ നില്ക്കുന്നു എന്ന് പറഞ്ഞ് വോട്ട് ചോദിക്കാന്‍ ഇനിയും മോദിക്ക് ധൈര്യമുണ്ടോ എന്നാണ്.
നുണയന്മാര്ക്ക് ധൈര്യത്തിനു ഒരു കുറവും ഉണ്ടാവില്ല. കാരണം ഉളുപ്പില്ലായ്മ നല്കുന്ന ഒരു ധൈര്യമാണത്. പക്ഷേ അതു കൊണ്ട് ചോദ്യങ്ങളുടെ വായ മൂടിക്കെട്ടാനാവില്ല.
നോട്ട് നിരോധനം എന്ന ഭൂലോക മണ്ടത്തരം നടത്തിയ ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ തുഗ്ലക്ക്, വീണ്ടും വീണ്ടും വോട്ട് ചോദിച്ച് നമ്മുടെ മുന്നിലേക്കെത്താന്‍ പോവുന്നത് കൃത്യമായ ഹിന്ദുത്വ അജണ്ടയോടെയാണ്. നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക എന്ന സമീപനം തീര്‍ച്ചയായും അവര്‍ സ്വീകരിക്കാനിടയില്ല. പകരം രാജ്യത്ത് കൂടുതല്‍ മേഖലകളില്‍ മനുഷ്യരെ ജാതിയുടെ, മതത്തിന്റെ, നിറത്തിന്റെ ഒക്കെ പേരില്‍ ഭിന്നിപ്പിച്ചും ഭീഷണിപ്പെടുത്തിയും തന്നെയാണു അവര്‍ പണക്കൊഴുപ്പിന്റെ തിരഞ്ഞെടുപ്പ് മാമാങ്കത്തിനു അരങ്ങൊരുക്കുന്നത്.
പുതിയ നസ്രാണി സേവകര്‍ വീട്ടില്‍ ഒടുക്കത്തെ ബൊക്കെയുമായി വരുമ്പോള്‍,
എവിടെയാണു 100 സ്മാര്‍ട്ട് സിറ്റികള്‍..?
എവിടെയാണു 500 അമൃത് നഗരങ്ങള്‍..? എന്തുകൊണ്ടാണു സ്വച്ഛ് ഭാരതിലൂടെ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ കുറവു കക്കൂസുകള്‍ മാത്രം നിര്‍മ്മിച്ചത്..?
ആസൂത്രണ കമ്മീഷന് പിരിച്ച് വിട്ട് നീതി ആയോഗ് ഉണ്ടാക്കിയിട്ട് നിങ്ങള്‍ എന്ത് മാറ്റമാണു പദ്ധതി നടത്തിപ്പില്‍ ഉണ്ടാക്കിയിട്ടുള്ളത്..?
നീരവ് മോദി ഈ നാട് വിടുന്നതിനുമുന്‍പേ വിദേശത്ത് താങ്കളുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്തത് എങ്ങനെയാണ്?..
ബാങ്കുകള്‍ ജനങ്ങളെ ഊറ്റുന്നത് അറിയുന്നില്ലേ..?
വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുന്നത് അറിയുന്നില്ലേ..?
പ്രധാനമന്ത്രി ഉജ്വല്‍ യോജന വഴി എത്ര സ്ത്രീകള്‍ രണ്ടാമത്തെ പാചക സിലിണ്ടര്‍ വാങ്ങിച്ചു..?
ഗംഗാ ശുചീകരണം എന്തായി…?
മാധ്യമങ്ങളുടെ അല്ലെങ്കില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ ഭരണാധികാരികള്‍ക്ക് ധൈര്യം ഉണ്ടോ…..?
പ്രതിപക്ഷ പാര്‍ട്ടികളുടെ ചോദ്യത്തിന് എതിരെ കൊഞ്ഞനം കുത്തുക അല്ലെങ്കില്‍ അവര്‍ക്കെതിരെ മിമിക്രി കാട്ടുന്ന ഒരു പ്രധാനമന്ത്രി നാളിതുവരെ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടോ…..?
ഇന്നേവരെ രാജ്യത്തിന്റെ കരുതല്‍ ധനം എടുത്തു പുട്ടടിക്കാന്‍ റിസര്‍വ് ബാങ്കിനോട് ചോദിച്ച് നാണം കെട്ട ഒരു ഭരണാധിപന് നമുക്ക് ഉണ്ടായിട്ടുണ്ടോ…..?
ചോദ്യംചെയ്യുന്ന നട്ടെല്ലുള്ള പൗരന്മാര് വ്യാജകേസുകളില്‍ ജയിലറക്കുള്ളില്‍. പൗരാവകാശ ലംഘനം ഇത്രയ്ക്ക് വഷളായ കാലഘട്ടമുണ്ടായിട്ടുണ്ടോ?
നസ്രാണികള്‍ക്ക് മാത്രം സുരക്ഷിതത്വം ഉണ്ടാക്കുന്ന പണിയേറ്റവരല്ല, നസ്രായന്റെ പുരോഹിത മേലധ്യക്ഷന്മാര്.
ഗ്രഹാം സ്റ്റെയ്ന് മുതല്‍ സ്റ്റാന്‍ സ്വാമി വരെയുള്ളവരുടെ രക്തസാക്ഷിത്വമോര്ത്തും തകര്‍ക്കപ്പെട്ട നൂറുകണക്കിന് പള്ളികളെയോര്ത്തും മാനം നഷ്ടപ്പെട്ട സന്ന്യാസികളെ ഓര്‍ത്തും ഉറക്കം പോകേണ്ടവര്‍ അധികാരത്തിന്റെ ശീതള ഛായതേടുന്നതും വിചാരധാര അത്ര വിചാരപ്പെടാന്‍ വേണ്ടും ഗൗരവമുള്ളതല്ലെന്ന് ന്യായീകരിക്കുന്നതും കാണുമ്പോള്‍ ഗംഗ നേരിട്ട അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ മനോരോഗത്തിനോളം ഗുരുതരമായ അവസ്ഥയിലാണ് കുറച്ച് സഭാനേതാക്കള്‍ എന്ന് പറയേണ്ടി വരുന്നത് സങ്കടകരമാണ്.
(ചില വിവരങ്ങള്‍ക്ക് വിദ്യ ലേഖയോട് കടപ്പാട്)