കൊല്ലം: വിശുദ്ധ ഫ്രാൻസിസ് അസ്സിസിയുടെ സ്വർഗപ്രവേശനത്തിന്റെ എണ്ണൂറാം വാർഷിക ജൂബിലിയോടനുബന്ധിച്ചുള്ള കൊല്ലം രൂപതാതല ആഘോഷവും കരിത്തുറ ഇടവകയുടെ പാദുകാവൽ തിരുനാൾ മഹോത്സവവും കരിത്തുറ സെന്റ് ഫ്രാൻസിസ് അസ്സിസി ദൈവാലയത്തിൽ നടന്നു.
അഞ്ചുദിവസം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം രൂപതാധ്യക്ഷൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ മുഖ്യകാർമികത്വത്തിൽ രൂപതാതല ജൂബിലി ദിവ്യബലിയും വിശുദ്ധ ഫ്രാൻസിസ് അസ്സിസിയുടെ സമാധാന സ്തൂപത്തിന്റെ ആശീർവാദവും നടന്നു. മാനവസാഹോദര്യത്തിനായി ജീവിതം സമർപ്പിക്കുകയും പ്രകൃതിയെയും സകല സൃഷ്ടികളെയും സഹോദരങ്ങളായി കണ്ട് സ്നേഹിക്കുകയും ചെയ്ത വിശുദ്ധ ഫ്രാൻസിസ് അസ്സിസിയുടെ ജീവിതസാക്ഷ്യം ആധുനിക ലോകത്തിന് വലിയ പ്രചോദനമാണെന്ന് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പറഞ്ഞു. സമാധാനവും ലാളിത്യവും കരുണയും സാഹോദര്യവും ഏറെ ആവശ്യമുള്ള കാലഘട്ടത്തിൽ ‘കർത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണമാക്കണമേ’ എന്ന വിശുദ്ധന്റെ പ്രാർഥനയ്ക്ക് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപതയിലെ വൈദികർ, സന്യസ്തർ, സെമിനാരിക്കാർ, സന്യാസാർഥിനികൾ, ഭക്തസംഘടനകൾ എന്നിവരുടെ പ്രത്യേക സംഗമങ്ങൾ, ദിവ്യബലികൾ, ജപമാല, ലുത്തിനിയ, ദിവ്യകാരുണ്യ ആശീർവാദം എന്നിവ സംഘടിപ്പിച്ചു.
വിവിധ സമുദായ-സംഘടനാ നേതാക്കൾ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങൾ, മത-സാമൂഹിക-സാംസ്കാരിക സൗഹാർദ സംഗമം, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കൽ എന്നിവയും നടന്നു. വയോജന ക്ഷേമവും കൂട്ടായ്മയും ലക്ഷ്യമിട്ടുള്ള ‘ഫ്രാൻസിസ്കോ സ്നേഹത്തണൽ’ പദ്ധതിയുടെ ഉദ്ഘാടനവും ആഘോഷങ്ങളുടെ ഭാഗമായി നിർവഹിച്ചു.മന്ത്രി ഷിബു ബേബി ജോൺ, രൂപത വികാർ ജനറൽ മോൺ. ഡോ. ബൈജു ജൂലിയൻ, ആലുവ സെന്റ് ജോസഫ് സെമിനാരി പ്രൊഫസർ ഫാ. ജോസഫ് സുഗുൺ ലിയോൺ, ഇടവക വികാരി ഫാ. സേവ്യർ ലാസർ തുടങ്ങിയവരും വൈദികർ, സന്യസ്തർ, മത-സാമൂഹിക-സാംസ്കാരിക സംഘടനാ നേതാക്കൾ, ഇടവക കമ്മിറ്റി അംഗങ്ങൾ എന്നിവരും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

