വത്തിക്കാൻ സിറ്റി: വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ കൂദാശയുടെ 400-ാം വാർഷികത്തോടനുബന്ധിച്ച് ലെയോ പതിനാലാമൻ പാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു. ഇന്നലെ നടന്ന ആഘോഷങ്ങളിൽ നിരവധി വിശ്വാസികൾ പങ്കുചേർന്നു.
ബസിലിക്കയുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയ പ്രമുഖ വാസ്തുശില്പികളെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും പാപ്പ അനുസ്മരിച്ചു.തങ്ങളുടെ കഴിവുകളും അധ്വാനവും വിഭവങ്ങളും ദൈവമഹത്വത്തിനായി സമർപ്പിച്ച അക്കാലത്തെ മികച്ച ബുദ്ധിജീവികളായിരുന്നു ബസിലിക്കയുടെ നിർമ്മാണത്തിന് പിന്നിലെന്ന് പാപ്പ പറഞ്ഞു. ബസിലിക്കയുടെ കവാടങ്ങളും കമാനങ്ങളും ബാൽക്കണികളും ജനലുകളും ലോകമെമ്പാടുമുള്ള മനുഷ്യരെ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലക്രമേണ നശിച്ചുപോകാവുന്ന കല്ലുകളുടെ സൗന്ദര്യമല്ല, മറിച്ച് അവയിലൂടെ പ്രകാശിക്കുന്ന വിശ്വാസമാണ് മനുഷ്യരെ ദൈവത്തിലേക്ക് നയിക്കുന്നതെന്ന് പാപ്പ ഓർമിപ്പിച്ചു. എല്ലാവരെയും സ്വാഗതം ചെയ്യുകയും ഓരോരുത്തർക്കും ഇടം നൽകുകയും ചെയ്യുക എന്ന സഭയുടെ ശാശ്വതമായ ദൗത്യത്തിന്റെ പ്രതീകമാണ് വിശുദ്ധ പത്രോസിന്റെ ബസിലിക്കയെന്നും അദ്ദേഹം വ്യക്തമാക്കി.1506 ഏപ്രിൽ 18-ന് ജൂലിയസ് രണ്ടാമൻ പാപ്പയാണ് നിലവിലെ ബസിലിക്കയുടെ നിർമാണത്തിന് തറക്കല്ലിട്ടത്.

120 വർഷത്തെ നിർമാണ പ്രവർത്തനങ്ങൾക്കൊടുവിൽ 1626 നവംബർ 18-ന് ഉർബൻ എട്ടാമൻ പാപ്പയാണ് ദേവാലയം കൂദാശ ചെയ്തത്. 20 മാർപാപ്പമാരുടെ ഭരണകാലത്തിലൂടെ കടന്നുപോയ നിർമാണത്തിന് 12 പ്രമുഖ വാസ്തുശില്പികൾ നേതൃത്വം നൽകി. മൈക്കലാഞ്ചലോ, ദൊണാറ്റോ ബ്രമാന്തെ, റാഫേൽ, ജിയാക്കോമോ ഡെല്ല പോർട്ട, കാർലോ മദേർണോ തുടങ്ങിയവരുടെ സംഭാവനകൾ ബസിലിക്കയുടെ ചരിത്രത്തിൽ നിർണായകമായി.

