ജംഷഡ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ജാർഖണ്ഡിനെതിരേ കേരളത്തിന് സമനില. ഒന്നാം ഇന്നിങ്സിൽ പിന്നിലായ കേരളം ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 62 റൺസെടുത്തുനിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്.
ഒന്നാം ഇന്നിങ്സിലെ ലീഡിന്റെ അടിസ്ഥാനത്തിൽ ജാർഖണ്ഡിന് മൂന്നു പോയിന്റ് ലഭിച്ചു.ജാർഖണ്ഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 587 റൺസിന് മറുപടിയായി കേരളത്തിന് 395 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ദിവസം ആറു വിക്കറ്റ് നഷ്ടത്തിൽ 269 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് സൽമാൻ നിസാറും ആദിത്യ സർവാതെയും ചേർന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ട് കരുത്തായി. ഇരുവരും ചേർന്ന് 104 റൺസ് കൂട്ടിച്ചേർത്തു. 135 പന്തിൽ 95 റൺസെടുത്ത ആദിത്യ സർവാതെയും 135 പന്തിൽ 43 റൺസെടുത്ത സൽമാൻ നിസാറും മികച്ച പ്രകടനം കാഴ്ചവച്ചു.ഏദൻ ആപ്പിൾ ടോം മൂന്നു റൺസിന് പുറത്തായി. ജാർഖണ്ഡിനായി ഉത്കർഷ് സിംഗും മനീഷി സിംഗും നാലു വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാം ഇന്നിങ്സിൽ കേരളത്തിനായി അഭിഷേക് പി. നായർ 21 റൺസുമായി പുറത്താകാതെ നിന്നു. സച്ചിൻ ബേബി 37 റൺസും രോഹൻ കുന്നുമ്മൽ ഒരു റൺസും നേടി പുറത്തായി.സ്കോർ: ജാർഖണ്ഡ് 587; കേരളം 395, 62/2 (ഫോളോ ഓൺ).

