വത്തിക്കാൻ: കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനം പ്രാർത്ഥനയാണെന്നും ദൈവവചനത്തിലും പ്രാർത്ഥനയിലും നിന്നാണ് സേവനങ്ങൾക്കുള്ള ശക്തി ലഭിക്കേണ്ടതെന്നും ലെയോ പതിനാലാമൻ പാപ്പ. റോമിലെ തെരുവുകളിൽ അശരണർക്കായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ചിർക്കോളോ സാൻ പിയെത്രോ സംഘടനയിലെ അംഗങ്ങളുമായി ഒക്ടോബർ 12-ന് നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.
1869 മുതൽ സേവനരംഗത്ത് പ്രവർത്തിക്കുന്ന സംഘടനയിലെ അംഗങ്ങളെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും പാപ്പാ പറഞ്ഞു. പാപ്പായുടെ നാമത്തിൽ സംഘടനയിലെ അംഗങ്ങൾ ദിവസേന വിതരണം ചെയ്യുന്ന ഭക്ഷണം, ഭവനരഹിതർക്ക് രാത്രി കഴിയുന്നതിനുള്ള സൗകര്യങ്ങൾ, പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് താമസസൗകര്യം തുടങ്ങി വിവിധ സേവനങ്ങൾ പാപ്പാ പ്രത്യേകം പരാമർശിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ദൈവത്തിൽനിന്നു മാത്രമുള്ള പ്രതിഫലം ലക്ഷ്യമാക്കി ദാനധർമങ്ങൾ ചെയ്യണമെന്ന കർത്താവിന്റെ ആഹ്വാനം നിറവേറ്റുന്നതാണ് ഇത്തരം സേവനങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദരിദ്രരുടെയും ദുർബലരുടെയും ഇടയിൽ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്ന സഭയുടെ മനോഹരമായ മുഖമാണ് സംഘടനയുടെ പ്രവർത്തനങ്ങളിലൂടെ വെളിപ്പെടുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. പ്രാർത്ഥന, പ്രവർത്തനം, ത്യാഗം എന്നീ മൂന്ന് അടിസ്ഥാന ആശയങ്ങളും പാപ്പാ തന്റെ സന്ദേശത്തിൽ വിശദീകരിച്ചു. കാരുണ്യപ്രവൃത്തികളുടെ അടിത്തറ പ്രാർത്ഥനയാണെന്നും മറ്റുള്ളവർക്ക് നാം നൽകാൻ വിളിക്കപ്പെട്ടിരിക്കുന്ന കാരുണ്യം ദൈവത്തിൽനിന്ന് നമുക്കും ലഭിക്കുന്ന ബന്ധമാണ് പ്രാർത്ഥനയിലൂടെ ശക്തിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.സേവനപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ സമർപ്പണത്തിന്റെയും ആത്മീയശക്തിയുടെയും അക്ഷയമായ ഉറവിടമായി ദൈവവചനത്തിലേക്കും പ്രാർത്ഥനയിലേക്കും നിരന്തരം മടങ്ങിവരാൻ പാപ്പാ സംഘടനയിലെ അംഗങ്ങളെ ആഹ്വാനം ചെയ്തു.

