പ്രണയത്തിന്റെ സ്വകാര്യതയുംചരിത്രത്തിന്റെ പൊതുജീവിതവും
സോണിയാ ഗാന്ധിയുടെ പുസ്തകത്തെ ഒരു പ്രണയസ്മരണയായോ ഒരു രാഷ്ട്രീയ നേതാവിന്റെ അനുഭവക്കുറിപ്പായോ മാത്രം വായിക്കാനാവില്ല. അധികാരത്തിന്റെ ഏറ്റവും സുരക്ഷിതമെന്നു തോന്നുന്ന ഇടങ്ങളില്‍പ്പോലും അരക്ഷിതാവസ്ഥ എങ്ങനെ മനുഷ്യനെ പിന്തുടരുന്നു എന്നതിന്റെ രേഖ കൂടിയാണിത്. ചരിത്രത്തിന്റെ വെളിച്ചത്തില്‍ നില്‍ക്കുമ്പോഴും വ്യക്തിജീവിതത്തിന്റെ ഇരുട്ടും ഏകാന്തതയും മറച്ചുവയ്ക്കാനാവില്ലെന്ന് സോണിയയുടെ ഓര്‍മകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

പുസ്തകത്തിന്റെ ആദ്യകാല അധ്യായങ്ങളാണ് അതിന്റെ ഏറ്റവും ഹൃദ്യമായ ഭാഗങ്ങളിലൊന്ന്. യുദ്ധാനന്തര ഇറ്റലിയിലെ ബാല്യകാലം, കേംബ്രിഡ്ജില്‍വച്ച് രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയ നിമിഷങ്ങള്‍, പ്രണയത്തിന്റെ വളര്‍ച്ച, ഇന്ത്യയിലേക്കുള്ള വരവ്, പുതിയൊരു സംസ്കാരവുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങള്‍… ഇവയെല്ലാം ഒരു വിദേശവനിതയുടെ വൈകാരികമായ ജീവിതാനുഭവങ്ങളായാണ് അവതരിപ്പിക്കപ്പെടുന്നത്. അപരിചിതമായ ഭാഷയും ഭക്ഷണവും വസ്ത്രധാരണവും ആചാരങ്ങളും നിറഞ്ഞ ഒരു ലോകത്ത് ക്രമേണ സ്വന്തം ഇടം കണ്ടെത്തുന്ന സ്ത്രീയുടെ അനുഭവങ്ങള്‍ക്ക് ഇവിടെ പ്രത്യേക ആകര്‍ഷണമുണ്ട്.രാജീവ് ഗാന്ധിയുമായുള്ള ബന്ധമാണ് പുസ്തകത്തിന്റെ വൈകാരികമായ കേന്ദ്രബിന്ദു. അദ്ദേഹത്തോടുള്ള പ്രണയവും ആദരവും സോണിയയുടെ ഓര്‍മകളില്‍ നിറഞ്ഞുനില്ക്കുന്നു. രാജീവ് ഒരു രാഷ്ട്രീയ നേതാവായി രൂപപ്പെടുന്നതിനുമുമ്പുള്ള കുടുംബനാഥനും ഭര്‍ത്താവുമായ മനുഷ്യനെ വായനക്കാരനു പരിചയപ്പെടുത്താനുള്ള ശ്രമം ഈ രചനയിലുണ്ട്. രാഷ്ട്രീയത്തിന്റെ തിരക്കുകള്‍ക്കിടയിലും കുടുംബജീവിതത്തിന്റെ നിശ്ശബ്ദമായ സന്തോഷങ്ങള്‍ അവര്‍ ഓര്‍ത്തെടുക്കുന്നു. മക്കളായ രാഹുലും പ്രിയങ്കയും കുടുംബത്തിന്റെ വൈകാരിക ലോകത്തെ പൂര്‍ണമാക്കുന്നു.
