കാലിഫോർണിയ: സംസ്ഥാനത്തെ വധശിക്ഷാ പട്ടികയിലുള്ള 548 തടവുകാരുടെ ശിക്ഷ പരോൾ അനുവദിക്കാത്ത ജീവപര്യന്തം തടവാക്കി മാറ്റുമെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പ്രഖ്യാപിച്ചു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷാ ഇളവു നടപടികളിലൊന്നായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
നവംബർ അഞ്ചിന് കാലിഫോർണിയയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ തുറന്ന കത്തിലാണ് ഗവർണർ തീരുമാനം വ്യക്തമാക്കിയത്. വധശിക്ഷയുടെ നീതിയുക്തതയെയും ഫലപ്രാപ്തിയെയും കുറിച്ചുള്ള ആശങ്കകളും തന്റെ ധാർമിക ബോധ്യങ്ങളുമാണ് തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം വിശദീകരിച്ചു.വധശിക്ഷ മനുഷ്യത്വപരമായ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും നീതിന്യായ വ്യവസ്ഥയിലെ പിഴവുകൾ മൂലം നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും ന്യൂസം ചൂണ്ടിക്കാട്ടി. കാലിഫോർണിയയുടെ മൂല്യങ്ങളുമായി വധശിക്ഷാ രീതി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഗവർണറുടെ തീരുമാനത്തെ കത്തോലിക്കാ സഭയും വധശിക്ഷാ വിരുദ്ധ സംഘടനകളും സ്വാഗതം ചെയ്തു. അതേസമയം, ഇരകളുടെ കുടുംബങ്ങളിൽനിന്നും മറ്റു ചില വിഭാഗങ്ങളിൽനിന്നും തീരുമാനത്തിനെതിരേ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.നിയമപരമായ നടപടിക്രമങ്ങളും ബന്ധപ്പെട്ട സമിതികളുടെ പരിശോധനയും പൂർത്തിയായ ശേഷമായിരിക്കും ശിക്ഷാമാറ്റം അന്തിമമായി നടപ്പിലാക്കുക.

