വത്തിക്കാൻ: മനുഷ്യന്റെ ബലഹീനതകളെയും പരിമിതികളെയും അംഗീകരിച്ച് ദൈവകൃപയിൽ ആശ്രയിക്കാനുള്ള ആഹ്വാനവുമായി 2027-ലെ വലിയ നോമ്പുകാല സന്ദേശത്തിന്റെ പ്രമേയം ലെയോ പതിനാലാമൻ പാപ്പ പ്രഖ്യാപിച്ചു. ‘നമുക്ക് ബലഹീനതയെ ആശ്ലേഷിക്കാം’ എന്നതാണ് ഈ വർഷത്തെ പ്രമേയം.വിശുദ്ധ പൗലോസ് ശ്ലീഹായുടെ രണ്ടാം കൊറിന്ത്യർ ലേഖനത്തിലെ ‘നിനക്കു എന്റെ കൃപ മതി; എന്തെന്നാൽ ബലഹീനതയിലാണ് എന്റെ ശക്തി പൂർണ്ണമായി പ്രകടമാകുന്നത്’ എന്ന വചനമാണ് പ്രമേയത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്.
പാപ്പയുടെ ചാക്രികലേഖനമായ ‘മാഗ്നിഫിക്ക ഹ്യൂമാനിത്താസ്’ 118 മുതൽ 126 വരെയുള്ള ഖണ്ഡികകളും ഇതിന് ആധാരമാണ്.നവംബർ 27-ന് സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയാണ് പ്രമേയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സ്വന്തം പരിമിതികളെ മറികടന്ന് എല്ലാറ്റിനെയും നിയന്ത്രിക്കാനും അനിശ്ചിതത്വങ്ങളെ പൂർണമായി ഇല്ലാതാക്കാനും ശ്രമിക്കുന്ന ആധുനിക മനുഷ്യന്റെ സമീപനത്തിന് വ്യത്യസ്തമായൊരു കാഴ്ചപ്പാട് നൽകുകയാണ് സന്ദേശത്തിന്റെ ലക്ഷ്യം.ബലഹീനതകളെ അംഗീകരിക്കുന്നത് നിരാശയോടെ പിൻവാങ്ങലല്ലെന്നും മറിച്ച് സ്വന്തം മനുഷ്യത്വത്തെ സംരക്ഷിച്ചുകൊണ്ട് ദൈവകൃപയ്ക്കായി ഹൃദയം തുറക്കുന്നതാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു. മനുഷ്യന്റെ പരിമിതികളെ തിരിച്ചറിയാനും മാനസാന്തരത്തിലൂടെ ദൈവത്തിലേക്ക് കൂടുതൽ അടുക്കാനുമുള്ള അവസരമായി വലിയ നോമ്പുകാലത്തെ മാറ്റണമെന്ന് സന്ദേശം ഓർമിപ്പിക്കുന്നു.

