ഫാ. സേവ്യര്‍ കുടിയാംശേരി
ചരിത്രം പലപ്പോഴും വഴിമാറുന്നത് അധികാരത്തിന്റെ ഇടനാഴികളില്നിന്നല്ല, തെരുവുകളില്‍ ഉയരുന്ന ചെറുപ്പക്കാരുടെ ശബ്ദങ്ങളില്നിന്നാണ്. പഴയ തലമുറയുടെ നിശ്ശബ്ദതയെ പുതിയ തലമുറയുടെ ചോദ്യങ്ങള്‍ കീറിമുറിക്കുമ്പോള്‍, ലോകത്തിന്റെ അധികാരകേന്ദ്രങ്ങളിലാകെ അസ്വസ്ഥതയുടെ കാറ്റുവീശുന്നു. ആ കാറ്റിന് ഇന്ന് ഒരു പേരുണ്ട് ജെന്‍ സി റിവോള്‍ട്ട്. അഴിമതിക്കും അനീതിക്കും തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക അസമത്വത്തിനും അധികാരത്തിന്റെ ധാര്‍ഷ്ട്യത്തിനുമെതിരേ ലോകമെമ്പാടുമുള്ള യുവതലമുറ ഉയര്‍ത്തുന്ന പ്രതിഷേധത്തിന്റെ പുതിയ മുഖമാണത്. വിരല്‍ത്തുമ്പിലെ സാങ്കേതികവിദ്യയെ സമരായുധമാക്കിയും സാമൂഹികമാധ്യമങ്ങളെ പ്രതിരോധത്തിന്റെ വേദികളാക്കിയും അവര്‍ അധികാരത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നു. അവരുടെ പ്രതിഷേധം ഭരണകൂടങ്ങളുടെ ഉറക്കം കെടുത്തുക മാത്രമല്ല, തലമുറകളായി ചോദ്യം ചെയ്യപ്പെടാതെ നിലനിന്നുപോന്ന വ്യവസ്ഥകളെക്കുറിച്ചുപോലും പുനര്‍വിചിന്തനത്തിന് വഴിയൊരുക്കുന്നു.ഈ യുവജനപ്രക്ഷോഭം ഭരണകൂടങ്ങളുടെ മാത്രം പരീക്ഷണമല്ല; മതസ്ഥാപനങ്ങള്‍ക്കും സാമൂഹിക സംവിധാനങ്ങള്‍ക്കും അതൊരു ആത്മപരിശോധനയുടെ ആഹ്വാനം കൂടിയാണ്. വിശ്വാസവും അധികാരവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ എവിടെയാണ്? ആരാധനയും ആചാരവും മനുഷ്യന്റെ വേദനകളില്‍നിന്ന് അകന്നുപോയാല്‍ അവയുടെ പ്രസക്തിയെന്താണ്? ചോദ്യങ്ങളെ ഭയപ്പെടാതെ, വിമര്‍ശനങ്ങളെ ശത്രുതയായി കാണാതെ, പുതിയ തലമുറയുടെ ആശങ്കകള്‍ക്ക് കാതുകൊടുക്കാന് സഭയ്ക്കു കഴിയുമോ? ലോകത്തിന്റെ തെരുവുകളില്‍ മുഴങ്ങുന്ന ജെന്‍ സി പ്രതിഷേധം ഉയര്‍ത്തുന്ന ഈ ചോദ്യങ്ങള്‍ ഭരണകൂടങ്ങളുടെ വാതിലുകളില്‍ മാത്രമല്ല, ദേവാലയങ്ങളുടെ കവാടങ്ങളിലും മുട്ടിവിളിക്കുന്നുണ്ട്.
തലമുറകളുടെ നിശ്ശബ്ദത ഭേദിച്ച് ഒരു വിപ്ലവം
ലോകമെമ്പാടും ജെന്‍ സി സമരത്തിലാണ്. 1997 നും 2012നുമിടയില്‍ ജനിച്ചവരെയാണ് ജെന്‍ സി എന്നു വിളിക്കുന്നത്. അവരാണ് നമ്മുടെ ഇപ്പോഴത്തെ യുവത. അവര്‍ സ്വതവേ കലഹപ്രിയരല്ല. ശാന്തരാണ്. പക്ഷേ പ്രതികരണശേഷി കൂടുതലാണ്. ഇന്റര്‍നെറ്റ് സ്മാര്‍ട്ടു ഫോണ്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളോടൊപ്പം വളര്‍ന്നവരാണവര്‍. ഒട്ടുമിക്കരാജ്യങ്ങളിലും ചെറുപ്പക്കാര്‍ സംവിധാനങ്ങളോടു കലഹിക്കുന്നു. ബംഗ്ളാദേശിലും സെര്‍ബിയയിലും അതു ഭരണകൂടത്തെ തകിടം മിറച്ചു. ഇപ്പോള്‍ ഇന്ത്യയിലും അല്ബേനിയായിലും അവര്‍ ഭരണകൂടങ്ങളെ വിറപ്പിക്കുന്നു. പോര്‍ച്ചുഗലില്‍ അവരുടെ സമരം അതി രൂക്ഷമാണ്.ഇറ്റലിയില്തൊഴിലില്ലായ്മയാണ് അവരെ അലട്ടുന്നത്. ഫ്രാന്‍സില്‍ വിദ്യാഭ്യാസരംഗത്തെ അപാകതകളും കെടുകാര്യസ്ഥതയുമാണ് കുട്ടികളെ പ്രകോപിപ്പിക്കുന്നത്. കെനിയ, പെറു, മൊറോക്കോ ഇന്തോനേഷ്യ , മെഡഗാസ്കര്എന്നിവിടങ്ങളിലെല്ലാം ജെന്‍ സി ക്ഷുഭിതരാണ്. അവിടങ്ങളില്‍ സമരങ്ങള്‍ നടക്കുന്നുണ്ട്.പ്രക്ഷോഭങ്ങളില്‍ സാമുഹിക മധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. ലോകമെമ്പാടും യുദ്ധമുറകള്‍ മാറിയതുപോലെ ജെന്‍ സി സമരത്തിലും മാറ്റമുണ്ട്. സാമൂഹികമാധ്യമങ്ങളാണ് ജെന്‍ സിയുടെ യുദ്ധരംഗത്തുള്ളത്.
