കോട്ടയം: കേരളത്തിൽ മുതിർന്ന പൗരന്മാരുടെ ഒറ്റപ്പെടൽ ഒഴിവാക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി വിദ്യാർത്ഥികളെക്കൂടി പങ്കാളികളാക്കി വിപുലമായ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അയൽപക്കങ്ങളിലെ വയോജനങ്ങളുടെ ആരോഗ്യവും ക്ഷേമവും അന്വേഷിച്ച് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മാന്നാനം സെന്റ് ജോസഫ് ആശ്രമ ദേവാലയ അങ്കണത്തിൽ വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസിന്റെ വിശുദ്ധപദ പ്രഖ്യാപനത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷവും സി.എം.ഐ സഭയുടെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന സ്നേഹഭവനങ്ങളുടെ നിർമാണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘സഹാനുഭൂതിയോടുകൂടിയ സദ്ഭരണം’ എന്നതാണ് സർക്കാരിന്റെ ഭരണനയമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പും അവകാശസംരക്ഷണ നിയമവും കേരളത്തിൽ നടപ്പാക്കിയിട്ടുണ്ട്.
വയോജനങ്ങൾ ഭക്ഷണവും മരുന്നും കൃത്യമായി കഴിക്കുന്നുണ്ടോ, അവർക്ക് വൈദ്യസഹായമോ പാലിയേറ്റീവ് പരിചരണമോ ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കാൻ പുതുതലമുറ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മുതിർന്ന പൗരന്മാരോട് ഒരു സമൂഹം പുലർത്തുന്ന സമീപനമാണ് ആ സമൂഹത്തിന്റെ സംസ്കാരത്തിന്റെ അളവുകോലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഡിസംബർ മൂന്നിന് ആചരിക്കുന്ന അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്, ഡിസംബർ രണ്ടിന് രാജ്യത്തിന് മാതൃകയാകുന്ന വിപുലമായ പദ്ധതി സർക്കാർ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.വിദ്യാഭ്യാസരംഗത്ത് സാമൂഹികനീതി ഉറപ്പാക്കുന്നതിൽ വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസ് നൽകിയ സംഭാവനകളെയും മുഖ്യമന്ത്രി അനുസ്മരിച്ചു. സവർണ മേധാവിത്വം നിലനിന്നിരുന്ന കാലത്ത് പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കാനും ‘പള്ളിയോടൊപ്പം പള്ളിക്കൂടം’ എന്ന ആശയം പ്രാവർത്തികമാക്കാനും ചാവറ പിതാവിന് സാധിച്ചു. 1869-ൽ കൈനകരിയിൽ കേരളത്തിലെ ആദ്യത്തെ അനാഥമന്ദിരമായ ‘ഉപവിശാല’ സ്ഥാപിച്ചതും ദരിദ്രർക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി ‘പിടിയരി’ സമ്പ്രദായം ആരംഭിച്ചതും അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

