പത്തു-പതിമൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കേരളം വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനത്ത് രാത്രിയില്‍ തുടര്‍ച്ചയായുള്ള പവര്‍ കട്ടും ലോഡ് ഷെഡിങ്ങും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നു. വൈദ്യുതി നിയന്ത്രണം അനിവാര്യമാക്കുന്ന സാഹചര്യങ്ങള്‍ എന്തൊക്കെയായാലും, സ്ഥിതിഗതികള്‍ അതീവ സങ്കീര്ണമാകുന്നതുവരെ മുന്‍കരുതലെടുക്കുന്നതിലും ലഭ്യമായ വൈദ്യുതിസ്രോതസുകള് കണ്ടെത്തുന്നതിലും ആസൂത്രണത്തിലും ഏകോപനത്തിലും വീഴ്ചവരുത്തിയതിന് സംസ്ഥാന ഭരണകൂടവും വൈദ്യുതി ബോര്‍ഡും പഴികേള്ക്കേണ്ടതുതന്നെയാണ്. ജനരോഷവും രാഷ് ട്രീയ വിമര്‍ശനവും ശമിപ്പിക്കുന്നതിന് ഇപ്പോള്‍ ഏഴെട്ടു സംസ്ഥാനങ്ങളുമായും ഊര്‍ജ വിപണിയിലെ പ്രധാന ഉത്പാദകരുമായും കേരളത്തിന്റെ പ്രതിനിധികള്‍ അടിയന്തര ചര്‍ച്ചകള്‍ നടത്തിവരികയാണെങ്കിലും ഉയര്‍ന്ന നിരക്കില്‍ പോലും രാത്രി ‘പീക്ക് ലോഡ്’ സമയത്ത് ആവശ്യത്തിന് വൈദ്യുതി ഉറപ്പാക്കാന്‍ കഴിയുന്നില്ല.
പവര്‍ എക്സ്ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തില്‍ വൈകീട്ട് 6.15 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നാണ് വൈദ്യുതി ബോര്‍ഡ് അറിയിക്കുന്നത്. കേരളത്തിന് അടിയന്തര സഹായമായി 150 മെഗാവാട്ട് വൈദ്യുതി കേന്ദ്ര ക്വാട്ടയില്‍ നിന്ന് നല്‍കുന്നതിന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രി മോദിക്ക് നന്ദി അര്‍പ്പിക്കുന്നുണ്ട്. അപ്പോഴും 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് നികത്താന്‍ നെട്ടോട്ടമാണിവിടെ. ഒക് ടോബര്‍ ഒന്നു മുതല്‍ കൂടുതല്‍ വൈദ്യുതി ലഭിച്ചുതുടങ്ങുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് വൈദ്യുതി ബോര്‍ഡ് ചെയര്മാന് എം.ജി രാജമാണിക്കം സൂചിപ്പിക്കുന്നത്.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങാന്‍ രണ്ടാഴ്ച കൂടി അവശേഷിക്കുമ്പോഴാണ് വേനല്പോലുള്ള അത്യുഷ്ണ അന്തരീക്ഷത്തില്‍ കേരളം വെന്തുരുകുന്നത്. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നു. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്നതുമായി ബന്ധപ്പെട്ട കാലാവസ്ഥാ വ്യതിയാനത്തില്‍ ചിലയിടങ്ങളില്‍ അതിവൃഷ്ടിക്കും ചിലപ്പോള്‍ കൊടിയ വരള്‍ച്ചയ്ക്കും ഇടയാക്കുന്ന എല്‍ നിനോ പ്രതിഭാസം ശക്തമായതിന്റെ പ്രതിഫലനമാണിത്. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലയളവില്‍ മണ്‍സൂണ്‍ മഴ 27 ശതമാനം കുറഞ്ഞു. സംസ്ഥാനത്തെ റിസര്‍വോയറുകളില്‍ സംഭരണശേഷിയുടെ 62 ശതമാനം വെള്ളമാണുള്ളത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ, 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയില്‍ 47% കുറവുണ്ടായി. വയനാട്ടിലാകട്ടെ 51 ശതമാനമാണ് കുറഞ്ഞത്. എല്‍ നിനോയുടെ ശക്തമായ ആഘാതം ഫെബ്രുവരി വരെ തുടരുമെന്നാണ് മുന്നറിയിപ്പ്.
