വത്തിക്കാൻ സിറ്റി: നാല് പതിറ്റാണ്ടിന്റെ പ്രവർത്തനപാരമ്പര്യമുള്ള ജീസസ് യൂത്തിന് വത്തിക്കാന്റെ സ്ഥിരാംഗീകാരം. സംഘടനയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വത്തിക്കാനിൽ നടന്നുവരുന്ന സമ്മേളനത്തിനിടെയാണ് അപ്രതീക്ഷിതമായി സ്ഥിരാംഗീകാരം ലഭിച്ചത്.
ഇതോടെ കേരളത്തിൽ ആരംഭിച്ച യുവജന മുന്നേറ്റത്തിന് ആഗോള കത്തോലിക്കാ സഭയുടെ സുപ്രധാന അംഗീകാരം കൂടി ലഭിച്ചു.2016 മേയ് 15-ന് അൽമായർക്കായുള്ള പൊന്തിഫിക്കൽ കൗൺസിലാണ് ജീസസ് യൂത്തിന് അന്താരാഷ്ട്ര വിശ്വാസിസംഘടന എന്ന നിലയിൽ നിയമപരമായ വ്യക്തിത്വത്തോടെയുള്ള താൽക്കാലിക അംഗീകാരം നൽകിയത്. അഞ്ചു വർഷം കൂടുമ്പോൾ പുതുക്കേണ്ടിയിരുന്ന അംഗീകാരമാണ് ഇപ്പോൾ സ്ഥിരപ്പെടുത്തിയിരിക്കുന്നത്.അൽമായർക്കും കുടുംബങ്ങൾക്കുമായുള്ള ഡിക്കാസ്റ്ററിയുടെ അഡ്ജങ്റ്റ് സെക്രട്ടറി ബിഷപ് ദാരിയോ ഗർവാസി, ജീസസ് യൂത്തിന്റെ അന്താരാഷ്ട്ര കോർഡിനേറ്റർ മിഥുൻ പോളിന് ഇതുസംബന്ധിച്ച ഔദ്യോഗിക ഡിക്രി കൈമാറി.
നാല് പതിറ്റാണ്ടുകൾക്കു മുമ്പ് കേരളത്തിലെ ഏതാനും യുവജനങ്ങൾ ചേർന്ന് ആരംഭിച്ച പ്രാർഥനാ കൂട്ടായ്മ ഇന്ന് ആഗോളതലത്തിൽ സജീവമായ വിശ്വാസപ്രസ്ഥാനമായി വളർന്നിരിക്കുകയാണ്. റൂബി ജൂബിലി ആഘോഷവേളയിൽ ലഭിച്ച സ്ഥിരാംഗീകാരം ജീസസ് യൂത്തിന്റെ വളർച്ചയ്ക്കും സുവിശേഷപ്രഘോഷണ ദൗത്യത്തിനും പുതിയ പ്രചോദനമാകും.