ഇന്ദിരാഗാന്ധിയുമായുള്ള ബന്ധവും ഈ ഓര്‍മപ്പുസ്തകത്തിന്റെ പ്രധാനപ്പെട്ടൊരു അടരാണ്. പ്രധാനമന്ത്രിയെന്ന നിലയില്‍ ലോകം കണ്ട കരുത്തുറ്റ രാഷ്ട്രീയവ്യക്തിത്വത്തിനപ്പുറം, കുടുംബത്തില്‍ സ്നേഹവും കരുതലും പങ്കുവച്ചിരുന്ന ഒരു സ്ത്രീയെ സോണിയ അവതരിപ്പിക്കുന്നു. അധികാരത്തിന്റെ ഔദ്യോഗിക പരിവേഷമില്ലാത്ത ഇന്ദിരയെ അടുത്തറിയാനുള്ള അവസരമാണ് ഈ ഓര്‍മകള്‍ നല്‍കുന്നത്. അതേസമയം, അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പൊതുസങ്കല്പ്പങ്ങള്ക്കപ്പുറം പരസ്പര ബഹുമാനവും അടുപ്പവും നിറഞ്ഞൊരു കുടുംബബന്ധത്തിന്റെ ചിത്രവും ഇതിലുണ്ട്.എന്നാല്‍, ഈ കുടുംബജീവിതത്തിലേക്ക് ദുരന്തങ്ങള്‍ നിരന്തരം കടന്നുവന്നുകൊണ്ടിരുന്നു. സഞ്ജയ് ഗാന്ധിയുടെ അകാലമരണം, ഇന്ദിരാഗാന്ധിയുടെ വധം, രാജീവ് ഗാന്ധിയുടെ രാഷ്ട്രീയപ്രവേശം, ഒടുവില്‍ അദ്ദേഹത്തിന്റെ കൊലപാതകം. ഓരോ ദുരന്തവും വ്യക്തിജീവിതത്തിന്റെ അടിത്തറ ഇളക്കുന്നതായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ നിര്‍ണായക സംഭവങ്ങള്‍ സോണിയയുടെ ജീവിതത്തില്‍ വ്യക്തിപരമായ മുറിവുകളായി മാറി.1991 മേയ് 21-ലെ രാജീവ് ഗാന്ധിയുടെ വധത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പുസ്തകത്തിലെ ഏറ്റവും ഹൃദയഭേദകമായ ഭാഗങ്ങളിലൊന്നാണ്. അന്ന് ശ്രീപെരുംപുത്തൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാജീവിനൊപ്പം പോകേണ്ടിയിരുന്നെങ്കിലും ക്ഷീണം കാരണം യാത്ര ഒഴിവാക്കിയതിന്റെ കുറ്റബോധം ഇന്നും അവരെ വേട്ടയാടുന്നു.
ഭര്‍ത്താവിന്റെ മരണവാര്‍ത്ത മകള്‍ പ്രിയങ്കയില്‍നിന്ന് അറിഞ്ഞ നിമിഷം ലോകം തകര്‍ന്നുപോയ അനുഭവവും തുടര്‍ന്ന് രാഹുലും പ്രിയങ്കയും തനിക്ക് താങ്ങായി മാറിയതും അവര്‍ ഓര്‍ത്തെടുക്കുന്നു. അധികാരത്തിന്റെ ഇടനാഴികളില്‍ സഞ്ചരിച്ചിരുന്ന ഒരു സ്ത്രീ പെട്ടെന്ന് ജീവിതത്തിന്റെ ഏറ്റവും നിസ്സഹായമായ അവസ്ഥയിലേക്ക് തള്ളപ്പെടുന്നതിന്റെ ചിത്രം കൂടിയാണിത്.ഇവിടെയാണ ‘ബിലോങ്ങിങ്’ എന്ന ശീര്‍ഷകത്തിന്റെ അര്‍ഥതലങ്ങള്‍ വികസിക്കുന്നത്. ഒരു രാജ്യത്തോടും കുടുംബത്തോടും സംസ്കാരത്തോടും വൈകാരികമായി ചേര്ന്നുനില്ക്കുക എന്നതിലുപരി, അവയിലൊന്നിന്റെ ഭാഗമായിത്തീരാന്‍ ഒരാള്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളും ത്യാഗങ്ങളും ഈ ശീര്‍ഷകം ഓര്‍മിപ്പിക്കുന്നു. ഇറ്റലിയില്‍ ജനിച്ച സോണിയ ഇന്ത്യയെ സ്വന്തം നാടായി സ്വീകരിച്ചതിന്റെ ചരിത്രമാണിത്. രാജീവിന്റെ മരണശേഷം സുരക്ഷാഭീതിയെത്തുടര്‍ന്ന് ഇറ്റലിയിലേക്ക് മടങ്ങാനുള്ള സ്വന്തം കുടുംബത്തിന്റെ ക്ഷണം നിരസിച്ചതും ഇന്ത്യയില്‍ത്തന്നെ തുടരാന്‍ തീരുമാനിച്ചതും ഈ വൈകാരികമായ ചേര്ന്നുനില്ക്കലിന്റെ പ്രകടനമാണ്.
