കൊച്ചി: വിമർശനങ്ങളെയും വിയോജിപ്പുകളെയും അടിച്ചമർത്തുന്നതിനു പകരം ഉയരുന്ന ചോദ്യങ്ങൾക്ക് വ്യക്തവും സുതാര്യവുമായ മറുപടി നൽകാൻ ഭരണകൂടം തയാറാകണമെന്ന് കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) രാഷ്ട്രീയകാര്യസമിതി ആവശ്യപ്പെട്ടു.
ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളും ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളും ദുർബലപ്പെടുത്തുന്ന കേന്ദ്രസർക്കാർ സമീപനത്തിൽ സമിതി ആശങ്ക രേഖപ്പെടുത്തി. തിരഞ്ഞെടുപ്പുകൾ മാത്രമല്ല ജനാധിപത്യമെന്നും അഭിപ്രായസ്വാതന്ത്ര്യം, മതനിരപേക്ഷത, സാമൂഹികനീതി, ന്യൂനപക്ഷാവകാശങ്ങൾ, സ്വതന്ത്ര മാധ്യമപ്രവർത്തനം, നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം, പാർലമെന്റിലെ അർഥവത്തായ ചർച്ചകൾ എന്നിവയും അതിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും സമിതി ചൂണ്ടിക്കാട്ടി. അധികാരം കേന്ദ്രീകരിക്കുന്നതും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്ര പ്രവർത്തനത്തെ പരിമിതപ്പെടുത്തുന്നതുമായ പ്രവണതകൾ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുയർത്തുന്നതായും വിലയിരുത്തി.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയരുന്ന പ്രതിഷേധങ്ങളും ആശങ്കകളും ഗൗരവമായി പരിഗണിക്കണം. വോട്ടർപട്ടികയിൽനിന്ന് പേരുകൾ വ്യാപകമായി നീക്കം ചെയ്തെന്ന ആരോപണങ്ങളും നടപടിക്രമങ്ങളിലെ സുതാര്യത സംബന്ധിച്ച സംശയങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെക്കുറിച്ചുള്ള പരാതികളും സ്വതന്ത്രവും വിശ്വാസ്യതയുള്ളതുമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കെആർഎൽസിസി ആവശ്യപ്പെട്ടു.
ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ഭരണകൂടം ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം. പാർലമെന്റിന്റെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനൊപ്പം തൊഴിലില്ലായ്മ, വിലക്കയറ്റം, തൊഴിലാളികളുടെ അവകാശങ്ങൾ, സാമൂഹിക അസമത്വം തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുൻഗണന നൽകണം. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതാണ് ജനാധിപത്യ ഭരണത്തിന്റെ യഥാർഥ ഉത്തരവാദിത്വമെന്നും സമിതി ഓർമിപ്പിച്ചു.

