പറവൂർ: മടപ്ലാതുരുത്ത് സെന്റ് ജോർജ് ഇടവക വിശ്വാസപരിശീലന യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജപമാല പ്രദർശനം ഇടവക വികാരി ഫാ. പോൾ കുര്യാപ്പിള്ളി ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ ജോജോ മനക്കിൽ അധ്യക്ഷത വഹിച്ചു.ബൈബിൾ നഴ്സറി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾ വിവിധ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ജപമാലകളാണ് പ്രദർശനത്തിന്റെ ആകർഷണമായത്. പലവ്യഞ്ജനങ്ങൾ, പഴങ്ങൾ, മുത്തുകൾ, ബട്ടണുകൾ, സുഗന്ധവിളകൾ, തുണി, പേപ്പർ, പൂക്കൾ, ഇലകൾ തുടങ്ങിയവ ഉപയോഗിച്ച് നിർമിച്ച വൈവിധ്യമാർന്ന ജപമാലകൾ പ്രദർശനത്തിന് മനോഹാരിതയേകി. സിസ്റ്റർ സാമുവേല, സിസ്റ്റർ മാർ സെല്ല, ദിവ്യ ജ്യോതിഷ്, ജോഷി സ്രാമ്പിക്കൽ, ബിന്ദു സജി, ലിസി ജോൺസൺ, ലിബി നിക്സൺ, ഫിലോമിന ജോണി എന്നിവർ പ്രസംഗിച്ചു. മടപ്ലാതുരുത്ത് ദൈവദാസൻ തിയോഫിലസ് പാണ്ടിപ്പിള്ളി ഹാളിൽ നടക്കുന്ന പ്രദർശനം നാളെ വൈകീട്ട് ദിവ്യബലിക്കും ജപമാലയ്ക്കും ശേഷവും സന്ദർശിക്കാവുന്നതാണ്.

