കൊച്ചി: വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ നിർമാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് അനുവദിച്ച പുനരധിവാസ ഭൂമി വാസയോഗ്യമാക്കുന്നതിന് 2.68 കോടി രൂപ അനുവദിച്ചു.
ചതുപ്പുനിലത്തിന് സമാനമായ പുനരധിവാസ സൈറ്റുകൾ ബലപ്പെടുത്തുന്നതിനായി അനുവദിച്ച തുക പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) എക്സിക്യൂട്ടീവ് എൻജിനീയറുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് കൈമാറി.ആഴിമുഖത്തുനിന്ന് ഡ്രഡ്ജ് ചെയ്ത് കൊച്ചിൻ പോർട്ട് അധികൃതർ സൗജന്യമായി അനുവദിച്ച മണൽ ഉപയോഗിച്ചാണ് ഭൂമി ബലപ്പെടുത്തുന്നത്. പുനരധിവാസത്തിനായി കൊച്ചിൻ പോർട്ട് അധികൃതർ ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുള്ള തുകയിൽനിന്നാണ് ഇതിനാവശ്യമായ പണം അനുവദിച്ചിരിക്കുന്നത്.
മുളവുകാട് പോലീസ് സ്റ്റേഷന് സമീപം 14 കുടുംബങ്ങൾക്കും കാക്കനാട് വാഴക്കാല ആദർശ് നഗറിൽ 56 കുടുംബങ്ങൾക്കും ഇന്ദിരാ നഗറിൽ 118 കുടുംബങ്ങൾക്കും അനുവദിച്ചിട്ടുള്ള ഭൂമിയാണ് വാസയോഗ്യമാക്കുന്നത്. ഇതിലൂടെ 188 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. ജില്ലാ കളക്ടർ അധ്യക്ഷനായ പാക്കേജ് നിരീക്ഷണ സമിതിയുടെ യോഗത്തിലെ തീരുമാനപ്രകാരം പ്രവർത്തനങ്ങളുടെ ഏകോപനച്ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. സൈറ്റുകളുടെ ബലപ്പെടുത്തൽ പ്രവർത്തനങ്ങളുടെ ഗുണനിലവാരം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മേൽനോട്ടം വഹിക്കും.2008-ൽ മൂലമ്പിള്ളി, മുളവുകാട്, കോതാട്, ചേരാനല്ലൂർ, ഏലൂർ, മഞ്ഞുമ്മൽ, പടിഞ്ഞാറെ കടുങ്ങല്ലൂർ, എളമക്കര, പോണേക്കര, വടുതല തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് 316 കുടുംബങ്ങളെയാണ് ബദൽ സംവിധാനങ്ങൾ ഒരുക്കാതെ അന്നത്തെ സർക്കാർ കുടിയൊഴിപ്പിച്ചത്. തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭത്തെത്തുടർന്നാണ് 2008 മാർച്ചിൽ പുനരധിവാസ പാക്കേജ് വിജ്ഞാപനം ചെയ്തത്.
മൂന്ന് മുഖ്യമന്ത്രിമാരും നാല് റവന്യൂ മന്ത്രിമാരും ഏഴ് ജില്ലാ കളക്ടർമാരും അധികാരത്തിലിരുന്നിട്ടും പരിഹാരം കാണാനാകാത്ത പ്രശ്നത്തിന് 18 വർഷങ്ങൾക്കുശേഷം നിലവിലെ ജില്ലാ കളക്ടറുടെ ഊർജസ്വലമായ ഇടപെടലിലൂടെ പരിഹാരമാകുന്നത് പ്രതീക്ഷ നൽകുന്നതാണെന്ന് പാക്കേജ് നിരീക്ഷണ സമിതി അംഗങ്ങളായ സി.ആർ. നീലകണ്ഠൻ, ഫ്രാൻസിസ് കളത്തിങ്കൽ, വി.പി. വിൽസൺ, കെ. രജികുമാർ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ എന്നിവർ അഭിപ്രായപ്പെട്ടു. ടെൻഡർ നടപടികൾ പൂർത്തിയായാലുടൻ പുനരധിവാസ സൈറ്റുകളിൽ മണൽ നിറച്ച് ബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

