ലോകാവസാനത്തിനുശേഷവും അവസാനിക്കാത്ത ജീവിതം
നഷ്ടപ്പെടുന്ന ഒരു സമൂഹം, ഓര്‍മകള്‍ നഷ്ടപ്പെടുന്ന വ്യക്തിയെപ്പോലെ തന്നെയല്ലേ?ഈ നോവലിന്റെ ശീര്‍ഷകവും അതിന്റെ പ്രമേയവും തമ്മിലുള്ള ബന്ധം ഏറെ ചിന്തനീയമാണ്. ‘എല്ലാത്തിന്റെയും അവസാനം’ എന്നു പേരിട്ടിരിക്കുന്ന കൃതി യഥാര്‍ഥത്തില്‍ അവസാനത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. അവസാനമെന്നു കരുതുന്ന അവസ്ഥയ്ക്കുശേഷവും മനുഷ്യന് ജീവിക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചാണ്. തകര്‍ച്ചയ്ക്കിടയിലും ജീവിതം അതിന്റെ പുതിയ രൂപങ്ങള്‍ കണ്ടെത്തുന്നു. പ്രതീക്ഷയുടെ ചെറിയൊരു വെളിച്ചം പോലും പൂര്‍ണമായും കെടുത്തിക്കളയാന്‍ ദുരന്തങ്ങള്‍ക്ക് കഴിയുന്നില്ല.അതുകൊണ്ടുതന്നെ ഈ നോവലിനെ ഒരു ഇരുണ്ട ഭാവനാലോകത്തിന്റെ ആവിഷ്കാരമായി മാത്രം കാണാനാവില്ല. മനുഷ്യന്റെ അതിജീവനശേഷിയെയും ജീവിതത്തിന്റെ അനിശ്ചിതത്വത്തെയും കുറിച്ചുള്ള ദാര്‍ശനികമായ അന്വേഷണമായും വായിക്കാം.ആഖ്യാനശൈലിയില്സാമ്യമുള്ള വിശിഷ്ടകൃതികള്‍’ദ എന്‍ഡ് ഓഫ് എവരിതിംഗ്’ ഒരു ഒറ്റപ്പെട്ട സാഹിത്യപരീക്ഷണമല്ല. ആധുനിക സാഹിത്യത്തിലെ ചില പ്രധാന പ്രവണതകളുടെ തുടര്‍ച്ചയും അവയുടെ പുനര്‍വായനയുമാണ്. ജെ. ജി. ബല്ലാര്‍ഡിന്റെ ‘ ദ ഡ്രൗണ്‍ഡ് വേള്‍ഡ്്’ ദുരന്തത്തെക്കാള്‍ ദുരന്തത്തിനുശേഷമുള്ള മനുഷ്യാവസ്ഥയ്ക്ക് പ്രാധാന്യം നല്കുന്ന രചനാരീതിയില്‍ ഹാരിസനോട് ഏറ്റവും അടുത്തുനില്ക്കുന്ന കൃതികളിലൊന്നാണിത്. ജെ. ജി. ബല്ലാര്‍ഡിന്റെ തന്നെ ‘ ദ ക്രിസ്റ്റല്‍ വേള്‍ഡും’ യാഥാര്‍ഥ്യവും ഭാവനയും ഭയവും സൗന്ദര്യവും പരസ്പരം കലരുന്ന രചനാ രീതിയില്‍ ‘ദ എന്‍ഡ് ഓഫ് എവരിതിംഗ്’മായി സാമ്യം പറയാവുന്നതാണ്. വിശദീകരിക്കാനാവാത്ത പ്രതിഭാസത്തെ ഒരു പ്രതീകമായി ഉപയോഗിക്കുന്നതില്‍ ഹാരിസന്റെ കൃതിയുമായി ഇതിന് സാമ്യമുണ്ട്. കസുവോ ഇഷിഗുറോയുടെ ‘ ദ അണ്‍കണ്‍സോള്‍ഡ്’, സാമുവല്‍ ബെക്കറ്റിന്റെ ‘ ദ അണ്നേമബിള്’ എന്നീ കൃതിയിക്കും വായനക്കാരനെ അസ്വസ്ഥമായ ചിന്താലോകത്തേക്ക് നയിക്കുന്ന സാഹിത്യപരമായ സമീപനത്തില്‍ ബന്ധമുണ്ട്.ഇന്ത്യന്‍ സാഹിത്യത്തില്ഇതേ നിലവാരത്തിലുള്ളപരീക്ഷണങ്ങള് ഉണ്ടാകുന്നുണ്ടോ?