ഓര്‍മകളുടെ ആഖ്യാനശൈലി:ആത്മകഥയോ രാഷ്ട്രീയ വിശദീകരണമോ?
ഒരു ആത്മകഥയുടെ ഏറ്റവും വലിയ ശക്തി അതിന്റെ വസ്തുതകളുടെ സമാഹാരത്തിലല്ല; മറിച്ച് ആ വസ്തുതകളിലൂടെ സ്വയം എത്രത്തോളം വെളിപ്പെടുത്താന്‍ എഴുത്തുകാരന് കഴിയുന്നു എന്നതിലാണ്. ഈ നിലയില്‍ സോണിയ ഗാന്ധിയുടെ പുസ്തകത്തിന് ശ്രദ്ധേയമായ സവിശേഷതകളുണ്ട്.കാലക്രമത്തിലുള്ള സംഭവവിവരണവും വ്യക്തിബന്ധങ്ങളെ കേന്ദ്രീകരിച്ചുള്ള ഓര്‍മപ്പെടുത്തലും സമന്വയിപ്പിക്കുന്ന രീതിയാണ് ഇതിന്റെ ആഖ്യാനത്തിന്റെ അടിസ്ഥാനം. രാഷ്ട്രീയ സംഭവങ്ങള്‍ വരുമ്പോഴും അവയെ കേവലം ചരിത്രവിവരണങ്ങളാക്കി മാറ്റാതെ സ്വന്തം അനുഭവങ്ങളുമായി ബന്ധിപ്പിക്കാനാണ് സോണിയ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ പുസ്തകത്തില്‍ സ്വകാര്യജീവിതവും പൊതുജീവിതവും രണ്ടു വ്യത്യസ്ത ധാരകളായി ഒഴുകുന്നില്ല. അവ പരസ്പരം മുറിച്ചുകടന്ന് മുന്നോട്ടുപോകുന്നു.ഭാഷയിലും ആഖ്യാനത്തിലും വൈകാരികമായ അടുപ്പമുണ്ട്. വലിയ രാഷ്ട്രീയ സംഭവങ്ങള്‍ക്കിടയില്‍ ചെറിയ കുടുംബസ്മരണകള് കടന്നുവരുന്നു. ചരിത്രത്തിന്റെ ഗൗരവത്തിനിടയില്‍ വ്യക്തിപരമായ ദുഃഖവും നിസ്സഹായതയും ഇടംപിടിക്കുന്നു. ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യയും അമ്മയും എന്ന നിലയിലുള്ള അനുഭവങ്ങള്‍ക്കൊപ്പം, സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം പലപ്പോഴും സാഹചര്യങ്ങള്‍ക്ക് വിട്ടുകൊടുക്കേണ്ടിവന്ന സ്ത്രീയുടെ ആത്മസംഘര്‍ഷങ്ങളും തെളിഞ്ഞുവരുന്നു.എന്നാല്‍, ഇതൊരു പരമ്പരാഗത സാഹിത്യാത്മക ആത്മകഥയുടെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളുന്ന രചനയാണെന്ന് പറയാനാവില്ല. വ്യക്തിത്വത്തിന്റെ ആഴങ്ങളിലേക്കുള്ള നിരന്തരമായ ആത്മപരിശോധനയേക്കാള് സംഭവങ്ങളുടെയും ബന്ധങ്ങളുടെയും ഓര്‍മപ്പെടുത്തലിനാണ് ഇവിടെ പ്രാധാന്യം. സ്വന്തം രാഷ്ട്രീയനിലപാടുകളെ രൂപപ്പെടുത്തിയ ആശയപരമായ അനുഭവങ്ങള്‍, അധികാരത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ആത്മവിമര്‍ശനം, ചരിത്രത്തിലെ സ്വന്തം പങ്കിനെക്കുറിച്ചുള്ള സൂക്ഷ്മമായ വിചിന്തനം എന്നിവയ്ക്ക് കൂടുതല്‍ ഇടം നല്കിയിരുന്നെങ്കില് ആത്മകഥ എന്ന നിലയില്‍ കൃതി കൂടുതല്‍ സമ്പന്നമാകുമായിരുന്നു.