വത്തിക്കാൻ സിറ്റി: മനുഷ്യസ്നേഹത്തിന്റെ വിവിധ രൂപങ്ങളിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹത്തിന് സവിശേഷമായ സ്ഥാനമുണ്ടെന്ന് ലെയോ പതിനാലാമൻ പാപ്പാ. യഥാർഥ സ്നേഹം ക്ഷണികമായ വികാരമല്ലെന്നും, മറിച്ച് ആഴത്തിലുള്ള പ്രതിബദ്ധതയും ആത്മദാനവും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഉടമ്പടിയുമാണെന്നും പാപ്പാ വ്യക്തമാക്കി.
‘യു കാറ്റ് ലവ് ഫോർ എവർ’ എന്ന ഗ്രന്ഥത്തിന് എഴുതിയ അവതാരികയിലാണ് പാപ്പാ ഇക്കാര്യം വിശദീകരിച്ചത്. ഒക്ടോബർ ആറിന് ‘യു കാറ്റ്’ ഫൗണ്ടേഷൻ പുറത്തിറക്കുന്ന ഗ്രന്ഥത്തിൽ സ്നേഹത്തിന്റെ ആഴവും മനുഷ്യജീവിതത്തിലെ അതിന്റെ പ്രാധാന്യവും പ്രതിപാദിക്കുന്നു.വിശുദ്ധ അഗസ്റ്റിന്റെ “അങ്ങിൽ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയങ്ങൾ അസ്വസ്ഥമായിരിക്കും” എന്ന വാക്കുകൾ ഉദ്ധരിച്ച പാപ്പാ, മനുഷ്യഹൃദയത്തിലെ സ്നേഹത്തിനായുള്ള ആഴമേറിയ ആഗ്രഹം ദൈവത്തോടുള്ള ഐക്യത്തിനായുള്ള അഭിവാഞ്ഛയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് പറഞ്ഞു.മനുഷ്യസ്നേഹത്തിൽ ദൈവം സന്നിഹിതനാകുകയും അതിനെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. സേവനം, ആത്മദാനം, ക്ഷമ എന്നിവയിലൂടെ സ്നേഹിക്കാൻ ആവശ്യമായ കഴിവും ദൈവം മനുഷ്യന് നൽകുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹം കേവലം ഹ്രസ്വകാല വികാരത്തിൽ ഒതുങ്ങുന്നതല്ല. പരസ്പര സമർപ്പണ ത്തിലൂടെയും തീരുമാനങ്ങളിലൂടെയും ജീവിതയാത്രയിൽ ഒരുമിച്ച് മുന്നേറാനുള്ള പ്രതിബദ്ധതയിലൂടെയും അത് വളരുന്നു. അതിനാൽ ആഴമേറിയതും ആത്മത്യാഗപരവും സ്ഥിരതയുള്ളതുമായ സ്നേഹം മനുഷ്യൻ സ്നേഹിക്കാനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നതിന്റെ അടയാളമാണെന്നും പാപ്പാ വ്യക്തമാക്കി.

