ന്യൂഡൽഹി: രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പാക്കണമെന്നും അവർക്കെതിരായ അതിക്രമങ്ങൾ തടയാൻ സർക്കാരുകൾ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ആവശ്യപ്പെട്ടു.
നവംബർ 26-ന് ആചരിക്കുന്ന ഭരണഘടനാ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് സിബിസിഐ പ്രസിഡന്റ് കർദിനാൾ ആന്റണി പൂള ഇക്കാര്യം വ്യക്തമാക്കിയത്. ക്രൈസ്തവർക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കും നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യങ്ങളിൽ പക്ഷപാതരഹിതമായും നീതിപൂർവമായും നിയമം നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
പരമാധികാരം, സോഷ്യലിസം, മതേതരത്വം, ജനാധിപത്യം, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന മൂല്യങ്ങളെന്ന് ഭരണഘടനയുടെ ആമുഖം ഓർമിപ്പിക്കുന്നതായി കർദിനാൾ ചൂണ്ടിക്കാട്ടി. മതം, ഭാഷ, സമുദായം എന്നിവയുടെ പേരിൽ ഒരാളുടെ അവകാശങ്ങൾ ചോദ്യം ചെയ്യുന്നത് സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഭരണഘടനാ കാഴ്ചപ്പാടിന് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യർക്കിടയിൽ ഐക്യത്തിന്റെയും സൗഹാർദത്തിന്റെയും പാലങ്ങൾ പണിയണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനവും ഭിന്നതകൾ മറികടന്ന് ഒരുമിച്ച് പ്രവർത്തിക്കണമെന്ന ലെയോ പതിനാലാമൻ പാപ്പയുടെ സന്ദേശവും കർദിനാൾ തന്റെ പ്രസ്താവനയിൽ ഉദ്ധരിച്ചു.
ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ കത്തോലിക്കാ സ്ഥാപനങ്ങളും ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും പ്രത്യേകിച്ച് അതിന്റെ ആമുഖത്തെക്കുറിച്ചും പഠിക്കണമെന്നും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

