കൊച്ചി: സ്വാഭാവിക ജീവൻ ഇല്ലാതാക്കുന്ന തിന്മകൾക്കെതിരെ ആത്മീയ പ്രതിരോധമൊരുക്കുവാൻ ഒരു പുതിയ കുടുംബസ്നേഹ സംസ്കാരം രൂപീകരിക്കാൻ വിളിക്കപ്പെട്ടവരാണ് പ്രൊ ലൈഫ് പ്രവർത്തകരെന്ന് വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ. അലക്സ് കുരിശുപറമ്പിൽ പറഞ്ഞു.
വരാപ്പുഴ അതിരൂപത ഒന്നാം ഫൊറോന പ്രൊലൈഫ് സമിതി സംഘടിപ്പിച്ച പ്രൊ ലൈഫ് കൺവെൻഷനും എക്സിബിഷനുംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബികാപുരം വ്യാകുലമാതാ ദേവാലയത്തിൽ നടന്ന പരിപാടിയിൽ വികാരി ഫാ.ടൈറ്റസ് കുരിശുവീട്ടിൽ അധ്യക്ഷനായിരുന്നു. സഹവികാരി ഫാ. ലിപിൻ ജോസ് കൂളിയത്ത്, കെസിബിസി പ്രോലൈഫ് സമിതി പ്രസിഡൻ്റ് ജോൺസൺ ചൂരെപ്പറമ്പിൽ എന്നിവർ ആശംസകൾ നേർന്നു. മനുഷ്യജീവന് വെല്ലുവിളി ഉയർത്തുന്ന മരണ സംസ്കാരത്തിനെതിരെ ആത്മീയ പ്രതിരോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്ഇത്തരം കൺവെൻഷനുകൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. വരാപ്പുഴ അതിരൂപതയുടെ എല്ലാ ഫൊറോനങ്ങളിലും ഇത്തരം കൺവെൻഷനുകളും പ്രദർശനങ്ങളും സംഘടിപ്പിക്കും. രാവിലെ 10 മണിമുതൽ ആരംഭിച്ച പ്രൊ ലൈഫ് എക്സിബിഷൻ വീക്ഷിക്കാൻ വിശ്വാസ പരിശീലന വിദ്യാർത്ഥികളും ഫാമിലി യൂണിറ്റ് ഭാരവാഹികളും ഉൾപ്പെടെ നിരവധിപേർ എത്തിയിരുന്നു.വരാപ്പുഴ അതിരൂപത പ്രൊ ലൈഫ് സമിതിസെക്രട്ടറി ലിസ തോമസ്, ആനിമേറ്റർ സിമി ആൻസൻ ഇടവക കേന്ദ്ര സമിതി ലീഡർ അനീഷ് എന്നിവർ നേതൃത്വം നൽകി.