ഇവിടെയാണ് ഈ നോവലിന്റെ വായന കൂടുതല്‍ പ്രസക്തമാകുന്നത്. പാശ്ചാത്യസാഹിത്യത്തില്‍ ശാസ്ത്രഭാവനയും ദാര്‍ശനികതയും സാമൂഹികവിമര്‍ശനവും കൂട്ടിച്ചേര്‍ത്ത് എഴുതുന്ന പരീക്ഷണാത്മക നോവലുകള്‍ക്ക് ദീര്‍ഘമായൊരു പാരമ്പര്യമുണ്ട്. ഇന്ത്യയിലും ഇത്തരം രചനകള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ അവയുടെ പ്രമേയവും ആഖ്യാനരീതിയും പലപ്പോഴും ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളുമായി കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നു.അതില്‍ എടുത്തുപറയേണ്ട ചില കൃതികളുണ്ട്. അമിതാവ് ഘോഷിന്റെ ‘ദ കല്‍ക്കത്ത ക്രോമോസോം’ ഹാരിസന്റെ നോവലിനോട് ആഖ്യാനപരമായി ഏറ്റവും അടുത്തുനിര്ത്താവുന്ന ഇന്ത്യന്‍ കൃതികളിലൊന്നാണ്. ശാസ്ത്രം, ചരിത്രം, സാങ്കേതികവിദ്യ, നിഗൂഢത എന്നിവ പരസ്പരം കൂടിക്കലരുന്ന രചന. കാലക്രമം തെറ്റിച്ചും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ കൂട്ടിച്ചേര്‍ത്തും വായനക്കാരനെ ഒരു നിഗൂഢതയുടെ നടുവില്‍ നിര്‍ത്തുന്ന രീതി ശ്രദ്ധേയമാണ്. എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്ന് പലയിടത്തും വായനക്കാരന് ഉറപ്പിക്കാനാവില്ല. ഹാരിസന്റെ നോവലിനെപ്പോലെതന്നെ ഇവിടെ അറിവിന്റെയും യാഥാര്‍ഥ്യത്തിന്റെയും പരിമിതികളാണ് പ്രധാന ചര്‍ച്ചാവിഷയം. പ്രയാഗ് അക്ബര്‍, സമിത് ബസു, അനില്‍ മേനോന്, ഗൗതം ഭാട്ടിയ, മീന കന്ദസ്വാമി തുടങ്ങിയ എഴുത്തുകാരുടെ കൃതികളിലും ഹാരിസണ്‍ രചനയുടെ നിലവാരമുളള പരീക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ട്.ഇവയെല്ലാം ഒരേ നിലവാരത്തിലുള്ളവയാണെന്നല്ല അര്‍ത്ഥം. ഓരോന്നും വ്യത്യസ്തമായ സാഹിത്യലക്ഷ്യങ്ങളാണ് പിന്തുടരുന്നത്. എങ്കിലും ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ലോകസാഹിത്യത്തോട് സംവദിക്കാന്‍ ശേഷിയുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നതില്‍ സംശയമില്ല.