പാഠം പഠിക്കാത്ത നേതാക്കള്‍
ഒരു രാജ്യവും അനുഭവങ്ങളില്‍നിന്നു പാഠം പഠിക്കുന്നില്ല. ഭരണകൂടങ്ങള്‍ ഭീരുക്കളായി മാറുന്നപോലെ. അതുകൊണ്ടുതന്നെ ഭീഷണിപ്പെടുത്തിയും തല്ലിച്ചതച്ചും കുട്ടികളെ പാട്ടിനു നിര്‍ത്താം എന്നു പലരും കരുതുന്നു. ഇന്ത്യയില്‍ കുട്ടികളും ഭരണാധികാരികളും ഒപ്പത്തിനൊപ്പം നിന്നു കൊമ്പു കോര്‍ക്കുന്നു. ക്ഷീണിക്കുന്നതു നിശ്ചയമായും ഭരണകൂടമായിരിക്കും. കുറെപ്പേരെ തല്ലിയോടിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ പരാജയപ്പെടുത്താനാവില്ല. കനലെരിയുംപോലെ അതു പുകഞ്ഞുകൊണ്ടിരിക്കും. എന്നെങ്കിലും അത് അണയ്ക്കാനാവാത്ത അഗ്നിയായി ഭരണകുടങ്ങളെ വിഴുങ്ങും.
സെക്കുലര്‍ പ്ലാറ്റ് ഫോം
ജെന്‍ സി സമരം ജാതി, മത പിന്തുണയോടെയല്ല. അവര്‍ ഒന്നു ചേരുന്നത് സെക്കുലര്‍ പ്ലാറ്റ്ഫോമിലാണ്. ജാതി, മത സങ്കല്പങ്ങള്ക്കപ്പുറം മനുഷ്യരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവര്‍ ഇന്ന് മുതിര്‍ന്നവരെ പഠിപ്പിക്കുകയാണ്.
ഗാന്ധിയന്‍ മാര്‍ഗ്ഗം
പല സമരങ്ങളും സമാധാനപരമാണ്. ഇന്ത്യയില്‍ കുട്ടികള്‍ ഗാന്ധിയന്‍ മാര്‍ഗമാണു സ്വീകരിക്കുക. തല്ലുകൊണ്ടാലും സഹിച്ചു പിടിച്ചു നില്ക്കും. കൃത്യമായ ലക്ഷ്യമുണ്ട്. അതു നേടുംവരെ അവര്‍ പോരാടും. അതിനാല്‍ ജെന്‍ സി സമരങ്ങള്‍ വിജയിച്ചു കേറും. അവരെല്ലായിടത്തും പഴയ തലമുറയ്ക്കു മുന്നില്‍ പുതിയ പാഠങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഭരണകൂടത്തെ പിടിച്ചു കുലുക്കുന്നു. പ്രതിപക്ഷങ്ങളുടെ ഉറക്കം കെട്ടതിനാല്‍ അവരും സമരരംഗത്തിറങ്ങാന്‍ കാരണമായി.അഴിമതി, തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം, വിലക്കയറ്റം, സ്വജനപക്ഷപാതം, ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമില്ലായ്മ, പൊതു സേവനങ്ങളിലെ അനീതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആകുലതയോടെ, പോയതലമുറയെ ജെന്‍ സികുറ്റപ്പെടുത്തുന്നുണ്ട്. ജെന്‍ സി സമരങ്ങള്‍ എല്ലായിടത്തുംതന്നെ വിജയം കാണുന്നുണ്ട്.
ജെന്‍ സി സമരം പള്ളിയിലേക്കു കടന്നാല്‍ ?
