ജഷ്പൂർ: ക്രൈസ്തവ മിഷനറിമാർക്കും മതനേതാക്കൾക്കും പ്രവേശനം നിഷേധിച്ച് ഛത്തീസ്ഗഢിലെ ജഷ്പൂർ ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകൾ. വൈദികർ, കന്യാസ്ത്രീകൾ, പാസ്റ്റർമാർ, മിഷനറിമാർ എന്നിവർക്ക് പ്രവേശനമില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ബോർഡുകളും ഗ്രാമങ്ങളുടെ അതിർത്തികളിൽ സ്ഥാപിച്ചിട്ടുണ്ട്.ഗോത്രവർഗക്കാർക്ക് ഭൂരിപക്ഷമുള്ള സഗോഡ, ചാഡിയ, ഡുമർടോളി, ടെംപൂർ പഞ്ചായത്തുകളാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്.
മതപരമായ പ്രവർത്തനങ്ങൾക്കായി ഗ്രാമങ്ങളിൽ പ്രവേശിക്കുന്നതിനാണ് നിയന്ത്രണമെന്നാണ് വിശദീകരണമെങ്കിലും ക്രൈസ്തവ മതനേതാക്കൾക്ക് പൊതുവിൽ പ്രവേശനം നിഷേധിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.നേരത്തെ ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിലെ അൻപതിലധികം ഗ്രാമപഞ്ചായത്തുകളിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ജഷ്പൂരിലും വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, തീരുമാനത്തിനു പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഗ്രാമങ്ങളിൽ പ്രവേശനവിലക്ക് പ്രഖ്യാപിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കുന്ന ചടങ്ങിൽ ബിജെപി എംഎൽഎ റെയ്മുനി ഭഗത് പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്.ഗ്രാമസഭകളുടെ തീരുമാനത്തിനെതിരെ ക്രൈസ്തവ ഗോത്രവർഗ പ്രതിനിധികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശങ്ങളുടെയും ലംഘനമാണ് ഇത്തരം നടപടികളെന്ന് അവർ ചൂണ്ടിക്കാട്ടി.
പെസ (PESA) നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനനിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് വിശദീകരണം. ഗോത്രവർഗ മേഖലകളിലെ ആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കാൻ ഗ്രാമസഭകൾക്ക് അധികാരം നൽകുന്നതാണ് ഈ നിയമം. എന്നാൽ മതനേതാക്കൾക്ക് പ്രവേശനം നിഷേധിക്കാൻ ഈ നിയമം അധികാരം നൽകുന്നുണ്ടോയെന്ന കാര്യത്തിൽ നിയമപരമായ ചോദ്യങ്ങളും ഉയരുന്നുണ്ട്. വിഷയത്തിൽ സംസ്ഥാന സർക്കാരോ ജില്ലാ ഭരണകൂടമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

