മെറ്റ്സ്: യുദ്ധം, അസമത്വം, പാരിസ്ഥിതിക പ്രതിസന്ധി, സാങ്കേതിക മാറ്റങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ മനുഷ്യാന്തസ്സും ജീവനും സംരക്ഷിക്കുന്നതിനായി വിവിധ മതസമൂഹങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം.
ലെയോ പതിനാലാമൻ പാപ്പയുടെ സാന്നിധ്യത്തിൽ മെറ്റ്സിൽ നടന്ന മതസൗഹാർദ്ദ സമ്മേളനത്തിലാണ് വിവിധ മതനേതാക്കൾ ഇതുസംബന്ധിച്ച ആഹ്വാനം പുറപ്പെടുവിച്ചത്.“മാനവകുടുംബത്തെ മുഴുവൻ കൂട്ടായ്മയിൽ സേവിക്കാനുള്ള” ദൃഢനിശ്ചയം ആവർത്തിച്ചുകൊണ്ട് പുറത്തിറക്കിയ ‘മെറ്റ്സ് അഭ്യർത്ഥന’ സംഭാഷണം, സാഹോദര്യം, അനുരഞ്ജനം, സമാധാനം എന്നിവ ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്യുന്നു. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് അസീസിയിൽ വിവിധ മതനേതാക്കൾ നടത്തിയ സമാധാന ആഹ്വാനത്തിന്റെ തുടർച്ചയായാണ് മെറ്റ്സ് അഭ്യർത്ഥനയെ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം പ്രതിസന്ധികളുടെ കാലത്ത് മനുഷ്യാന്തസ്സ് സംരക്ഷിക്കാനും പരസ്പരം കരുതലോടെ പ്രവർത്തിക്കാനും വിവിധ മതസമൂഹങ്ങൾ ഒന്നിക്കേണ്ടതുണ്ടെന്നും മതനേതാക്കൾ വ്യക്തമാക്കി.
സമാധാനം എന്നത് യുദ്ധത്തിന്റെ അഭാവം മാത്രമല്ലെന്നും നീതി, മനുഷ്യാന്തസ്സിനോടുള്ള ബഹുമാനം, ജനങ്ങളും തലമുറകളും തമ്മിലുള്ള ഐക്യദാർഢ്യം, ഭൂമിയെന്ന പൊതുഭവനത്തോടുള്ള കൂട്ടായ കരുതൽ എന്നിവയിലൂടെയാണ് യഥാർഥ സമാധാനം സാക്ഷാത്കരിക്കപ്പെടുന്നതെന്നും അഭ്യർത്ഥനയിൽ പറയുന്നു.
