ഗുവാഹത്തി: മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനസിക ക്ഷേമം ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കൽ ചികിത്സ, അജപാലന പിന്തുണ, ഏകോപിത സേവനങ്ങൾ എന്നിവയുടെ പ്രാധാന്യം ചർച്ച ചെയ്യുന്നതിനുള്ള ദേശീയ സമ്മേളനം നവംബർ 5, 6 തീയതികളിൽ ഗുവാഹത്തിയിൽ നടക്കും. സഭാനേതാക്കൾ, ആരോഗ്യപ്രവർത്തകർ, അധ്യാപകർ, അജപാലന ശുശ്രൂഷകർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
സിബിസിഐ ആരോഗ്യകാര്യാലയവും കത്തോലിക്കാ മാനസികാരോഗ്യ ശുശ്രൂഷാ വിഭാഗമായ സിഎച്ച്എംഎം ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനം ഖർഘുലിയിലെ എൻഇഡിഎസ്എസ്എസിലാണ് നടക്കുക. ‘കരുണയും പ്രതിരോധശേഷിയും മാനസികാരോഗ്യവുമുള്ള സമൂഹങ്ങളെ കെട്ടിപ്പടുക്കുക’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. റീജിയണൽ ഹെൽത്ത് കമ്മീഷൻ – നോർത്ത് ഈസ്റ്റ്, കാത്തലിക് ഹെൽത്ത് അസോസിയേഷൻ – നോർത്ത് ഈസ്റ്റ്, സിആർഐ നോർത്ത് ഈസ്റ്റ് റീജിയൻ എന്നിവ സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.മാനസിക സംഘർഷങ്ങൾ നേരിടുന്നവരോടുള്ള സഭയുടെ സമീപനം, വടക്കുകിഴക്കൻ ഇന്ത്യയിലെ മാനസികാരോഗ്യ സാഹചര്യം, ആത്മീയതയും വൈകാരിക ക്ഷേമവും തമ്മിലുള്ള ബന്ധം, മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സാംസ്കാരികമായ തെറ്റിദ്ധാരണകളും സാമൂഹിക അപമാനബോധവും തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.ആർച്ച് ബിഷപ് തോമസ് നെറ്റോ, ആർച്ച് ബിഷപ് ജോൺ മൂളച്ചിറ, ഫാ. സന്തോഷ് ഡയസ്, സിസ്റ്റർ ഡോ. ജോൺ ചുങ്കപ്പുര എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.