ആത്മകഥയില്‍ ഓര്‍മകള്‍ മാത്രമല്ല, ഓര്‍മകളെ വിലയിരുത്താനുള്ള ധൈര്യവും ആവശ്യമാണ്. താന്‍ ജീവിച്ച കാലത്തെക്കുറിച്ച് മാത്രമല്ല, ആ കാലത്ത് താന്‍ എടുത്ത നിലപാടുകളെക്കുറിച്ചും കൈക്കൊണ്ട മൗനങ്ങളെക്കുറിച്ചും എഴുത്തുകാരന് ആത്മപരിശോധന നടത്തുമ്പോഴാണ് ആത്മകഥയ്ക്ക് ചരിത്രപരമായ ആഴം കൈവരുന്നത്. ഈ അര്‍ഥത്തില്‍ സോണിയയുടെ രചനയ്ക്ക് പരിമിതികളുണ്ട്.
രാഷ്ട്രീയത്തിന്റെ കണ്ണാടിയില്‍ കാണുന്ന കുടുംബം
സോണിയയുടെ ഓര്‍മകള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നത് രാഷ്ട്രീയചരിത്രത്തിലേക്ക് പ്രവേശിക്കുമ്പോഴാണ്. 1975-ലെ അടിയന്തരാവസ്ഥയെ ഒരു തെറ്റായ തീരുമാനമായി അവര്‍ അംഗീകരിക്കുന്നുണ്ട്. അന്നത്തെ അതിക്രമങ്ങളെക്കുറിച്ച് രാജീവും സഞ്ജയും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളും ഇന്ദിരാഗാന്ധിയെ രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ രാജീവ് ഉപദേശിച്ചിരുന്നതുമെല്ലാം അവര്‍ ഓര്‍ത്തെടുക്കുന്നു. അധികാരത്തിന്റെ അകത്തളങ്ങളില്‍ നടന്നിരുന്ന സംഭാഷണങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന ഈ വിവരണങ്ങള്‍ക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്.2004-ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ പ്രധാനമന്ത്രി പദം നിരസിച്ച സംഭവവും പുസ്തകത്തിലെ ശ്രദ്ധേയമായ രാഷ്ട്രീയ അധ്യായമാണ്. മക്കളായ രാഹുലിന്റെയും പ്രിയങ്കയുടെയും എതിര്‍പ്പും കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും മനസ്സാക്ഷിയുടെ ശബ്ദവും ആ തീരുമാനത്തെ സ്വാധീനിച്ചുവെന്നാണ് സോണിയയുടെ വിശദീകരണം. ഒരുഘട്ടത്തില്‍ പ്രധാനമന്ത്രി പദം സ്വീകരിക്കാന്‍ സമ്മതിച്ചിട്ടും പിന്നീട് സ്വയം പിന്മാറിയതായുള്ള വെളിപ്പെടുത്തല്‍ ഈ തീരുമാനത്തിന്റെ പിന്നിലെ മാനസിക സംഘര്‍ഷങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഡോ. മന്മോഹന് സിങ്ങിനെ പ്രധാനമന്ത്രിയായി നിര്‍ദേശിച്ചതിന്റെ കാരണങ്ങളും അവര്‍ വിശദീകരിക്കുന്നു.
