കൊച്ചി: സാമൂഹിക, മാധ്യമ, കലാ, ബോധവൽക്കരണ മേഖലകളിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ പരിഗണിച്ച് ജോയ് ഗോതുരുത്ത്, സിബി ജോയ്, ബിജു ജോസ്, അലക്സ് താളൂപ്പാടൻ എന്നിവരെ സേവന അവാർഡിന് തിരഞ്ഞെടുത്തു.
ഐ.എം.എ. മധ്യകേരള, ജനസേവ ശിശുഭവൻ, ആന്റി ഡ്രഗ്സ് മൂവ്മെന്റ് എറണാകുളം, കേരള ആക്ഷൻ ഫോഴ്സ് എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വർഷംതോറും സാമൂഹിക രംഗത്തെ മാതൃകാ പ്രവർത്തകർക്ക് നൽകിവരുന്ന പുരസ്കാരമാണിത്.
സാമൂഹിക പ്രവർത്തനങ്ങൾക്കും കലാരംഗത്തെ സംഭാവനകൾക്കും, പ്രത്യേകിച്ച് പരമ്പരാഗത കലാരൂപമായ ചവിട്ടുനാടകത്തെ ആഗോളശ്രദ്ധയിലേക്ക് എത്തിക്കുന്നതിൽ വഹിച്ച പങ്കിനുമാണ് അലക്സ് താളൂപ്പാടനെ അവാർഡിന് തിരഞ്ഞെടുത്തത്.
കെഎൽസിഎ ജനറൽ സെക്രട്ടറിയും കെസിബിസി ലെയ്റ്റി കമ്മീഷൻ സെക്രട്ടറിയുമായ ബിജു ജോസിനെ സഭാ-സംഘടനാ പ്രവർത്തനങ്ങളിലും സാമൂഹിക സേവനരംഗത്തും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരത്തിന് അർഹനാക്കിയത്.
മാധ്യമപ്രവർത്തന, സാമൂഹിക, ബോധവൽക്കരണ മേഖലകളിൽ കാൽനൂറ്റാണ്ടിലേറെയായി നൽകിവരുന്ന സംഭാവനകൾക്കാണ് സിബി ജോയിയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക മേഖലകളിലെ പ്രവർത്തനങ്ങൾക്കും യുവജനങ്ങൾക്കും അസംഘടിത തൊഴിലാളികൾക്കുമായി നടത്തിയ സേവനങ്ങൾക്കുമാണ് ജോയ് ഗോതുരുത്തിനെ അവാർഡിന് അർഹനാക്കിയത്. കേരള ലേബർ മൂവ്മെന്റ് അഖിലേന്ത്യാ പ്രസിഡന്റും ഏലൂർ ഫാക്ടറിയിലെ മുൻ ഉദ്യോഗസ്ഥനുമാണ് അദ്ദേഹം.
ഡിസംബർ 8-ന് ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ് അവാർഡുകൾ സമ്മാനിക്കും.

