ആലപ്പുഴ: ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ഒക്ടോബർ 10) അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ തുടക്കമാകും. രൂപതയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആത്മീയ, സാമൂഹിക, കുടുംബ, വിദ്യാഭ്യാസ നവീകരണ പദ്ധതികൾക്കാണ് തുടക്കമാകുന്നത്.
‘ക്രിസ്തുവിൽ അധിഷ്ഠിതം, സേവനത്തിൽ അർപ്പിതം’ എന്നതാണ് ജൂബിലിയുടെ ആപ്തവാക്യം.രാവിലെ ഒമ്പതിന് രൂപതയുടെ പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുടെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിക്കും. ജൂബിലി വൃക്ഷത്തൈ നടീലും ദീപം തെളിക്കലും ചടങ്ങുകളുടെ ഭാഗമായിരിക്കും. രാവിലെ 11-ന് പൊതുസമ്മേളനവും വിവിധ പദ്ധതികളുടെ പ്രകാശനവും നടക്കും. ആലപ്പുഴ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ അധ്യക്ഷത വഹിക്കും. രൂപതാ ചാൻസലർ ഫാ. ജൂഡ് കൊണ്ടപ്പശ്ശേരി റിപ്പോർട്ട് അവതരിപ്പിക്കും. ലോക്സഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി. വേണുഗോപാൽ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും. ജൂബിലി ലോഗോയുടെ പ്രകാശനം എം. ലിജു നിർവഹിക്കും. വിദ്യാഭ്യാസ ശുശ്രൂഷാസമിതിയുടെ വാർഷിക പദ്ധതി ഷാനിമോൾ ഉസ്മാൻ, ജൂബിലി ഭവനങ്ങളുടെ താക്കോൽദാനം പി. പ്രസാദ് എം.എൽ.എ., കുടുംബ ശുശ്രൂഷാസമിതിയുടെ വാർഷിക പദ്ധതി ജി. സുധാകരൻ എം.എൽ.എ. എന്നിവർ നിർവഹിക്കും. അജപാലന-യുവജന ശുശ്രൂഷാസമിതിയുടെ വാർഷിക പദ്ധതി എ.ഡി. തോമസ് എം.എൽ.എയും സാമൂഹിക ശുശ്രൂഷാസമിതിയുടെ വാർഷിക പദ്ധതി എം. ഷിയാസ് എം.എൽ.എയും പ്രകാശനം ചെയ്യും. അൽമായ ശുശ്രൂഷാസമിതിയുടെ വാർഷിക പദ്ധതി മിനി ആന്റണി ഐ.എ.എസ്. പ്രകാശനം ചെയ്യും.മദർ ജനറൽ മദർ ലീലാ ജോസ് കുന്നേൽ ആശംസകൾ നേരും. രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അനിൽ ആന്റണി എ.ടി. ‘ജെം ഓഫ് ദി ഡയോസിസ്’ പുരസ്കാരം പ്രഖ്യാപിക്കും. കാട്ടൂർ ഹോളി ഫാമിലി വിസിറ്റേഷൻ സ്കൂൾ വിദ്യാർഥികളുടെ പ്രാർഥനാനൃത്തത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ അർത്തുങ്കൽ സുവിശേഷഭവന്റെ കലാപരിപാടികളും രൂപതാ ഗായകസംഘത്തിന്റെ ദേശീയഗാനാലാപനവും പാപ്പൽ ഗാനാലാപനവും ഉണ്ടായിരിക്കും. രൂപതാ വികാരി ജനറൽ മോൺ. ജോയ് പൂത്തൻവീട്ടിൽ നന്ദി പറയും.1952 ജൂൺ 19-ന് കൊച്ചി രൂപത വിഭജിച്ചാണ് ആലപ്പുഴ രൂപത സ്ഥാപിതമായത്. അർത്തുങ്കൽ, തുമ്പോളി, കാട്ടൂർ, പുറക്കാട് തുടങ്ങിയ തീരദേശ ഇടവകകളിലൂടെ മത്സ്യത്തൊഴിലാളികളുടെയും ദരിദ്രവിഭാഗങ്ങളുടെയും ക്ഷേമത്തിനായി രൂപത വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ഭവനനിർമാണം, തീരദേശ സംരക്ഷണം തുടങ്ങിയ മേഖലകളിലെ സേവനപ്രവർത്തനങ്ങൾ ജൂബിലി വർഷത്തിലും കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

