വത്തിക്കാൻ: 1527-ലെ റോം ആക്രമണത്തിനിടെ മാർപ്പാപ്പയെ സുരക്ഷിതമായി രക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച സ്വിസ് ഗാർഡുകളുടെ ധീരതയുടെ 500-ാം വാർഷികം 2027-ൽ ആചരിക്കാനൊരുങ്ങി പോന്തിഫിക്കൽ സ്വിസ് ഗാർഡ്. ‘വിശ്വസ്തത, വിശ്വാസ്യത, പ്രൊഫഷണലിസം, ഐക്യദാർഢ്യം’ എന്ന പ്രമേയത്തിലാണ് വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
1527 മേയ് 6-ന് കൊന്യാക് ലീഗ് യുദ്ധത്തിന്റെ ഭാഗമായി ചാൾസ് അഞ്ചാമൻ ചക്രവർത്തിയുടെ സൈന്യം റോം ആക്രമിച്ചപ്പോഴാണ് ചരിത്രപ്രസിദ്ധമായ സംഭവം അരങ്ങേറിയത്. ഏകദേശം 34,000 സൈനികർ നഗരത്തിലേക്ക് ഇരച്ചുകയറിയപ്പോൾ മാർപ്പാപ്പയായിരുന്ന ക്ലെമന്റ് ഏഴാമനെ രക്ഷിക്കാൻ സ്വിസ് ഗാർഡുകൾ ശക്തമായ പ്രതിരോധം തീർത്തു. ഏറ്റുമുട്ടലിൽ 147 ഗാർഡുകൾ കൊല്ലപ്പെട്ടു. അവശേഷിച്ച 42 പേർ മാർപ്പാപ്പയെ വത്തിക്കാനിൽനിന്ന് കാസ്റ്റെൽ സാന്റ് ആഞ്ചലോ കോട്ടയിലേക്ക് സുരക്ഷിതമായി എത്തിച്ചു.1506 ജനുവരി 22-നാണ് 150 അംഗങ്ങളടങ്ങിയ ആദ്യ സ്വിസ് സൈനിക സംഘം മാർപ്പാപ്പയുടെ സുരക്ഷാ ചുമതല ഏറ്റെടുത്ത് വത്തിക്കാനിലെത്തിയത്. അന്നുമുതൽ അഞ്ചു നൂറ്റാണ്ടിലേറെയായി സഭയോടുള്ള വിശ്വസ്തതയും അച്ചടക്കവും സമർപ്പണവും ഉയർത്തിപ്പിടിച്ച് സ്വിസ് ഗാർഡ് സേവനം തുടരുന്നു.വാർഷികാഘോഷങ്ങളുടെ ഭാഗമായി ചരിത്രകാരന്മാർ പങ്കെടുക്കുന്ന സമ്മേളനവും 1527-ലെ ആക്രമണത്തിന്റെ രാഷ്ട്രീയ, സൈനിക, മതപരമായ പശ്ചാത്തലങ്ങൾ വിശകലനം ചെയ്യുന്ന ചരിത്രഗ്രന്ഥത്തിന്റെ പ്രകാശനവും നടക്കും. മുൻഗാമികളുടെ ത്യാഗവും ധീരതയും അനുസ്മരിക്കുന്നതിനൊപ്പം, മാർപ്പാപ്പയോടുള്ള വിശ്വസ്തതയുടെ പാരമ്പര്യം പുതുതലമുറയിലേക്ക് കൈമാറുക എന്നതും ആഘോഷങ്ങളുടെ ലക്ഷ്യമാണ്.

