കൊല്ലം: വിശപ്പനുഭവിക്കുന്നവർക്ക് ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം രൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പൊതിച്ചോറ് വിതരണം പതിനേഴാം വർഷത്തിലേക്ക്. കൊല്ലം രൂപത ജീവൻ സംരക്ഷണ സമിതി, ഹാൻഡ് 4 ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ്, വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാർഷികാഘോഷം തങ്കശ്ശേരി ബിഷപ്പ് ഹൗസിൽ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു.
ഭക്ഷണം പങ്കുവയ്ക്കാനുള്ള മനോഭാവം കുട്ടികളിൽ വളർത്തുന്നതിനൊപ്പം സമൂഹത്തിലെ പട്ടിണി യനുഭവിക്കുന്നവരെക്കുറിച്ചുള്ള കരുതലും ഉത്തരവാദിത്വബോധവും അവരിൽ സൃഷ്ടിക്കാൻ പൊതിച്ചോറ് വിതരണത്തിലൂടെ സാധിക്കുന്നുണ്ടെന്ന് ബിഷപ്പ് പറഞ്ഞു. ഭക്ഷണം പാഴാക്കരുതെന്ന സന്ദേശം പുതുതലമുറയ്ക്ക് പകർന്നുനൽകാനും ഈ പ്രവർത്തനം സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ വർഷത്തെ പൊതിച്ചോറ് വിതരണത്തിൽ തങ്കശ്ശേരി മൗണ്ട് കാർമൽ, ഇൻഫന്റ് ജീസസ്, ട്രിനിറ്റി ലൈസിയം, സെന്റ് അലോഷ്യസ്, ക്രിസ്തുരാജ്, വിമല ഹൃദയ എന്നീ സ്കൂളുകളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികളാണ് പങ്കാളികളാകുന്നത്.
കൊല്ലം രൂപത വികാരി ജനറൽ മോൺ. ഡോ. ബൈജു ജൂലിയൻ അധ്യക്ഷത വഹിച്ചു. രൂപത എപ്പിസ്കോപ്പൽ വികാരി ഫാ. ജോസ് സെബാസ്റ്റ്യൻ, പി.ആർ.ഒ ഫാ. ലാസർ എസ്. പട്ടകടവ്, പ്രോക്യൂറേറ്റർ ഫാ. ജോളി എബ്രഹാം, ബിഷപ്പ് ബെൻസിഗർ ആശുപത്രി ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശ്ശേരി, ജീവൻ സംരക്ഷണ സമിതി ജനറൽ കോർഡിനേറ്റർ ജോർജ് എഫ്. സേവ്യർ വലിയവീട്, നടൻ കെ.പി.എ.സി. ലീലാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.ജീവൻ സംരക്ഷണ സമിതി വൈസ് ചെയർമാൻ ജയിൻ ആൻസിൽ ഫ്രാൻസിസ്, വി കെയർ പാലിയേറ്റീവ് ട്രഷറർ ബെറ്റ്സി എഡിസൺ, വൈസ് ചെയർമാൻ ഇഗ്നേഷ്യസ് വിക്ടർ, ചീഫ് കോർഡിനേറ്റർ ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, വിദ്യാഭ്യാസ വിഭാഗം ചെയർമാൻ ഡോ. വിൽസൺ ഏലിയാസ്, കായിക വിഭാഗം ചെയർമാൻ റിട്ട. എസ്.ഐ. ഷാനവാസ്, റോഡ് സേഫ്റ്റി വിഭാഗം ചെയർമാൻ റിട്ട. ഡെപ്യൂട്ടി കമാൻഡന്റ് കെ. ചന്ദ്രൻ, ആഷിഷ് വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു.

