ഇന്ന്കൊച്ചി: ലെയോ പതിനാലാമൻ പാപ്പാ ഷെവലിയാർ പദവിയിലേക്ക് ഉയർത്തിയ മുതിർന്ന മാധ്യമപ്രവർത്തകൻ ഇഗ്നേഷ്യസ് ഗൊൺസാൽവസിന്റെ സ്ഥാനചിഹ്ന സ്വീകരണ കർമങ്ങളും കൃതജ്ഞതാ ദിവ്യബലിയും ഇന്ന്.
കൊച്ചി ഹൈക്കോടതി ജംഗ്ഷനിലെ ഇൻഫന്റ് ജീസസ് ദൈവാലയത്തിൽ നടക്കും. സഭയ്ക്കും സമൂഹത്തിനും നൽകിയ അസാധാരണ സേവനങ്ങൾ പരിഗണിച്ച് പാപ്പ അല്മായർക്ക് നൽകുന്ന പൊന്തിഫിക്കൽ നൈറ്റ്ഹുഡ് ബഹുമതിയാണ് ഷെവലിയാർ പദവി. ഇതുസംബന്ധിച്ച പേപ്പൽ ഡിക്രി ഓഗസ്റ്റ് എട്ടിനാണ് വത്തിക്കാൻ പുറപ്പെടുവിച്ചത്.
ദിവ്യബലിക്ക് വരാപ്പുഴ അതിരൂപതാ എമരിറ്റസ് ആർച്ചുബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, വരാപ്പുഴ അതിരൂപതാ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ, അഞ്ച് പ്രമുഖ സന്യാസസമൂഹങ്ങളുടെ പ്രൊവിൻഷ്യൽ സുപ്പീരിയർമാർ എന്നിവരുൾപ്പെടെ അൻപതിലധികം വൈദികർ സഹകാർമികരാകും. സൊസൈറ്റി ഓഫ് സെന്റ് പോൾ ഇന്ത്യ-അയർലൻഡ് പ്രവിശ്യാ പ്രൊവിൻഷ്യൽ ഫാ. ജോബി മാത്യു വചനസന്ദേശം നൽകും. ലത്തീൻ ഭാഷയിലുള്ള പേപ്പൽ ഡിക്രിയും ഷെവലിയാർ പദവിയുടെ പ്രധാന സ്ഥാനചിഹ്നങ്ങളായ കുരിശുമെഡലും ബൈക്കോൺ തൊപ്പിയും പ്രദക്ഷിണമായി അൾത്താരയിലേക്ക് സംവഹിച്ചുകൊണ്ടാണ് തിരുക്കർമങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് ബിഷപ്പുമാർ സ്ഥാനചിഹ്നങ്ങൾ അണിയിക്കുകയും ആർച്ചുബിഷപ് പേപ്പൽ ഡിക്രി കൈമാറുകയും ചെയ്യും.
അതിരൂപതാ ചാൻസിലർ ഫാ. എബിജിൻ അറക്കൽ ഡിക്രി വായിക്കും. ഒഎസ്ജെ സന്യാസസമൂഹത്തിന്റെ മുൻ ആഗോള വികാർ ജനറൽ ഫാ. സെബാസ്റ്റ്യൻ ജെക്കോബി ഇംഗ്ലീഷ് വിവർത്തനം നിർവഹിക്കും. കൃതജ്ഞതാ ദിവ്യബലിക്കുശേഷം പാരിഷ് ഹാളിൽ അനുമോദന സമ്മേളനവും നടക്കും. വൈദിക മേലധ്യക്ഷന്മാർക്കൊപ്പം ജസ്റ്റിസ് മേരി ജോസഫ്, ജസ്റ്റിസ് സുനിൽ തോമസ്, വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം, ഫാ. തോമസ് തറയിൽ, റവ. ഡോ. ഡഗ്ലസ് പിൻഹീറോ, ഫാ. ജിജു അറക്കത്തറ, സിടിസി പ്രൊവിൻഷ്യൽ സിസ്റ്റർ പേഴ്സി, ഡോ. ചാൾസ് ഡയസ്, അഡ്വ. ഷെറി ജെ. തോമസ്, ജോസഫ് ഡിസൂസ, നോയൽ ഗൊൺസാൽവസ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

