വത്തിക്കാൻ സിറ്റി: മനുഷ്യന്റെ അലംഘനീയമായ അന്തസ്സിനും വ്യക്തിത്വത്തിനും നേരെയുള്ള കടന്നുകയറ്റമാണ് വധശിക്ഷയെന്നും, അതിനാൽ കത്തോലിക്കാ സഭ അതിനെ അംഗീകരിക്കുന്നില്ലെന്നും ലെയോ പതിനാലാമൻ പാപ്പ. ആഗോള വധശിക്ഷാവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 10-ന് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
വധശിക്ഷ നടപ്പാക്കാതെതന്നെ നീതി ഉറപ്പാക്കാനും പൊതുനന്മ സംരക്ഷിക്കാനും കഴിയുമെന്ന് പാപ്പ ചൂണ്ടിക്കാട്ടി. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കുറ്റവാളികൾക്ക് മാനസാന്തരപ്പെടാനും ജീവിതത്തിലേക്ക് തിരിച്ചുവരാനുമുള്ള അവസരം നൽകുന്ന ഫലപ്രദമായ ശിക്ഷാസംവിധാനങ്ങൾ നിലവിലുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. കുറ്റവാളികളെ സുരക്ഷിതമായി തടങ്കലിൽ പാർപ്പിക്കുന്നതിലൂടെ സമൂഹത്തെ സംരക്ഷിക്കാൻ സാധിക്കും. അതോടൊപ്പം, തെറ്റുകൾ തിരുത്തി ജീവിതത്തിൽ മാറ്റം വരുത്താനുള്ള സാധ്യതയും അവർക്ക് നൽകണം. മനുഷ്യന്റെ അന്തസ്സിനെ മാനിക്കുന്ന നീതിന്യായ സമീപനത്തിന്റെ പ്രാധാന്യമാണ് പാപ്പയുടെ സന്ദേശം ഉയർത്തിക്കാട്ടുന്നത്. #NoDeathPenalty എന്ന ഹാഷ് ടാഗോടെയാണ് ലെയോ പാപ്പ സന്ദേശം പങ്കുവച്ചത്.