ആറു പതിറ്റാണ്ടിന്റെ സാഹിത്യസപര്യമൈക്കല് ജോണ്‍ ഹാരിസണ്‍ എന്നാണ് യഥാര്‍ത്ഥ പേര്. 1945-ല്‍ ഇംഗ്ലണ്ടിലെ വാര്വിക്ഷയറിലുള്ള റഗ്ബിയില്‍ ജനിച്ചു. 1965-ല്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു. 1969 മുതല്‍ 1978 വരെ പ്രമുഖ ബ്രിട്ടീഷ് ഭാവനാസാഹിത്യ മാസികയായ ന്യൂവേള്ഡിന്റെ പുസ്തകവിഭാഗത്തിന്റെ പത്രാധിപരായിരുന്നു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സാഹിത്യവിമര്‍ശകന്‍ എന്നീ നിലകളില്‍ ആറു പതിറ്റാണ്ടിലേറെ നീണ്ടതാണ് അദ്ദേഹത്തിന്റെ സാഹിത്യജീവിതം.ഹാരിസന്റെ സാഹിത്യജീവിതത്തെ മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ മറ്റു ചില കൃതികള്‍ കൂടി പരിചയപ്പെടേണ്ടതുണ്ട്.’വിരികോണിയം’ എന്ന കൃതി തകര്‍ച്ചയുടെയും ജീര്‍ണതയുടെയും പശ്ചാത്തലത്തില്‍ സൃഷ്ടിച്ച സാങ്കല്‍പ്പിക നഗരത്തെ കേന്ദ്രീകരിച്ചുള്ള നോവലുകളുടെയും കഥകളുടെയും പരമ്പരയാണ്. പരമ്പരാഗത ഫാന്റസി സാഹിത്യത്തിന്റെ രീതികളെ അട്ടിമറിക്കുന്ന രചനയാണിത്. പര്‍വതാരോഹണത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യബന്ധങ്ങളും ജീവിതത്തിന്റെ അര്‍ഥവും അന്വേഷിക്കുന്ന നോവലാണ് ‘ക്ലൈബേ ഴ്സ്’. 1989-ല്‍ ബോര്‍ഡ്മാന്‍ ടാസ്കര്‍ പുരസ്കാരം ലഭിച്ചു. ‘ദ കോഴ്സ് ഓഫ് ദ ഹാര്‍ട്ട്’ (1992) നിഗൂഢതയും ആത്മീയതയും മനുഷ്യന്റെ അസ്തിത്വപ്രശ്നങ്ങളും സമന്വയിക്കുന്ന കൃതിയാണ്.’ലൈറ്റ്'(2002) ശാസ്ത്രഭാവനയും മനുഷ്യന്റെ മാനസികലോകവും കൂട്ടിച്ചേര്‍ക്കുന്ന നോവല്‍. ഇതിന് ജെയിംസ് ടിപ്ട്രീ ജൂനിയര്‍ പുരസ്കാരം ലഭിച്ചു. ‘നോവസിംഗ്’ (2006) ശാസ്ത്രഭാവനയുടെ പരമ്പരാഗത അതിരുകള്‍ ഭേദിച്ച കൃതി. 2007-ലെ ആര്‍തര്‍ സി. ക്ലാര്‍ക്ക് പുരസ്കാരം നേടി. ‘ദ സങ്കണ് ലാന്‍ഡ് ബിഗിന്‍സ് റ്റു റൈസ് എഗെയ്ന്’ (2020) ആധുനിക ബ്രിട്ടീഷ് ജീവിതത്തിന്റെ അസ്വസ്ഥതകളും യാഥാര്‍ഥ്യത്തിന്റെ അസ്ഥിരതയും അന്വേഷിക്കുന്ന നോവലാണ്. 2020-ലെ ഗോള്‍ഡ്സ്മിത്ത്സ് പുരസ്കാരം നേടി. ‘ വിഷ് ഐ വാസ് ഹിയര്‍’ (2023) എഴുത്തുജീവിതത്തെയും ഓര്‍മകളെയും സാഹിത്യത്തെയും കുറിച്ചുള്ള വ്യത്യസ്തമായ ആത്മകഥാരചനയുമാണ്.ഹാരിസന്റെ കൃതികളുടെ പൊതുസ്വഭാവം അവയുടെ വിഭാഗാതീതമായ രചനാരീതിയാണ്. ശാസ്ത്രഭാവന, ഫാന്റസി, യാഥാര്‍ഥ്യവാദം, ആക്ഷേപഹാസ്യം, ദാര്‍ശനികത എന്നിവയെല്ലാം അദ്ദേഹത്തിന്റെ രചനകളില്‍ പരസ്പരം ഇടകലരുന്നു. ഒരു പ്രത്യേക സാഹിത്യവിഭാഗത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങാന്‍ അദ്ദേഹം തയ്യാറാകുന്നില്ല.