സാൻ ഹുവാൻ: മിസ് യൂണിവേഴ്സ് 2025 കിരീടം ചൂടിയ മെക്സിക്കൻ സുന്ദരി ഫാത്തിമ ബോഷ്, തന്റെ കിരീടധാരണ കാലാവധി അവസാനിക്കുന്ന ചടങ്ങിൽ ‘വിവ ക്രിസ്റ്റോ റേ’ (ക്രിസ്തു രാജൻ നീണാൾ വാഴട്ടെ) എന്ന സന്ദേശമെഴുതിയ വെള്ള നിറത്തിലുള്ള സാഷ് ഉയർത്തിക്കാട്ടി.
നവംബർ 24-ന് പ്യൂർട്ടോ റിക്കോയിലെ സാൻ ഹുവാനിൽ നടന്ന മിസ് യൂണിവേഴ്സ് കിരീട കൈമാറ്റച്ചടങ്ങിലായിരുന്നു ഈ ശ്രദ്ധേയമായ സംഭവം. പ്യൂർട്ടോ റിക്കോയെ പ്രതിനിധീകരിച്ച ജെന്നിഫർ ബാരെറ്റോയ്ക്കാണ് ഫാത്തിമ ബോഷ് കിരീടം കൈമാറിയത്. മിസ് യൂണിവേഴ്സ് മത്സരത്തിന്റെ 75-ാമത് പതിപ്പിൽ കിരീടം നേടുന്ന ആദ്യ അമ്മ എന്ന ചരിത്രനേട്ടവും ജെന്നിഫർ സ്വന്തമാക്കി.‘ക്രിസ്തു രാജൻ നീണാൾ വാഴട്ടെ’ എന്ന സന്ദേശമെഴുതിയ വെള്ള സാഷ് ഉയർത്തിപ്പിടിച്ച ഫാത്തിമയുടെ ചിത്രങ്ങൾ മിസ് യൂണിവേഴ്സിന്റെയും ഫാത്തിമ ബോഷിന്റെയും ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ പങ്കുവച്ചതോടെ ശ്രദ്ധേയമായി.
തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുന്നത് ഫാത്തിമയ്ക്ക് ഇതാദ്യമല്ല. 2025 നവംബറിൽ തായ്ലൻഡിൽ നടന്ന മത്സരത്തിൽ മിസ് യൂണിവേഴ്സ് കിരീടം നേടിയപ്പോഴും വിജയത്തിന് ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് അവർ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചിരുന്നു. അന്നും ‘വിവ ക്രിസ്റ്റോ റേ’ എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.
1920-കളിൽ മെക്സിക്കോയിൽ കത്തോലിക്കർക്കെതിരെ നടന്ന മതപീഡനകാലത്ത് വിശ്വാസികളുടെ പോരാട്ടമുദ്രാവാക്യമായിരുന്നു ‘വിവ ക്രിസ്റ്റോ റേ’. 1926 മുതൽ 1929 വരെ നീണ്ടുനിന്ന ക്രിസ്റ്റേറോ യുദ്ധം അഥവാ ‘ക്രിസ്റ്റിയാദ’ എന്നറിയപ്പെടുന്ന പോരാട്ടത്തിൽ ഈ മുദ്രാവാക്യം നിർണായകമായിരുന്നു.

