ന്യൂഡൽഹി: അരുണാചൽ പ്രദേശ് മതസ്വാതന്ത്ര്യ നിയമം 1978 (Freedom of Religion Act) പിൻവലിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നിവേദനം നൽകി . നിർദിഷ്ട വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ 2026-ൽ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശക്തമായ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നും ഫോറം ആവശ്യപ്പെട്ടു.
നാല് പതിറ്റാണ്ടിലേറെയായി ഫലപ്രദമായി നടപ്പാക്കാത്ത അരുണാചൽ പ്രദേശിലെ നിയമം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെടണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. നിയമം പിൻവലിക്കുന്നതിൽ തീരുമാനമുണ്ടാകുന്നതുവരെ ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുകയോ നടപ്പാക്കുകയോ ചെയ്യരുതെന്നും ഫോറം ആവശ്യപ്പെട്ടു. വിവിധ മതവിശ്വാസങ്ങൾക്കിടയിലും അരുണാചൽ പ്രദേശിലെ തദ്ദേശീയ സമൂഹങ്ങൾ പരമ്പരാഗതമായി സമാധാനപരമായ സഹവർത്തിത്വമാണ് പുലർത്തിവരുന്നതെന്ന് യുസിഎഫിന്റെ വടക്കുകിഴക്കൻ മേഖലയിലെ വക്താവ് ടോക്കോ ടെക്കി പറഞ്ഞു.
വ്യത്യസ്ത മതവിശ്വാസികൾ ഒരേ കുടുംബങ്ങളിലും സമൂഹങ്ങളിലും ഒരുമിച്ചു കഴിയുന്ന സാഹചര്യമാണ് അവിടെയുള്ളത്. മതപരമായ വ്യത്യാസങ്ങളേക്കാൾ സാംസ്കാരികവും സാമൂഹികവുമായ ബന്ധങ്ങൾക്കാണ് അവർ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീഷണിപ്പെടുത്തൽ, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഭാരതീയ ന്യായ സംഹിത 2023-ൽ വ്യവസ്ഥകളുണ്ടെന്ന് ടെക്കി പറഞ്ഞു. മതസ്വാതന്ത്ര്യവും മനഃസാക്ഷിയുടെ സ്വാതന്ത്ര്യവും മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും ഉറപ്പുനൽകുന്ന ഭരണഘടനയുടെ 25-ാം അനുച്ഛേദവും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർദിഷ്ട വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതിയിലെ (എഫ്സിആർഎ) ചില വ്യവസ്ഥകൾ മതന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കാതെ ഭരണകൂടത്തിന് വിപുലമായ വിവേചനാധികാരം നൽകുമെന്ന ആശങ്കയും ഫോറം പ്രകടിപ്പിച്ചു. ദേവാലയങ്ങളുടെ സ്വത്തുക്കൾക്കും സ്കൂളുകൾ, ആശുപത്രികൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ എന്നിവയുടെ ആസ്തികൾക്കും വ്യക്തമായ സംരക്ഷണം ഉറപ്പാക്കണമെന്നും ഫലപ്രദമായ അപ്പീൽ സംവിധാനമുണ്ടാകണമെന്നും ആവശ്യപ്പെട്ടു.
ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടതിനെ സ്വാഗതം ചെയ്ത ഫോറം, ബിൽ അന്തിമമാക്കുന്നതിനു മുമ്പ് ക്രൈസ്തവ സംഘടനകളുമായും മറ്റു മതന്യൂനപക്ഷ സ്ഥാപനങ്ങളുമായും കൂടിയാലോചന നടത്തണമെന്നും ആവശ്യപ്പെട്ടു.പ്രാർഥനാ യോഗങ്ങൾക്കും മതപരമായ സമ്മേളനങ്ങൾക്കും നേരെ ഭീഷണികളും അറസ്റ്റുകളും തടസപ്പെടുത്തലുകളും ഉണ്ടാകുന്നതായുള്ള പരാതികളും നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്. മതപരിവർത്തനം നിയന്ത്രിക്കുന്ന നിയമങ്ങൾ ഭരണഘടനാപരമായ ഉറപ്പുകൾക്ക് അനുസൃതമായി മാത്രമേ നടപ്പാക്കാവൂ എന്നും മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിടാൻ ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം നിർദേശം നൽകണമെന്ന് ഫോറം ആവശ്യപ്പെട്ടു.
രാജ്യത്തുടനീളമുള്ള മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചന നടത്തണമെന്നും ടെക്കി ആവശ്യപ്പെട്ടു. ഇത്തരം നിയമങ്ങളുടെ ദുരുപയോഗം മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയും ന്യൂനപക്ഷ സമൂഹങ്ങളെ പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഒരു സമൂഹത്തിനും പ്രത്യേക ആനുകൂല്യങ്ങൾ ആവശ്യപ്പെടുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും എല്ലാ പൗരന്മാർക്കും തുല്യമായ അന്തസും മതസ്വാതന്ത്ര്യവും ഭരണഘടനാപരമായ സംരക്ഷണവും ഉറപ്പാക്കണമെന്നതാണ് ആവശ്യമെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം വ്യക്തമാക്കി.

