കൊച്ചി: സാധാരണക്കാരായ ജനങ്ങൾ ചികിത്സയ്ക്കായി നിത്യേന ആശ്രയിക്കുന്ന കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് കെഎൽസിഎ കൊച്ചി രൂപത സമിതിയുടെ നേതൃത്വത്തിൽ ശ്രദ്ധക്ഷണിക്കൽ സമ്മേളനം നടത്തി.ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുക, 24 മണിക്കൂറും വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിക്കുക, ലബോറട്ടറി സൗകര്യങ്ങൾ ആധുനികവത്കരിക്കുക, ഫാർമസി സേവനങ്ങൾ മെച്ചപ്പെടുത്തുക, പോസ്റ്റ്മോർട്ടം സൗകര്യം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമ്മേളനം മുന്നോട്ടുവച്ചത്.
കെഎൽസിഎ കൊച്ചി രൂപത പ്രസിഡന്റ് ടി.എ. ഡാൽഫിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫോർട്ടുകൊച്ചി മേഖല പ്രസിഡന്റ് കെ.പി. സേവ്യർ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ആന്റണി കുഴിവേലിൽ മുഖ്യപ്രഭാഷണം നടത്തി.കെഎൽസിഎ സംസ്ഥാന വൈസ് പ്രസിഡന്റ് അലക്സ് താളൂപാടത്ത്, ഫാ. ജോഷി എലശ്ശേരി, രൂപത ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ കോയിൽപ്പറമ്പിൽ, ട്രഷറർ ജോബ് പുളിക്കൽ, കെസിവൈഎം രൂപത പ്രസിഡന്റ് ഡാനിയ ആന്റണി, സോണി പവേലിൽ, ലിനു തോമസ്, ബെന്നി ജോസഫ്, ജോഷി മുരിക്കുംതറ, സുനന്ദ ബോണി, ഹെൻസൻ പോത്തംപള്ളി, മെൽബിൻ ജോസഫ്, ജോസ് മോൻ എന്നിവർ പ്രസംഗിച്ചു.മഹാരാജാസ് ആശുപത്രിയുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി സാമൂഹിക ഇടപെടലുകളും പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.