ഒരു വേള ജെന്‍ സി സമരം പള്ളിയിലേക്കു കടക്കില്ലെന്ന് ആരു കണ്ടു. ജെന്‍ ആല്‍ഫാ യുവതയാകുമ്പോഴെങ്കിലും അതുണ്ടായേക്കാം. ഇതു സഭയെ തകര്‍ക്കാനുള്ള ചോദ്യമല്ല. മറിച്ച് കാലോചിതമാക്കാനാണ്. പള്ളിയിലേക്കു വരുന്നതുമറ്റാരുമായിരിക്കില്ല. പള്ളിയുടെ മക്കള്തന്നെയായിരിക്കും. അധികാരവും ഉത്തരവാദിത്വവും ആയിരിക്കും പ്രധാന വിഷയം. സാമ്പത്തിക സുതാര്യത മറ്റൊരു വിഷയമാണ്.
അല്മായ പങ്കാളിത്തം, യുവജനങ്ങളുടെ സ്ഥാനം
പ്രാര്‍ഥനകള്‍ അവര്‍ക്കിഷ്ടമാണ്. പക്ഷേ പ്രാര്‍ഥനകള്‍ കോലാഹലങ്ങളാകുന്നതിനോട് അവര്‍ കലഹിക്കും. പക്ഷേ പ്രാര്‍ഥനകളും പള്ളിയിലെ വിഷയങ്ങളും ദൈവശാസ്ത്രവും ബൈബിളും മാത്രമാകരുത്. പ്രാര്‍ഥനകള്‍ മനുഷ്യരുടെ ഭാഷയിലാണോ എന്നായിരിക്കും പരിശോധന. അവര്‍ ദൈവാരാധനയ്ക്കെതിരല്ല. പക്ഷേ അതു മനുഷ്യരുടെ ഭാഷയിലാകണം. കപടത അവര്‍ വെച്ചു പൊറുപ്പിക്കില്ല. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ ഫരിസേയത്വം അവര്‍ സഹിക്കില്ല. പറയുന്നതു ജീവിക്കണം, ജീവിക്കുന്നതു പറയണം. വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തപ്പെടണം.മനുഷ്യരുടെ വേദന, കഷ്ടപ്പാട് എല്ലാം ആരാധനാ വിഷയങ്ങളാവണം. പള്ളിയധികാരികള്‍ സെക്കുലര്‍ അധികാരികളേക്കാള്‍ ധാര്ഷ്ട്യമുള്ളവരാകയാല് അവര്‍ പ്രതിഷേധിക്കും. നീതിനടപ്പാക്കാന്വന്ന യേശുവിന്റെ നാമത്തില്‍ അനീതി പ്രവര്ത്തിച്ചാല്ആരും സമ്മതിക്കില്ല. വാളെടുക്കുന്നവന്‍ വാളാല്‍ എന്നവര്ക്കറിയം. തല്ലുന്നവര് സ്വയം തല്ലുകയാണെന്നും അവര്‍ക്കറിയാം.
പൊതു ബോധം ഉണര്‍ത്തുക
ജെന്‍ സി സമരം തുടങ്ങിയത് ഒരു പൊതു ബോധത്തില്‍നിന്നാണ്. കുട്ടികളുടെ ഭാവി തുലാസിലാകുമോ എന്ന ആശങ്ക. ഭരണകുടത്തെ ബോധമുള്ളവരാക്കുക, പൗരാവകാശം കവര്‍ന്നെടുക്കുന്നതു തടയുക. പള്ളി നിശ്ചയമായും ഒരു പൊതുബോധം വിശ്വാസികളില്‍ സൃഷ്ടിക്കണം. വളര്‍ത്തിയെടുക്കണം. വിശ്വാസം അന്ധമാകരുത്. രൂപം എഴുന്നുള്ളിക്കല്‍, കാശുമോഹിച്ചുള്ള ആചാരങ്ങള്‍ അത്തരത്തിലുള്ള ഒന്നും ചെറുപ്പക്കാര്‍ ഇഷ്ടപ്പെടുന്നില്ല.യേശു ചെറുപ്പക്കാരെ അകറ്റി നിര്‍ത്തിയില്ല. പാവങ്ങളോടു പക്ഷം ചേര്‍ന്നു. സാധുവിധവയുടെ ചില്ലിക്കാശിനു മൂല്യം കൂട്ടിയിട്ടു. പങ്കാളിത്വ സഭയെക്കുറിച്ച് ലെയോ പാപ്പാ ഈ അടുത്ത നാളുകളില്‍ വളരെ കൃത്യമായ നിര്‍ദ്ദേശം നല്കി. അതുനിശ്ചയമായും ഇത്തരം സാഹചര്യങ്ങളില്‍ സഭ പതറാതിരിക്കാന്തന്നെ. ചോദ്യം ചോദിക്കുന്നവരെ അകറ്റി നിര്‍ത്തരുത്. അവരാണ് സഭയുടെ ശക്തി. ചോദ്യങ്ങള്‍ ചോദിക്കാതിരുന്നാല്‍ ജീവിതത്തിന്റെ ഉത്തരങ്ങളാണു നഷ്ടമാകുക.

