റോം: മതപീഡനങ്ങൾക്കും വിശ്വാസത്തിന്റെ പേരിലുള്ള ദുരിതങ്ങൾക്കും ഇരയാകുന്ന ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ലോകമെമ്പാടും ആയിരക്കണക്കിന് ദേവാലയങ്ങളും സ്മാരകങ്ങളും ചുവപ്പുനിറത്തിൽ പ്രകാശിപ്പിക്കും. നവംബർ 14 മുതൽ 22 വരെ നടക്കുന്ന ചുവന്ന ആഴ്ച (റെഡ് വീക്ക്) ആചരണത്തിന്റെ ഭാഗമായാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്.
അന്താരാഷ്ട്ര കത്തോലിക്കാ സംഘടനയായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) ഒക്ടോബർ 22-ന് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടു.2015-ൽ ആരംഭിച്ച ഈ സംരംഭത്തിന്റെ ഭാഗമായി 130 കത്തീഡ്രലുകൾ ഉൾപ്പെടെ ആയിരക്കണക്കിന് ദേവാലയങ്ങളും സ്മാരകങ്ങളും ചുവപ്പിൽ പ്രകാശിപ്പിക്കും. വിവിധ രാജ്യങ്ങളിൽനിന്ന് ഒന്നേകാൽ ലക്ഷത്തിലധികം പേർ ഇത്തവണത്തെ ആചരണത്തിൽ പങ്കുചേരുമെന്നാണ് സംഘടനയുടെ പ്രതീക്ഷ. പ്രാർത്ഥനാ സമ്മേളനങ്ങൾ, വിശ്വാസസാക്ഷ്യങ്ങൾ, പൊതുപരിപാടികൾ, വിദ്യാലയങ്ങളിലെ പ്രത്യേക പരിപാടികൾ, മതപീഡനം നേരിടുന്ന രാജ്യങ്ങളിൽനിന്നുള്ള ക്രൈസ്തവരുമായുള്ള കൂടിക്കാഴ്ചകൾ എന്നിവയും സംഘടിപ്പിക്കും. ലോകമെമ്പാടും ഏകദേശം 41 കോടി ക്രൈസ്തവർ മതസ്വാതന്ത്ര്യത്തിന്റെ ഗുരുതരമായ ലംഘനങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ ജീവിക്കുന്നതായും 22 കോടിയോളം പേർ മതപീഡനവുമായി ബന്ധപ്പെട്ട ഭീഷണികൾ നേരിടുന്നതായും സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പീഡനങ്ങൾ അനുഭവിക്കുന്ന ക്രൈസ്തവരെ അനുസ്മരിക്കാനും അവരുടെ ദുരിതങ്ങളിലേക്ക് ലോകശ്രദ്ധ ക്ഷണിക്കാനുമാണ് ചുവന്ന ആഴ്ചയിലൂടെ ലക്ഷ്യമിടുന്നത്.

