കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിനായി രൂപീകരിച്ച തീരദേശ പരിപാലന നിയമം തദ്ദേശ വാസികൾക്ക് തീരാശാപമായി മാറാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ തോമസ് പറഞ്ഞു. വരാപ്പുഴ അതിരൂപത കെഎൽസിഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചതീരദേശ പരിപാലനനിയമവും തടസപ്പെടുന്ന ഭവന നിർമ്മാണങ്ങളും എന്ന സെമിനാറുംവിവരശേഖരണ പദ്ധതിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരെയും വീട്ടിൽ നിന്ന് ഇറക്കി വിടാനുള്ള നിയമമല്ല ഇത്.സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാൽ തദ്ദേശവാസികൾക്ക് ഭവന നിർമ്മാണം നടത്താൻ സാധിക്കും.ന്യായമായും ലഭിക്കേണ്ട അവകാശങ്ങൾ നേടിയെടുക്കാൻ ആരും ഭയക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തീരദേശ പരിപാലന നിയമം മൂലം വിവിധ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് അനുകൂലമായ നിയമഭേദഗതികൾ ഉണ്ടാകുന്നതിനും സാധ്യമായ സഹായങ്ങൾ ചെയ്യുന്നതിനുമായി വരാപ്പുഴ അതിരൂപത സമിതി ആവിഷ്കരിച്ച വിവരശേഖരണ പരിപാടിയുടെ ഉദ്ഘാനയോഗത്തിൽ അതിരൂപതാ പ്രസിഡൻ്റ് റോയ് ഡി ക്കൂഞ്ഞ അധ്യക്ഷനായിരുന്നു. പിഴല സെൻ് ഫ്രാൻസിസ് സേവ്യർ പാരിഷ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ കടമക്കുടി പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ് ആൻ്റണി വിവരശേഖരണ പത്രിക പിഴല സെൻ്റ് ഫ്രാൻസിസ് സേവ്യർ പള്ളി വികാരി ഫാ. ഷോബിൻ കുറ്റിക്കാട്ടിലിനു നൽകി പ്രകാശനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് സി ജെ പോൾ, അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, ട്രഷറർ എൻ.ജെ പൗലോസ്,സെക്രട്ടറി ബിജു മുള്ളൂർ, ചാത്യാത്ത് മേഖലാ പ്രസിഡൻ്റ് ജസ്റ്റിൻ കോളരിക്കൽ,സെക്രട്ടറി സേവ്യർ സാബു, പഞ്ചായത്ത് മെമ്പർ ജോർജ് ഫ്രെഡി എന്നിവർ പ്രസംഗിച്ചുഅതിരൂപത വൈസ് പ്രസിഡൻ്റുമാരായ ബാബു ആൻ്റണി, എം എൻ ജോസഫ്, ഫില്ലികാനപ്പള്ളി,സെക്രട്ടറിമാരായ നിക്സൺ വേണാട്ട്,റോസ് മാർട്ടിൻ, സംസ്ഥാന പിആർഒ സിബി ജോയ്,ഫോറം കൺവീനർമാരായ ബിജു വർഗീസ്, ജോമിഷ് ജോസ്,ആൻസ ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകി.
തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും അഡ്വ.ഷെറി ജെ തോമസ് വിശദീകരണങ്ങൾ നൽകി. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നായി 300 ൽ പരം പേർ പങ്കെടുത്തു.6 വിഭാഗങ്ങൾ ഉൾപ്പെടുത്തി പ്രത്യേകം തയ്യാറാക്കിയ വിവരശേഖരണ പത്രിക ഇന്നുമുതൽ വിതരണം ചെയ്യുമെന്നും നിശ്ചിത തീയതിക്കകം തിരിച്ചു വാങ്ങുകയും ചെയ്യും. വിവരണ ശേഖരണ പത്രിക തരംതിരിച്ച് അനുകൂല നിയമസാധുതയുള്ളവ പരിഹരിക്കാനും തുടർ നടപടികൾ ആവശ്യമായവക്ക് സർക്കാരുകളുടെ അടിയന്തര ശ്രദ്ധ പതിപ്പിച്ചു പരിഹാരം കണ്ടെത്താനുള്ള ക്രമീകരണങ്ങളുമായി മുന്നോട്ടു പോകുമെന്നും ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ അറിയിച്ചു

