തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള വയോജനക്ഷേമ ബിൽ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾക്കും അവഗണനയ്ക്കും കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ മുഖ്യമന്ത്രി വിഡി സതീശനാണ് സഭയിൽ അവതരിപ്പിച്ചത്.
വയോജനങ്ങളെ കുടുംബാംഗങ്ങൾ ഉപേക്ഷിക്കുന്ന സാഹചര്യങ്ങളിൽ മൂന്നുവർഷം വരെ തടവും 50,000 രൂപ പിഴയും ചുമത്താനാണ് ബില്ലിലെ ശുപാർശ. മുതിർന്ന പൗരന്മാരെ ഉപേക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെ മക്കളുൾപ്പെടെയുള്ള കുടുംബാംഗങ്ങളോ നിയമപരമായ അവകാശികളോ അവരുടെ സമ്മതമില്ലാതെ പരിചരണകേന്ദ്രത്തിലോ മറ്റേതെങ്കിലും സ്ഥലത്തോ എത്തിക്കുന്നതും കുറ്റകരമാകും.
വയോജനങ്ങളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്ന കുടുംബാംഗങ്ങൾ, ബന്ധുക്കൾ, പരിചരണകേന്ദ്രങ്ങളിലെ ജീവനക്കാർ എന്നിവർക്കും മൂന്നുവർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കാം. പരിചരണകേന്ദ്രങ്ങളിലെ അന്തേവാസികളുടെ സ്വത്ത് നടത്തിപ്പുകാർ കൈവശപ്പെടുത്തുന്നതും സമാന ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രജിസ്ട്രേഷൻ ഇല്ലാതെ പരിചരണകേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നവർക്കെതിരെ ഒരു വർഷം വരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടിയോ ചുമത്താനും നിർദേശമുണ്ട്.വയോജന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ വിചാരണ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികളിലായിരിക്കും. മുതിർന്ന പൗരന്മാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും മേൽനോട്ട സംവിധാനങ്ങളും ബിൽ വിഭാവനം ചെയ്യുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാന മുതിർന്ന പൗര സംരക്ഷണ യൂണിറ്റിന്റെ അധ്യക്ഷൻ വയോജനക്ഷേമ വകുപ്പ് ഡയറക്ടറായിരിക്കും. ജില്ലാതലത്തിൽ സംരക്ഷണ ഫോറങ്ങളും യൂണിറ്റുകളും രൂപീകരിച്ച് വയോജനങ്ങളുടെ അവകാശസംരക്ഷണവും ക്ഷേമവും ഉറപ്പാക്കാനാണ് ലക്ഷ്യം.