എന്നാല്‍, രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചുള്ള സോണിയയുടെ വിവരണങ്ങളില്‍ വിമര്‍ശനാത്മകമായ അകലം എല്ലായിടത്തും ഒരുപോലെ പാലിക്കപ്പെടുന്നില്ല. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ 1984-ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇതിന് ഉദാഹരണമാണ്. അന്നത്തെ ദുരന്തത്തിന്റെ തീവ്രതയും രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് നിയമവാഴ്ച തകര്‍ന്നതിന്റെ ഉത്തരവാദിത്വവും സംബന്ധിച്ച് അവര്‍ നടത്തുന്ന ഏറ്റുപറച്ചിലുകള്‍ക്ക് പ്രാധാന്യമുണ്ട്. തന്റെ വ്യക്തിപരമായ ദുഃഖം കാരണം കലാപത്തിന്റെ വ്യാപ്തി അന്ന് വേണ്ടവിധം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന ആത്മപരിശോധനയും ശ്രദ്ധേയമാണ്.എന്നാല്‍, രാജീവിന്റെ അന്നത്തെ വിവാദപരമായ പ്രസ്താവനകളും കലാപത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വവും സംബന്ധിച്ച് കൂടുതല്‍ ആഴത്തിലുള്ള വിശകലനം പ്രതീക്ഷിക്കുന്ന വായനക്കാരന് നിരാശയുണ്ടാകാം. ബാബ്റി മസ്ജിദുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിലും രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ സമീപനങ്ങളെക്കുറിച്ചുള്ള വിമര്‍ശനാത്മകമായ വിശദീകരണം പരിമിതമാണ്. ബൊഫോഴ്സ് വിവാദത്തെക്കുറിച്ചും ആരോപണങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കാതെ ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന വിമര്‍ശനമുണ്ട്.
ഇവിടെയാണ് ഒരു ആത്മകഥയുടെ സത്യസന്ധതയെക്കുറിച്ചുള്ള ചോദ്യം പ്രസക്തമാകുന്നത്. എഴുത്തുകാരന് സ്വന്തം ജീവിതത്തെ അവതരിപ്പിക്കുമ്പോള്‍ തനിക്ക് പ്രിയപ്പെട്ടവരെ സംരക്ഷിക്കാനുള്ള സ്വാഭാവികമായ പ്രവണതയുണ്ടാകാം. എന്നാല്‍, വ്യക്തിബന്ധങ്ങളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക് കടന്ന് ചരിത്രത്തെ വിലയിരുത്താനുള്ള സന്നദ്ധതയും ആത്മകഥ ആവശ്യപ്പെടുന്നുണ്ട്. സോണിയയുടെ രചനയില്‍ ചിലയിടങ്ങളില്‍ ഈ രണ്ടാമത്തെ ഗുണം വേണ്ടത്ര ശക്തമാകുന്നില്ല.അതേസമയം, കോണ്‍ഗ്രസിനുള്ളിലെ രാഷ്ട്രീയ ഭിന്നതകളെക്കുറിച്ചും ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തെ നേരിടുന്നതില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും അവര്‍ തുറന്നുപറയുന്നുണ്ട്. മതേതരത്വത്തില്‍ ഉറച്ചുനിന്ന് പ്രത്യയശാസ്ത്രപരമായ പോരാട്ടം തുടരണമെന്ന നിലപാടും അതിനോട് വിയോജിച്ചിരുന്ന പാര്‍ട്ടിയിലെ ഒരു വിഭാഗവും സംബന്ധിച്ച പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിന്റെ സമീപകാല രാഷ്ട്രീയചരിത്രം മനസ്സിലാക്കാന്‍ സഹായിക്കുന്നു.
