വത്തിക്കാൻ സിറ്റി: ആയുധമത്സരം മനുഷ്യരാശിക്കു മുന്നിലുള്ള ഏറ്റവും വലിയ ചതിക്കുഴിയാണെന്നും ആയുധശേഖരണത്തിനായി നടത്തുന്ന അനിയന്ത്രിത നിക്ഷേപങ്ങൾ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് ദരിദ്രരെയാണെന്നും ലെയോ പതിനാലാമൻ പാപ്പ. നവംബർ 25-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന പ്രതിവാര പൊതുകൂടിക്കാഴ്ചയിൽ തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അജപാലന ഭരണഘടനയായ ‘ഗൗദിയം എത് സ്പെസ്’ അഞ്ചാം അധ്യായത്തെ ആസ്പദമാക്കിയായിരുന്നു പാപ്പയുടെ പ്രഭാഷണം. 1965 ഡിസംബർ ഏഴിന് വിശുദ്ധ പോൾ ആറാമൻ പാപ്പ പുറപ്പെടുവിച്ച ഈ രേഖ ഉദ്ധരിച്ചുകൊണ്ട്, ആയുധമത്സരം ദരിദ്രരെ അസഹനീയമായ ദുരിതത്തിലേക്കാണ് തള്ളിവിടുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഈ മത്സരം തുടർന്നാൽ ലോകത്തെ ഭയാനകമായ സർവനാശത്തിലേക്ക് നയിക്കുമെന്ന കൗൺസിലിന്റെ മുന്നറിയിപ്പും ലെയോ പാപ്പ ആവർത്തിച്ചു.
ഇന്നത്തെ സാഹചര്യത്തിൽ ഈ മുന്നറിയിപ്പിന് പ്രവചനസ്വഭാവവും അടിയന്തര പ്രാധാന്യവുമുണ്ടെന്ന് പാപ്പ പറഞ്ഞു. യുദ്ധങ്ങളിൽ കൊല്ലപ്പെടുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്യുന്ന കുട്ടികളുടെയും തകർന്നടിയുന്ന കുടുംബങ്ങളുടെയും ദുരിതമനുഭവിക്കുന്ന ജനങ്ങളുടെയും നിലവിളിയാണ് ലോകനേതാക്കൾക്കു മുന്നിലുള്ള ഈ മുന്നറിയിപ്പെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതികവിദ്യയിലുണ്ടായ പുരോഗതി ആധുനിക യുദ്ധങ്ങളുടെ സ്വഭാവത്തെ മാറ്റിമറിച്ചിട്ടുണ്ടെന്നും തന്റെ ആദ്യ ചാക്രികലേഖനമായ ‘ദിലെക്സി തേ’ (Dilexi Te) പരാമർശിച്ചുകൊണ്ട് പാപ്പ മുന്നറിയിപ്പ് നൽകി. സമാധാനത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും സഹകരണത്തിലും സംവാദത്തിലും അധിഷ്ഠിതമായ ആഗോള രാഷ്ട്രീയ-സാമ്പത്തിക ക്രമം കെട്ടിപ്പടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

