കൊച്ചി: ദേവാലയ സംഗീതജ്ഞർ നിർവഹിക്കുന്നത് ധന്യമായ ദൈവശുശ്രൂഷയാണെന്നും അവരുടെ ത്യാഗവും സമർപ്പണവും അനുഗ്രഹമായി പരിണമിക്കുമെന്നും വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കൽ.
ദേവാലയ സംഗീത ശുശ്രൂഷകർക്കായി ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സിസിലിയൻ പുരസ്കാരങ്ങൾ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘകാലമായി സമർപ്പിത സേവനം നടത്തുന്ന 37 സംഗീത ശുശ്രൂഷകരെയാണ് ദേവാലയ സംഗീതജ്ഞരുടെ മധ്യസ്ഥയായ വിശുദ്ധ സിസിലിയുടെ നാമധേയത്തിലുള്ള പുരസ്കാരം നൽകി ആദരിച്ചത്.
എറണാകുളം ഇ.എസ്.എസ്.എസ് ഹാളിൽ നടന്ന ചടങ്ങിൽ ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ പ്രസിഡന്റ് മാത്യു ലിഞ്ചൻ റോയി അധ്യക്ഷത വഹിച്ചു. സി.ടി.സി. സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സിസ്റ്റർ പെഴ്സി, മഞ്ഞുമ്മൽ കർമലീത്താ പ്രൊവിൻസ് കൗൺസിലർ ഫാ. ജോസഫ് മരോട്ടിക്കപ്പറമ്പിൽ, ഓഡിറ്റ് വകുപ്പ് മുൻ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജോയ് കൈമാതുരുത്തി, ഗായകരും സംഗീതജ്ഞരുമായ മരിയദാസ് വട്ടമാക്കൽ, ടോണി പള്ളൻ, സെബി നായരമ്പലം, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എൻ.സി. അഗസ്റ്റിൻ, കൺവീനർ അലോഷ്യസ് പി.ആർ., സ്റ്റൈവി പി.ടി. എന്നിവർ പ്രസംഗിച്ചു.

