റോം : ലോകമെമ്പാടും 22 കോടിയിലധികം ക്രൈസ്തവർ കടുത്ത മതപീഡനങ്ങൾക്ക് നേരിട്ട് ഇരയാകുന്നതായി എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) റിപ്പോർട്ട്. 2024–2026 കാലയളവിൽ പഠനവിധേയമാക്കിയ 18 രാജ്യങ്ങളിൽ 55 ശതമാനത്തിലും ക്രൈസ്തവർക്കെതിരായ പീഡനം വർധിച്ചതായി ഒക്ടോബർ 27-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.
മതസ്വാതന്ത്ര്യം ഗുരുതരമായി ലംഘിക്കപ്പെടുന്ന രാജ്യങ്ങളിൽ 41.3 കോടി ക്രൈസ്തവർ ജീവിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്കയിൽ ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ രൂക്ഷമായി തുടരുമ്പോൾ ഏഷ്യയിലെ മതസ്വാതന്ത്ര്യ സാഹചര്യങ്ങളും നിർബന്ധിത കുടിയൊഴിപ്പിക്കലും ആശങ്കയുയർത്തുന്നുണ്ട്. പരിശോധിച്ച രാജ്യങ്ങളിലൊന്നിലും ക്രൈസ്തവരുടെ സാഹചര്യം മെച്ചപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.നൈജീരിയയിലെ സാരിയയ്ക്കു സമീപമുള്ള ഗ്രാമത്തിൽ തീവ്രവാദി സംഘങ്ങളുടെ ആക്രമണത്തിനിടെ തട്ടിക്കൊണ്ടുപോകപ്പെട്ട 33-കാരനായ സോളമൻ അക്കോയുടെ അനുഭവം റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു.
മതം മാറാൻ വിസമ്മതിച്ചതിനെത്തുടർന്ന് മർദിക്കുകയും കൈകാലുകൾ ബന്ധിച്ച് മണിക്കൂറുകളോളം തണുത്ത വെള്ളത്തിൽ മുക്കിനിർത്തുകയും ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി. വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ‘പീഡിപ്പിക്കപ്പെടുകയും മറക്കപ്പെടുകയും ചെയ്യുന്നവർ?’ (Persecuted and Forgotten? A Report on Christians Oppressed for Their Faith 2024–2026) എന്ന പേരിലുള്ള റിപ്പോർട്ട് ക്രൈസ്തവർക്കെതിരായ മനുഷ്യാവകാശ, മതസ്വാതന്ത്ര്യ ലംഘനങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്നു. റിപ്പോർട്ടിന്റെ ഡയറക്ടർ മാർട്ട പെത്രോസില്ലോയുടെ വാക്കുകളിൽ, കണക്കുകൾക്കു പിന്നിൽ അക്രമത്തിനും വിവേചനത്തിനും പീഡനങ്ങൾക്കും ഇരയാകുന്ന മനുഷ്യരും കുടുംബങ്ങളുമാണുള്ളത്. തങ്ങളുടെ ദുരിതങ്ങൾ മറക്കരുതെന്നതാണ് പീഡനങ്ങൾ നേരിടുന്ന ക്രൈസ്തവർ പങ്കുവയ്ക്കുന്ന പ്രധാന അഭ്യർഥനകളിലൊന്നെന്നും അവർ വ്യക്തമാക്കി.