ഓര്‍മകളുടെ വിശ്വാസ്യതയുംവസ്തുതകളുടെ പരിശോധനയും
പുസ്തകം പുറത്തിറങ്ങിയതിനു പിന്നാലെ ഏറ്റവുമധികം ചര്‍ച്ചയായത് അതിലെ ചരിത്രപരവും വസ്തുതാപരവുമായ പിശകുകളാണ്. ഇന്ത്യ ടുഡേ നടത്തിയ പരിശോധനയില്‍ 55-ഓളം വസ്തുതാപരവും സന്ദര്ഭപരവുമായ അപാകതകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ് രൂപീകരിച്ച വര്‍ഷം 1921 എന്നു രേഖപ്പെടുത്തിയതും അഹമ്മദ് പട്ടേലിന്റെ മരണവര്ഷം തെറ്റായി നല്കിയതും ഗുജറാത്തിന്റെ തലസ്ഥാനമായി അഹമ്മദാബാദിനെ വിശേഷിപ്പിച്ചതും ഉദാഹരണങ്ങളാണ്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ സീറ്റുകളുടെ എണ്ണത്തിലും കാര്‍ഗില്‍ യുദ്ധത്തിന്റെ കാലദൈര്‍ഘ്യത്തിലും തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. രാജ്യസഭാംഗങ്ങളെല്ലാം നാമനിര്‍ദേശം ചെയ്യപ്പെടുന്നവരാണെന്ന തരത്തിലുള്ള പരാമര്‍ശവും ശ്രദ്ധേയമായ അപാകതയാണ്.ആത്മകഥകളില്‍ ഓര്‍മപ്പിശകുകള്‍ സ്വാഭാവികമാണ്. ആറു പതിറ്റാണ്ടിലേറെ നീളുന്ന ജീവിതത്തിലെ ഓരോ സംഭവവും കൃത്യമായി ഓര്‍ത്തെടുക്കുക എളുപ്പമല്ല. എന്നാല്‍, ചരിത്രപരമായ സംഭവങ്ങളെക്കുറിച്ച് എഴുതുമ്പോള്‍ വസ്തുതാപരമായ കൃത്യതയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് രാജ്യത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ നിര്‍ണായക സംഭവങ്ങള്‍ക്ക് നേരിട്ട് സാക്ഷിയായ ഒരാള്‍ എഴുതുന്ന പുസ്തകത്തില്‍ ഇത്തരം പിശകുകള്‍ കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്.ഇവിടെ എഴുത്തുകാരിയുടെ ഓര്‍മശക്തിയെ മാത്രം കുറ്റപ്പെടുത്താനാവില്ല. പ്രസാധകരുടെ വസ്തുതാപരിശോധനയുടെയും എഡിറ്റിംഗിന്റെയും ഉത്തരവാദിത്വവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനു മുമ്പ് പെന്ഗ്വിന് റാന്‍ഡം ഹൗസുമായുണ്ടായ തര്‍ക്കവും തുടര്‍ന്ന് ഹാര്‍പ്പര്‍ കോളിന്‍സ് പ്രസാധകരായി എത്തിയതും ഈ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്. എഡിറ്റിംഗും വസ്തുതാപരിശോധനയും സംബന്ധിച്ച തര്‍ക്കങ്ങള്‍ പുസ്തകത്തിന്റെ പ്രസിദ്ധീകരണചരിത്രത്തെത്തന്നെ വാര്‍ത്തയാക്കിയിരുന്നു.
