ബ്യൂണസ് അയേഴ്സ്: തടവറകൾ ശിക്ഷ അനുഭവിക്കാനുള്ള ഇടങ്ങൾ മാത്രമാകാതെ മാനസാന്തരത്തിനും ആത്മപരിവർത്തനത്തിനും പുതിയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനുമുള്ള ഇടങ്ങളായി മാറണമെന്ന് ലെയോ പതിനാലാമൻ പാപ്പാ.
അർജന്റീനിയൻ അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായി ബ്യൂണസ് അയേഴ്സിലെ ജയിൽ സന്ദർശിച്ച് തടവുകാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. ജയിൽ സന്ദർശനത്തിന് അവസരമൊരുക്കിയ സഭാധികാരികൾക്കും ഭരണകൂട പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും വൈദികർക്കും തടവുകാരിൽനിന്ന് ലഭിച്ച അനുഭവസാക്ഷ്യങ്ങൾക്കും പാപ്പാ നന്ദി അറിയിച്ചു.മനുഷ്യജീവിതത്തിലെ പരിമിതികളെ അംഗീകരിക്കേണ്ടതിന്റെ പ്രാധാന്യം സന്ദേശത്തിൽ പാപ്പാ പ്രത്യേകം ചൂണ്ടിക്കാട്ടി. വാർധക്യം, രോഗം, ജീവിതത്തിലെ പരാജയങ്ങൾ, കഷ്ടപ്പാടുകൾ എന്നിവയെ സമൂഹം പലപ്പോഴും ബലഹീനതകളായി കാണുന്നു.
എന്നാൽ ഇത്തരം അനുഭവങ്ങൾ മനുഷ്യനെ ജീവിതത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിക്കാനും സ്വന്തം തെറ്റുകൾ തിരിച്ചറിയാനും സഹായിക്കുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന്, അക്രമം, അഴിമതി, എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള പ്രവണത എന്നിവയിലൂടെ സ്വന്തം പരിമിതികളെ മറികടക്കാമെന്ന തെറ്റായ ധാരണ മനുഷ്യരിൽ വളരുന്നുണ്ട്. എന്നാൽ പാപവും ജീവിതത്തിലെ വീഴ്ചകളും മനുഷ്യനിൽ മുറിവുകൾ സൃഷ്ടിക്കുമ്പോഴും ദൈവകൃപയിലൂടെ മാനസാന്തരത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യത ഒരിക്കലും അവസാനിക്കുന്നില്ലെന്ന് പാപ്പാ ഓർമിപ്പിച്ചു.ജീവിതത്തിലെ പരാജയങ്ങളും പ്രതിസന്ധികളും അവസാനമല്ലെന്നും പുതിയൊരു തുടക്കത്തിനുള്ള അവസരങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരിമിതികൾ മനുഷ്യനെ തകർക്കുന്നതിനു പകരം വളർച്ചയിലേക്കും പുതിയ തിരിച്ചറിവുകളിലേക്കും നയിക്കണം. പ്രതിസന്ധികളിലൂടെ പുതിയ ജ്ഞാനം കണ്ടെത്താനും ദൈവസാന്നിധ്യവും മറ്റുള്ളവരുടെ സ്നേഹവും കൂടുതൽ ആഴത്തിൽ അനുഭവിക്കാനും സാധിക്കുമെന്നും പാപ്പാ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

