വത്തിക്കാൻ സിറ്റി: മാർപാപ്പയുടെ ജനസമ്പർക്ക യാത്രകൾക്കായി ഉപയോഗിക്കുന്ന പോപ്പ്മൊബീൽ ആദ്യമായി മെഴ്സിഡസ് ബെൻസ് കൈമാറിയതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ലിയോ പതിനാലാമൻ പാപ്പ കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
പോപ്പ്മൊബീലിന്റെ രൂപകൽപ്പനയിലും നിർമാണത്തിലും തലമുറകളായി പങ്കാളികളായ ഡിസൈനർമാർക്കും എൻജിനീയർമാർക്കും തൊഴിലാളികൾക്കും പാപ്പ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.1930-ൽ പിയൂസ് പതിനൊന്നാമൻ പാപ്പയ്ക്ക് മെഴ്സിഡസ് ബെൻസ് ആദ്യ വാഹനം സമ്മാനിച്ചതോടെയാണ് വത്തിക്കാനും ജർമൻ വാഹന നിർമാതാക്കളും തമ്മിലുള്ള ദീർഘകാല സഹകരണത്തിന് തുടക്കമായത്. നൂറാം വാർഷികത്തിന്റെ ഭാഗമായി ‘എ സെഞ്ചുറി ഓഫ് ദ പോപ്പ്മൊബീൽ’ എന്ന പേരിൽ പ്രത്യേക പ്രദർശനവും സംഘടിപ്പിച്ചു.വെറുമൊരു യാത്രാമാർഗം എന്നതിലുപരി ജനങ്ങളിലേക്ക് നേരിട്ടെത്താനും അവരുമായി ആശയവിനിമയം നടത്താനുമുള്ള സുപ്രധാന മാധ്യമമായി പോപ്പ്മൊബീൽ മാറിയെന്ന് പാപ്പ പറഞ്ഞു. സഭയുടെ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും കാരുണ്യത്തിന്റെയും സന്ദേശം ലോകമെമ്പാടും എത്തിക്കുന്നതിൽ ഈ സഹകരണം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025-ലെ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി ഫ്രാൻസിസ് പാപ്പയ്ക്ക് മെഴ്സിഡസ് ബെൻസ് ഇലക്ട്രിക് പോപ്പ്മൊബീൽ സമ്മാനിച്ച കാര്യവും ലെയോ പതിനാലാമൻ പാപ്പ അനുസ്മരിച്ചു. ഗതാഗത സംവിധാനങ്ങൾ പരിസ്ഥിതി സൗഹൃദവും എല്ലാവർക്കും പ്രാപ്യവുമാക്കണമെന്ന ആഹ്വാനം ആവർത്തിച്ച പാപ്പ, സാങ്കേതികവിദ്യയുടെ പുരോഗതി മനുഷ്യന്റെ അന്തസ് സംരക്ഷിക്കുന്നതിനും പ്രകൃതിയെ പരിപാലിക്കുന്നതിനും പൊതുനന്മയ്ക്കുമായി പ്രയോജനപ്പെടുത്തണമെന്ന് കമ്പനി പ്രതിനിധികളോട് അഭ്യർഥിച്ചു.

