കാലഹന്ദി: ഒഡിഷയിലെ കാലഹന്ദി ജില്ലയിലുള്ള സെമിനാരിയിൽ പഠിച്ചിരുന്ന 18 വിദ്യാർത്ഥികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വിദ്യാർത്ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട രേഖകളും രക്ഷിതാക്കളുടെ സമ്മതപത്രങ്ങളും ഹാജരാക്കാൻ കഴിയാത്തതിനെത്തുടർന്ന് ഒക്ടോബർ 14-നാണ് നടപടി സ്വീകരിച്ചത്.
ആവശ്യമായ രേഖകൾ സമർപ്പിക്കാൻ സിഡബ്ല്യുസി നിർദേശിച്ചിരുന്നെങ്കിലും സ്ഥാപനത്തിന്റെ ചുമതലയുള്ള വൈദികന് അവ ഹാജരാക്കാനായില്ലെന്ന് റായഗഡ ബിഷപ്പ് അപ്ലിനാർ സേനാപതി പറഞ്ഞു. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ ട്രസ്റ്റുമായി ബന്ധപ്പെട്ട രേഖകൾ സ്ഥാപനത്തിന്റെ കൈവശമില്ലാതിരുന്നതാണ് വീഴ്ചയ്ക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതിനു പിന്നാലെ അവരുടെ രക്ഷിതാക്കളെ ബന്ധപ്പെട്ട് കുട്ടികളെ തിരികെ കൊണ്ടുപോകാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ആവശ്യമായ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയും രേഖകൾ സമർപ്പിക്കുകയും ചെയ്തശേഷം മാത്രമേ സ്ഥാപനം വീണ്ടും തുറക്കാനാകൂവെന്നും ബിഷപ്പ് അറിയിച്ചു.വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ അറിവോടെയും സമ്മതത്തോടെയുമാണ് സെമിനാരിയിൽ കഴിയുന്നതെന്ന് തെളിയിക്കുന്ന രേഖകളാണ് അധികൃതരോട് ആവശ്യപ്പെട്ടത്. രക്ഷിതാക്കളുടെയോ പ്രാദേശിക പഞ്ചായത്തിന്റെയോ സാക്ഷ്യപത്രങ്ങൾ ഹാജരാക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതോടെയാണ് സിഡബ്ല്യുസി ഇടപെട്ടത്. റായഗഡ രൂപതയുടെ പരിധിയിൽ പ്രവർത്തിക്കുന്ന സെമിനാരി, ദക്ഷിണേന്ത്യയിൽനിന്ന് ഒഡിഷയിലെത്തിയ ‘പ്രീസ്റ്റ്സ് ഓഫ് ദി സേക്രഡ് ഹാർട്ട്’ (എസ്സിജെ) സന്യാസസഭയുടെ നിയന്ത്രണത്തിലാണ്. സ്ഥാപനങ്ങൾ ആവശ്യമായ രേഖകൾ കൃത്യമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അംഗീകരിച്ച ബിഷപ്പ് സേനാപതി, സംഭവത്തെ സഭയ്ക്കെതിരായ ഗുരുതരമായ നടപടിയായി കാണുന്നില്ലെന്നും വ്യക്തമാക്കി. ഒക്ടോബർ 16-ന് വിദ്യാർത്ഥികളെ സന്ദർശിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, വിദ്യാർത്ഥികളുടെ കൃത്യമായ പ്രായം, സിഡബ്ല്യുസി ഉന്നയിച്ച പ്രത്യേക ആശങ്കകൾ, സ്ഥാപനത്തിനെതിരായ ചൂഷണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