എന്തുകൊണ്ട് ഈ നോവലിന് ബുക്കര്‍?ബുക്കര്‍ പുരസ്കാരത്തിന്റെ ചരിത്രത്തില്‍ ശാസ്ത്രഭാവനയുടെ ലോകത്തുനിന്ന് ഉയര്‍ന്നുവന്ന ഒരു എഴുത്തുകാരന് ഈ അംഗീകാരം നേടുന്നത് ശ്രദ്ധേയമായ സംഭവമാണ്. അതുവരെ സാഹിത്യത്തിന്റെ മുഖ്യധാരയും ശാസ്ത്രസാഹിത്യവും തമ്മില്‍ നിലനിന്നിരുന്ന വിഭാഗീയമായ അതിര്‍വരമ്പുകളെ ഈ വിജയം ചോദ്യം ചെയ്യുന്നു.വിധിനിര്‍ണയസമിതിയുടെ അധ്യക്ഷയായ മേരി ബിയേര്‍ഡ് ഈ നോവലിനെ വിശേഷിപ്പിച്ചത് ഭാവിയുടെ കണ്ണിലൂടെ കാണുന്ന വര്‍ത്തമാനകാല രാഷ്ട്രീയമായിട്ടാണ്. മനുഷ്യസമൂഹത്തിന്റെ പ്രതിസന്ധികളെ ഭാവനയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുമ്പോഴും അതിന്റെ വേരുകള്‍ സമകാലിക ലോകത്താണെന്ന് അവര്‍ നിരീക്ഷിച്ചു. നോവല്‍ വായനക്കാരനെ തലകീഴായി മറിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം പ്രതീക്ഷയുടെ നേരിയൊരു സ്പര്‍ശം അവശേഷിപ്പിക്കുകയും ചെയ്യുന്നുവെന്നായിരുന്നു അവരുടെ വിലയിരുത്തല്‍.198 പേജുകള്‍ മാത്രമുള്ള ഈ നോവല്‍ ചുരുക്കത്തിന്റെ ശക്തിയും ആഖ്യാനത്തിന്റെ സങ്കീര്‍ണതയും ഒരുമിപ്പിക്കുന്നു. നീണ്ട വിവരണങ്ങളിലൂടെയോ വിശദീകരണങ്ങളിലൂടെയോ വായനക്കാരനെ നയിക്കുന്നതിനുപകരം, ഓരോ വായനക്കാരനും സ്വന്തം അര്‍ത്ഥങ്ങള്‍ കണ്ടെത്താനുള്ള ഇടം എഴുത്തുകാരന് തുറന്നിടുന്നു. അതാണ് ഇതിന്റെ സാഹിത്യപരമായ വിജയങ്ങളിലൊന്ന്.ശാസ്ത്രഭാവനയെ സാഹിത്യത്തിന്റെ താഴ്ന്നൊരു വിഭാഗമായി കാണുന്ന സമീപനത്തിനെതിരെയുള്ള ശക്തമായ മറുപടികൂടിയാണ് ഈ പുരസ്കാരം. മനുഷ്യന്റെ ഏറ്റവും സങ്കീര്‍ണമായ അസ്തിത്വപ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ യാഥാര്‍ഥ്യവാദത്തിന്റെ പരമ്പരാഗത ചട്ടക്കൂടുകള്‍ മാത്രം ആവശ്യമില്ലെന്ന് ഹാരിസണ്‍ തെളിയിക്കുന്നു.