ന്യൂയോർക്ക്: 2026–27 കാലയളവിൽ ശക്തമായ എൽ നിനോ പ്രതിഭാസം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ലോകമെമ്പാടുമുള്ള 100-ലേറെ രാജ്യങ്ങളിലെ 34.7 കോടിയിലധികം കുട്ടികൾ രൂക്ഷമായ കാലാവസ്ഥാ ദുരന്തങ്ങളുടെ ഭീഷണിയിലാണെന്ന് യൂണിസെഫ് മുന്നറിയിപ്പ് നൽകി.
പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയിലുണ്ടാകുന്ന വർധനയുമായി ബന്ധപ്പെട്ട എൽ നിനോ പ്രതിഭാസം ചില മേഖലകളിൽ കടുത്ത വരൾച്ചയ്ക്കും മറ്റു പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്കും പ്രളയത്തിനും കാരണമാകാം. അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ എന്നിവയെ ഇത് ഗുരുതരമായി ബാധിക്കുമെന്ന് യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞു.എൽ നിനോയുടെ പ്രത്യാഘാതം ഏറ്റവും രൂക്ഷമായി അനുഭവപ്പെടാൻ സാധ്യതയുള്ളത് ഏഷ്യ-പസഫിക് മേഖലയിലാണ്. മേഖലയിൽ മാത്രം ഏകദേശം 19 കോടി കുട്ടികൾ പ്രതികൂല കാലാവസ്ഥയുടെ ആഘാതം നേരിടേണ്ടിവരുമെന്നാണ് യൂണിസെഫ് വ്യക്തമാക്കുന്നത്.കൊളംബിയ, ഫിജി, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ കടുത്ത വരൾച്ചയും ശുദ്ധജലക്ഷാമവും രൂക്ഷമാകാൻ സാധ്യതയുണ്ട്. സോമാലിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രളയത്തിന്റെയും ജലജന്യ രോഗങ്ങളുടെയും സാധ്യത വർധിക്കും. അഫ്ഗാനിസ്ഥാൻ, ചാഡ് തുടങ്ങിയ സംഘർഷബാധിത രാജ്യങ്ങളിൽ കാലാവസ്ഥാ ദുരന്തങ്ങൾ പട്ടിണിയും പോഷകാഹാരക്കുറവും കൂടുതൽ രൂക്ഷമാക്കുമെന്നും യൂണിസെഫ് ചൂണ്ടിക്കാട്ടി.പ്രകൃതിദുരന്തങ്ങൾ മൂലം കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുന്നതിനൊപ്പം സാമ്പത്തിക പ്രതിസന്ധികൾ ശൈശവവിവാഹം, ചൂഷണം, നിർബന്ധിത കുടിയേറ്റം തുടങ്ങിയ പ്രശ്നങ്ങൾക്കും വഴിവയ്ക്കാം. കുട്ടികളെയും പ്രാദേശിക സമൂഹങ്ങളെയും കാലാവസ്ഥാ ദുരന്തങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്താനും അടിയന്തരമായി വിഭവങ്ങൾ ലഭ്യമാക്കാനും ലോകരാഷ്ട്രങ്ങൾ തയ്യാറാകണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു.

