മാനന്തവാടി: നാല് പതിറ്റാണ്ടിലേറെയായി ലഹരിവിമുക്ത ചികിത്സാരംഗത്ത് സ്തുത്യർഹമായ സേവനം നടത്തി പതിനായിരത്തിലധികം പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന രണ്ട് കന്യാസ്ത്രീകളെ കേരള ആഭ്യന്തര വകുപ്പ് ആദരിച്ചു.
മാനന്തവാടി വിൻസന്റ് ഗിരി ആശുപത്രിയിലെ ഡി-അഡിക്ഷൻ സെന്റർ ഡയറക്ടർമാരായ സിസ്റ്റർ മരിയ സെലിൻ പ്ലാമൂട്ടിലിനും സിസ്റ്റർ മേരി ആൻ നെല്ലിക്കയത്തിനുമാണ് ‘തൂഫാൻ വാരിയർ’ ബാഡ്ജ് നൽകി ആദരിച്ചത്. മാനന്തവാടി പോലീസ്, ഫയർ സ്റ്റേഷനുകളുടെ തറക്കല്ലിടൽ ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് സിസ്റ്റർമാർക്ക് ബാഡ്ജ് സമ്മാനിച്ചത്. ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ജീവിതം സമർപ്പിച്ച ഇവരാണ് യഥാർഥ തൂഫാൻ വാരിയർമാരെന്ന് മന്ത്രി പറഞ്ഞു.
ഇവരുടെ സേവനങ്ങൾക്കും ഡി-അഡിക്ഷൻ സെന്ററിനും സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.1987-ൽ വിൻസന്റ് ഗിരി ആശുപത്രിയിൽ ആരംഭിച്ച ലഹരിവിമുക്ത ചികിത്സയിലൂടെ മദ്യത്തിനും മറ്റ് ലഹരിവസ്തുക്കൾക്കും അടിമപ്പെട്ട പതിനായിരത്തിലധികം പേർക്ക് പുതുജീവിതം നൽകാൻ കഴിഞ്ഞിട്ടുണ്ട്. രാസലഹരിക്ക് അടിമപ്പെട്ട യുവാക്കൾ ഉൾപ്പെടെ നിരവധിപേരാണ് ഇന്ന് ചികിത്സ തേടി ഇവിടെ എത്തുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും സേവനം തുടരുന്ന സിസ്റ്റർമാർ നിരവധി കുടുംബങ്ങൾക്ക് പ്രതീക്ഷയും ആശ്വാസവുമാകുന്നു.’ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ട്’ ദൗത്യത്തിന് പൂർണ പിന്തുണ തുടരുമെന്ന് സിസ്റ്റർമാർ അറിയിച്ചു. മാനന്തവാടി പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന ചടങ്ങിൽ എംഎൽഎ ഉഷ വിജയൻ അധ്യക്ഷത വഹിച്ചു. കൃഷിമന്ത്രി ടി. സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