അവസാനങ്ങള്ക്കപ്പുറമുള്ള ജീവിതംഎല്ലാത്തിന്റെയും അവസാനം എന്നത് മനുഷ്യന്റെ ഭാവനയില്‍ എക്കാലവും ഭയത്തിന്റെ പ്രതീകമായിരുന്നു. എന്നാല്‍ ഹാരിസന്റെ നോവല്‍ ആ ഭയത്തെ മറ്റൊരു തരത്തില്‍ സമീപിക്കുന്നു. ലോകം തകരുമ്പോള്‍ മനുഷ്യന് മാത്രമല്ല, അവന്റെ വിശ്വാസങ്ങളും മൂല്യങ്ങളും ഓര്‍മകളും യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള ധാരണകളുമെല്ലാം തകരുന്നു. എന്നിട്ടും മനുഷ്യന് ജീവിക്കാന്‍ ശ്രമിക്കുന്നു. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നു. അര്‍ത്ഥം നഷ്ടപ്പെട്ട ലോകത്ത് അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുന്നു.ഇന്ന് ലോകം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ നോവലിന്റെ പ്രസക്തി കൂടുതല്‍ വ്യക്തമാകുന്നു. കാലാവസ്ഥാവ്യതിയാനം, യുദ്ധങ്ങള്‍, മഹാമാരികള്‍, സാങ്കേതികവിദ്യയുടെ അനിയന്ത്രിതമായ വളര്‍ച്ച, കൃത്രിമബുദ്ധിയുടെ കടന്നുകയറ്റം, ജനാധിപത്യവ്യവസ്ഥകളുടെ തകര്‍ച്ച, മനുഷ്യബന്ധങ്ങളിലെ ശൈഥില്യം… ഇതെല്ലാം ഒരേസമയം മനുഷ്യനെ അസ്വസ്ഥനാക്കുന്ന കാലമാണിത്. നാളെയെക്കുറിച്ച് ഉറപ്പുള്ള ഒരു വിശദീകരണം ആര്‍ക്കും നല്കാനാവാത്ത ലോകത്ത് ജീവിക്കുകയാണ് നാം. അത്തരമൊരു കാലത്താണ് ഹാരിസണ്‍ ഒരു സുപ്രധാന ചോദ്യം ഉയര്‍ത്തുന്നത്: നമ്മുടെ എല്ലാ വിശദീകരണങ്ങളും വിശ്വാസങ്ങളും തകര്ന്നുപോയാല് നമുക്ക് എങ്ങനെ ജീവിക്കാനാകും?ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരമൊന്നും നോവല്‍ നല്‍കുന്നില്ല. പകരം, ഉത്തരങ്ങളില്ലാത്ത ലോകത്ത് ജീവിക്കേണ്ടിവരുന്ന മനുഷ്യന്റെ അവസ്ഥയെ വായനക്കാരന് അനുഭവിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇത് ഒരു ഭാവനാനോവല് മാത്രമല്ല; നമ്മുടെ കാലത്തിന്റെ ആത്മസംഘര്‍ഷങ്ങളുടെ സാഹിത്യരേഖ കൂടിയാണ്.ഒരുപക്ഷേ, ലോകാവസാനത്തെക്കുറിച്ചുള്ള ഏറ്റവും വലിയ തിരിച്ചറിവ് ലോകം അവസാനിക്കുന്നതല്ല. എല്ലാം അവസാനിച്ചുവെന്ന് തോന്നുന്ന ഘട്ടത്തിലും ജീവിതം അവസാനിക്കുന്നില്ല എന്നതായിരിക്കാം. ആ അര്‍ഥത്തില്‍ ‘ദ എന്‍ഡ് ഓഫ് എവരിതിംഗ്’ എന്ന ശീര്‍ഷകം പോലും ഒരു വിരോധാഭാസമാണ്. അവസാനത്തിന്റെ പേരില്‍ ജീവിതത്തിന്റെ തുടര്‍ച്ചയെക്കുറിച്ച് സംസാരിക്കുന്ന നോവല്‍. അതാണ് എം. ജോണ്‍ ഹാരിസന്റെ ഈ കൃതിയെ സമകാലിക ലോകസാഹിത്യത്തിലെ ശ്രദ്ധേയമായൊരു സൃഷ്ടിയാക്കി മാറ്റുന്നത്.

