കൊച്ചി: നിർമ്മാണത്തിലെ അപാകതകളെത്തുടർന്ന് ചോർന്നൊലിക്കുന്ന മുണ്ടംവേലി ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎൽസിഎ കൊച്ചി രൂപതാ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
പ്രതിസന്ധിയിലായ ഫ്ലാറ്റ് നിവാസികളുടെ ദുരവസ്ഥ പ്രതീകാത്മകമായി അവതരിപ്പിച്ച് മെടഞ്ഞ ഓലകളുമായാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.കെഎൽസിഎ കൊച്ചി രൂപത ഡയറക്ടർ ഫാ. ആൻറണി കുഴിവേലിൽ ധർണ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് ടി. എ. ഡാൽഫിൻ അധ്യക്ഷത വഹിച്ചു. ഫ്ലാറ്റ് നിർമ്മാണത്തിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കുക, നിർമാണവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കുക, ഉദ്യോഗസ്ഥർ, കരാറുകാർ, രാഷ്ട്രീയ നേതാക്കൾ എന്നിവരുടെ പങ്ക് പുറത്തുകൊണ്ടുവരിക, ഉത്തരവാദികളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കെഎൽസിഎ ഉന്നയിച്ചത്.
കോളനി നിവാസികൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും അറ്റകുറ്റപ്പണികൾ പൂർണമായി പൂർത്തിയാകുന്നതുവരെ താമസക്കാർക്ക് വാടക നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.രൂപതാ ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ കോയിൽപ്പറമ്പിൽ, ട്രഷറർ ജോബ് പുളിക്കൽ, വൈസ് പ്രസിഡന്റ് സോണി പവേലിൽ, സെക്രട്ടറി ലിനു തോമസ്, ഷാജു ആനന്ദശേരി, ഹെൻസൺ പോത്തംപള്ളി, ബെന്നി കുഴിവേലിൽ, മേഖല പ്രസിഡന്റ് ജോസ്മോൻ ജോസഫ്, സുമിത്ത്, കോളനി നിവാസികളെ പ്രതിനിധീകരിച്ച് ധനലക്ഷ്മി എന്നിവർ പ്രസംഗിച്ചു.ഫ്ലാറ്റ് നിവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ പിന്തുണയും ഐക്യദാർഢ്യവും കെഎൽസിഎ കൊച്ചി രൂപതാ സമിതി പ്രഖ്യാപിച്ചു.

