കൊല്ലം: കൊല്ലം രൂപതയിലെ ശക്തികുളങ്ങര വിശുദ്ധ ജോൺ ഡി ബ്രിട്ടോ ദേവാലയത്തിൽ പരിശുദ്ധ കർമല മാതാവിന്റെ കൊമ്പ്രിയ തിരുനാളിന് തുടക്കമായി. സെപ്റ്റംബർ 10ന് രാവിലെ നടന്ന തിരുനാൾ സമാരംഭ ചടങ്ങുകൾ, പതാക ആശീർവാദം, കൊടിയേറ്റം എന്നിവയോടെയാണ് പത്ത് ദിവസം നീളുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്.ഇടവക വികാരി ഫാ. ഡൈജു തോപ്പിലിന്റെ സാന്നിധ്യത്തിൽ പുനലൂർ രൂപതാംഗവും മാർപാപ്പയുടെ ചാക്രികലേഖനങ്ങൾ ഉൾപ്പെടെയുള്ള കത്തോലിക്കാ സഭയുടെ ഔദ്യോഗിക രേഖകളുടെ മലയാള പരിഭാഷകനും പ്രസാധനത്തിന്റെ ജനറൽ എഡിറ്ററുമായ ഡോ. ജേക്കബ് പ്രസാദ് (POC, പാലാരിവട്ടം) തിരുനാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
തുടർന്ന് അദ്ദേഹം ആഘോഷമായ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു.സാഹോദര്യവും പരസ്പര സ്നേഹവും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൊമ്പ്രിയ സഭ രൂപംകൊണ്ടതെന്ന് ദിവ്യബലിമധ്യേ ഡോ. ജേക്കബ് പ്രസാദ് പറഞ്ഞു. പോർച്ചുഗീസ് സാന്നിധ്യത്തിലൂടെ പതിനാറാം നൂറ്റാണ്ടിൽ സഭയിൽ പ്രചാരത്തിലായ ‘കൊമ്പ്രിയ’ എന്ന പദത്തിന് തന്നെ സാഹോദര്യം എന്നാണ് അർഥമെന്നും അദ്ദേഹം വിശദീകരിച്ചു. കരുണയും സ്നേഹവും പരസ്പര മാധ്യസ്ഥവും വളർത്തിയെടുക്കാൻ വിശ്വാസികൾക്ക് പ്രചോദനമാകുന്നതാണ് ഇത്തരം തിരുനാൾ ആഘോഷങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം ഓർമിപ്പിച്ചു.ദിവ്യബലിയും പ്രഭാഷണവും വിശ്വാസികൾക്ക് ആത്മീയ ഉണർവ് പകർന്നു. സെപ്റ്റംബർ 20ന് നടക്കുന്ന ആഘോഷമായ സമൂഹബലിയോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.തിരുനാൾ പ്രസുദേന്തിമാരായ ആമി ആന്റണിയും ജിജി ആന്റണിയും പരിശുദ്ധ കർമല മാതാവിന്റെ മാധ്യസ്ഥം തേടി അനുഗ്രഹങ്ങൾ പ്രാപിക്കാനും തിരുനാൾ ആഘോഷങ്ങളുടെ നന്മയിൽ പങ്കുചേരാനും എല്ലാവരെയും ക്ഷണിച്ചു.

