വത്തിക്കാൻ: ശ്വാസകോശത്തിലെ അർബുദബാധയെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ ലെയോ പതിനാലാമൻ പാപ്പ ആശുപത്രിവാസം പൂർത്തിയാക്കി വത്തിക്കാനിൽ തിരിച്ചെത്തി. ഒക്ടോബർ 17 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-ഓടെയാണ് പാപ്പ വത്തിക്കാനിലെത്തിയതെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
ഇന്ന് അപ്പസ്തോലിക കൊട്ടാരത്തിലെ ജാലകത്തിൽനിന്ന് പതിവുപോലെ മധ്യാഹ്ന പ്രാർത്ഥനയ്ക്ക് പാപ്പ നേതൃത്വം നൽകുമെന്നും പ്രസ് ഓഫീസ് വ്യക്തമാക്കി.ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഒക്ടോബർ 13-നാണ് ലെയോ പതിനാലാമൻ പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാപ്പായുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടാകുന്നതിനായി ലോകമെമ്പാടുമുള്ള വിശ്വാസികളും പൊതുസമൂഹവും പ്രാർത്ഥനകൾ അർപ്പിച്ചിരുന്നു.
പാപ്പായുടെ ആരോഗ്യവിവരങ്ങൾ സത്യസന്ധമായി പൊതുജനങ്ങളിലെത്തിച്ച മാധ്യമപ്രവർത്തകർക്ക് അദ്ദേഹം നന്ദി അറിയിച്ചിരുന്നു. പാപ്പായുടെ വേഗത്തിലുള്ള സൗഖ്യത്തിനായി ആശംസകൾ നേർന്നുകൊണ്ട് വത്തിക്കാൻ മാധ്യമപ്രവർത്തകരും സന്ദേശം കൈമാറി.വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിലെ ആരോഗ്യ-ശുചിത്വ ഡയറക്ടറേറ്റ് ഡയറക്ടർ ഡോ. ലൂയിജി കാർബോണെയും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രൊഫ. സ്തേഫനോ മർഗരിത്തോറയുമാണ് പാപ്പായുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി അറിയിച്ചിരുന്നത്.

