റോം: വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച പുതിയ ഡോക്യുമെന്ററി ചിത്രം ‘ലീഡ് കൈൻഡ്ലി ലൈറ്റ്: ദ സ്റ്റോറി ഓഫ് സെന്റ് ജോൺ ഹെൻറി ന്യൂമാൻ’ റോമിൽ പ്രദർശനത്തിനെത്തി.2025-ൽ ലെയോ പതിനാലാമൻ പാപ്പ ന്യൂമാനെ സഭയുടെ 38-ാമത്തെ വേദപാരംഗതനായി പ്രഖ്യാപിച്ചതിനുശേഷം, അദ്ദേഹത്തിന്റെ തിരുനാൾ ആദ്യമായി ആചരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 9-ന് റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഹോളി ക്രോസിലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നത്.
ബ്രസീലിലെ ലുമിനെ സ്റ്റുഡിയോസ് നിർമിച്ച ചിത്രത്തിൽ ന്യൂമാന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ലണ്ടനിലെ അദ്ദേഹത്തിന്റെ ബാല്യകാല വസതി, ഓക്സ്ഫഡ് സർവകലാശാല, ആംഗ്ലിക്കൻ സഭയിൽനിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തശേഷം പൗരോഹിത്യ പഠനം നടത്തിയ റോം എന്നിവ ചിത്രത്തിൽ ഇടംപിടിക്കുന്നു.കത്തോലിക്കാ മാധ്യമ വെബ്സൈറ്റായ ഫോംഡ് (Formed) വഴി ഇംഗ്ലീഷ് ഭാഷയിൽ ഡോക്യുമെന്ററി ലഭ്യമാണ്.