സമാനമായ ആത്മകഥകളുടെ പശ്ചാത്തലത്തില്‍
രചനയുടെ സ്വഭാവം വിലയിരുത്തുമ്പോള്‍ ലോകപ്രശസ്തമായ ചില രാഷ്ട്രീയ ആത്മകഥകളെ ഓര്‍മിക്കാതിരിക്കാനാവില്ല. നെല്‍സണ്‍ മണ്ടേലയുടെ ലോംഗ് വാക്ക് റ്റു ഫ്രീഡം, ബരാക് ഒബാമയുടെ എ പ്രോമിസിഡ് ലാന്‍ഡ്, പ്രണബ് മുഖര്‍ജിയുടെ ദ പ്രസിഡന്‍ഷ്യല്‍ ഇയേഴ്സ്, എ.ബി. വാജ്പേയിയുടെ രാഷ്ട്രീയ ഓര്‍മക്കുറിപ്പുകള്‍ തുടങ്ങിയവ വ്യത്യസ്തമായ ആഖ്യാനരീതികളിലൂടെ വ്യക്തിജീവിതത്തെയും പൊതുജീവിതത്തെയും ബന്ധിപ്പിക്കുന്നവയാണ്.പ്രത്യേകിച്ച് മണ്ടേലയുടെ ആത്മകഥയില്‍ വ്യക്തിയുടെ ജീവിതസമരം ഒരു ജനതയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി മാറുന്നു. ഒബാമയുടെ രചനയില്‍ വ്യക്തിപരമായ അനുഭവങ്ങളും രാഷ്ട്രീയ ആശയങ്ങളും ഭരണനിര്‍വഹണത്തിലെ പ്രതിസന്ധികളും പരസ്പരം ഇഴചേര്‍ന്നുനില്‍ക്കുന്നു. എന്നാല്‍, സോണിയയുടെ പുസ്തകത്തില്‍ രാഷ്ട്രീയത്തിന്റെ വിശാലമായ ആശയലോകത്തേക്കാള് കുടുംബബന്ധങ്ങളും വ്യക്തിപരമായ അനുഭവങ്ങളുമാണ് കൂടുതല്‍ പ്രാധാന്യം നേടുന്നത്.വിദേശ ഭാഷകളിലെ രാഷ്ട്രീയ ആത്മകഥകളില്‍ കാണുന്ന തുറന്ന ഏറ്റുപറച്ചിലുകളുടെയും വ്യക്തിപരമായ വിലയിരുത്തലുകളുടെയും സ്വഭാവം ഈ പുസ്തകത്തില്‍ ചിലയിടങ്ങളില്‍ ദൃശ്യമാകുന്നുണ്ടെങ്കിലും, സ്വന്തം രാഷ്ട്രീയപക്ഷത്തിന്റെ വീഴ്ചകളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നതില്‍ അത് എല്ലായിടത്തും ഒരുപോലെ വിജയിക്കുന്നില്ല. പുസ്തകത്തിന്റെ ഇതുവരെ പുറത്തുവന്ന പല നിരൂപണങ്ങളും ഈ പരിമിതിയിലേക്ക് വിരല്‍ചൂണ്ടിയിട്ടുണ്ട്.
ചരിത്രത്തിന്റെ സാക്ഷിയും അതിന്റെ തടവുകാരിയും
സോണിയ ഗാന്ധിയുടെ ‘ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്’ വായനക്കാരനില്‍ അവശേഷിപ്പിക്കുന്നത് സമ്മിശ്രമായ അനുഭവമാണ്. പ്രണയത്തിന്റെ ഹൃദയസ്പര്‍ശിയായ ഓര്‍മകളും കുടുംബത്തിന്റെ ദുരന്തങ്ങളും അധികാരത്തിന്റെ ഏകാന്തതയും ഒരു സ്ത്രീയുടെ അതിജീവനവും പുസ്തകത്തെ വൈകാരികമായി ശ്രദ്ധേയമാക്കുന്നു. എന്നാല്‍, ചരിത്രത്തിന്റെ നിര്‍ണായക ഘട്ടങ്ങളെ വിലയിരുത്തുമ്പോള്‍ എഴുത്തുകാരി സ്വീകരിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട മൗനങ്ങളും രാഷ്ട്രീയമായ പക്ഷപാതങ്ങളും അതിന്റെ പരിമിതികളായി നിലനില്ക്കുന്നു.ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത അധികാരത്തിന്റെ അകത്തളങ്ങളില്‍നിന്നുള്ള കാഴ്ചകളാണ്. പ്രധാനമന്ത്രിയുടെ വസതിയിലെ കുടുംബജീവിതം, രാഷ്ട്രീയ തീരുമാനങ്ങള്‍ക്കു പിന്നിലെ സ്വകാര്യ സംഭാഷണങ്ങള്‍, ചരിത്രത്തെ മാറ്റിമറിച്ച ദുരന്തങ്ങളുടെ വ്യക്തിപരമായ ആഘാതങ്ങള്‍ എന്നിവ മറ്റൊരു ചരിത്രരചനയ്ക്കും എളുപ്പത്തില്‍ പകരംവയ്ക്കാനാവാത്ത അനുഭവസാക്ഷ്യങ്ങളാണ്. എന്നാല്‍, അധികാരത്തിന്റെ അകത്തളങ്ങളില്‍നിന്നുള്ള കാഴ്ചയ്ക്ക് അതിന്റേതായ പരിമിതികളുമുണ്ട്. അവിടെനിന്ന് കാണുന്ന ചരിത്രം എല്ലായ്പ്പോഴും പുറത്തുനില്‍ക്കുന്നവരുടെ അനുഭവങ്ങളുമായി ഒത്തുപോകണമെന്നില്ല.ഒരുപക്ഷേ, ഈ പുസ്തകത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത് അതിലെ ഈ വൈരുധ്യങ്ങളാണ്. പ്രണയിച്ച മനുഷ്യനെ നഷ്ടപ്പെട്ട സ്ത്രീയുടെ ദുഃഖവും രാഷ്ട്രീയത്തില്‍ സ്വന്തം ഇടം കണ്ടെത്തിയ നേതാവിന്റെ ആത്മവിശ്വാസവും ഒരേ വ്യക്തിയില്‍ എങ്ങനെ സഹവര്‍ത്തിക്കുന്നു എന്നത് വായനക്കാരനെ ചിന്തിപ്പിക്കും. സ്വന്തം കുടുംബത്തിന്റെ ചരിത്രത്തെ അവതരിപ്പിക്കുമ്പോള്‍ അതിന്റെ മുറിവുകളെയും വീഴ്ചകളെയും എത്രത്തോളം തുറന്നുകാണിക്കാനാകും എന്ന ചോദ്യവും അവശേഷിക്കുന്നു.അധികാരം ഒരാള്‍ക്ക് ചരിത്രത്തിന്റെ നടുവില്‍ സ്ഥാനം നല്‍കും. എന്നാല്‍, ആ സ്ഥാനം അയാളെ അരക്ഷിതാവസ്ഥയില്നിന്നോ ഏകാന്തതയില്‍നിന്നോ മോചിപ്പിക്കണമെന്നില്ല. സ്നേഹിച്ചവരെ നഷ്ടപ്പെട്ടതിന്റെ വേദനയും ഒരു രാജ്യത്തോടുള്ള വൈകാരികമായ അടുപ്പവും രാഷ്ട്രീയജീവിതത്തിലെ അനിവാര്യമായ ഒറ്റപ്പെടലും സോണിയയുടെ ഓര്‍മകളില്‍ ഒരുമിച്ചുചേരുന്നു.’ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്’ പൂര്‍ണമായ ആത്മവിമര്‍ശനത്തിന്റെ ഉത്തമ മാതൃകയല്ല. ചരിത്രത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്കുന്ന രാഷ്ട്രീയ രേഖയുമല്ല. എന്നാല്‍, ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ നിര്‍ണായക സംഭവങ്ങള്‍ക്കു പിന്നില്‍ ജീവിച്ച ഒരു സ്ത്രീയുടെ സ്വകാര്യലോകത്തേക്കുള്ള അപൂര്‍വമായ ജാലകമാണത്. ചരിത്രം രേഖപ്പെടുത്തുന്ന വിജയങ്ങള്‍ക്കും പരാജയങ്ങള്‍ക്കും അപ്പുറം, അവയ്ക്കിടയില്‍ ജീവിച്ച മനുഷ്യരുടെ സ്നേഹവും വേദനയും ഭയവും അതിജീവനവുമുണ്ടെന്ന് ഈ പുസ്തകം ഓര്‍മിപ്പിക്കുന്നു.ചരിത്രത്തിന്റെ രണ്ടു മുഖങ്ങള്‍ ഇവിടെ തെളിയുന്നു: ഒന്ന് അധികാരത്തിന്റെ, മറ്റൊന്ന് മനുഷ്യബന്ധങ്ങളുടെ.

