ഗാസാ: ഗാസാ മുനമ്പിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എട്ടു കുട്ടികൾ കൊല്ലപ്പെടുകയും കുറഞ്ഞത് 20 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയായ യൂണിസെഫ്.
ഇസ്രായേൽ–പാലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ നേരിടുന്ന ദുരിതങ്ങളിൽ സംഘടന കടുത്ത ആശങ്ക രേഖപ്പെടുത്തി.യൂണിസെഫിന്റെ മധ്യപൂർവദേശ-വടക്കേ ആഫ്രിക്കൻ പ്രാദേശിക വിഭാഗം ഡയറക്ടർ എഡ്വാർഡ് ബീഗ്ബൈഡറാണ് ഒക്ടോബർ 23-ന് പുറത്തിറക്കിയ പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചത്. 2025 ഒക്ടോബറിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷവും ഗാസയിൽ 351 കുട്ടികൾ കൊല്ലപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾക്കെതിരായ ഇത്തരം അക്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായ സംഘർഷങ്ങളും ആക്രമണങ്ങളും ഗാസയിലെ ആരോഗ്യസംവിധാനത്തെ ഗുരുതരമായി തകർത്തതിനാൽ പരിക്കേറ്റ കുട്ടികൾക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ബീഗ്ബൈഡർ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര മാനവികനിയമം അനുസരിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രായേൽ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു. കുട്ടികളുടെ മരണത്തിനും പരിക്കുകൾക്കും ഇടയാക്കുന്ന ആക്രമണങ്ങളെക്കുറിച്ച് സുതാര്യമായ അന്വേഷണം നടത്തുകയും ഉത്തരവാദികളെ കണ്ടെത്തുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും വേണമെന്നും സംഘടന ആവശ്യപ്പെട്ടു.