എല്‍ നിനോ 2023ലും 2018ലും ഉണ്ടായി. മഴ കുറഞ്ഞുവെങ്കിലും ആ രണ്ടു കൊല്ലവും പവര്‍കട്ട് വേണ്ടിവന്നില്ല. ഏറ്റവും ഉയര്‍ന്ന തോതില്‍, 34 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയ 2023ലെ മണ്‍സൂണ്‍ കാലത്തെ കേരളത്തിലെ ശരാശരി വൈദ്യുതി ഉപഭോഗം 3900 മെഗാവാട്ടായിരുന്നു. ഇപ്പോള്‍ അത് 5200 മെഗാവാട്ടാണ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഏതാണ്ട് 4,000 മെഗാവാട്ട് ആയിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഡിമാന്‍ഡ്. അതായത് 1,200 മെഗാവാട്ടിന്റെ വര്‍ധനയാണ് ഒരുകൊല്ലത്തിനിടെ ഉണ്ടായത്. കേരളത്തില്‍ 2025ല്‍ 1.06 ലക്ഷം ഇലക് ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 12.8 ശതമാനം വര്‍ധന. പ്രൈവറ്റ് ഫോര്‍ വീലര്‍ ഇലക് ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് കേരളം മുന്‍പന്തിയിലായിരുന്നു. ഇലക് ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ 339 ദശലക്ഷം യൂണിറ്റ് വൈദ്യുതി വേണ്ടിവരുമെന്നാണ് കണക്ക്. സാധാരണ വീടുകളില്‍ പോലും എയര്‍ കണ്ടീഷണര്‍ വ്യാപനത്തിലും മുന്നേറ്റമുണ്ടായി. എസി മേഖലയില്‍ 1208 ദശലക്ഷം യൂണിറ്റ് വൈദ്യുതി ചെലവ് പ്രതീക്ഷിക്കുന്നു. ഇറാന്-പശ്ചിമേഷ്യ സംഘര്‍ഷവും ഹോര്‍മുസ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പാചകവാതക ലഭ്യത അവതാളത്തിലായതോടെ കേരളത്തില്‍ ഇന്‍ഡക് ഷന് കുക്ക്ടോപ് വിപണി കൂടുതല്‍ വികസിച്ചു. ഈ ഇനത്തില്‍ 340 ദശലക്ഷം യൂണിറ്റ് വൈദ്യുതി ചെലവ് കണക്കാക്കാം.
കേരളത്തില്‍ വേനല്‍ക്കാലത്ത് ആദ്യമായി വൈകീട്ട് ആറിനു ശേഷം വൈദ്യുതി ഉപയോഗം 6,000 മെഗാവാട്ട് കവിഞ്ഞത് ഇക്കൊല്ലമാണ്. കഴിഞ്ഞ ഏപ്രില്‍ 18ന് പീക്ക് ലോഡ് 6033 മെഗാവാട്ടിലെത്തി. ഏപ്രില്‍ 26ന് പ്രതിദിന വൈദ്യുതി ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ് എന്ന റെക്കോര്‍ഡ് തോതിലെത്തി. ലോഡ് ഷെഡിങ് അനിവാര്യമാകുന്ന നിലവന്നു. ഏപ്രില്‍ 28ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍, വൈകീട്ട് ആറിനും പാതിരാത്രിക്കുമിടയില് 30 മിനിറ്റില്‍ താഴെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. അപ്പോഴേക്കും വേനല്‍മഴ ശക്തമായി. പിണറായി ഭരണത്തിന്റെ അവസാന ഘട്ടത്തില്‍ പവര്‍കട്ട് ഒഴിവാക്കാനായത് ദേശീയതലത്തില്‍ വേണ്ടത്ര വൈദ്യുതി ലഭ്യമായിരുന്നതിനാലാണ്. ഇപ്പോള്‍ അതല്ല അവസ്ഥ.
രാജ്യത്ത് കല്‍ക്കരിയുടെ ലഭ്യതക്കുറവു മൂലം തെര്‍മല്‍ പ്ലാന്റുകളുടെ വൈദ്യുതി ഉത്പാദനത്തില്‍ 12,000 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്നാണ് സെപ്റ്റംബര്‍ രണ്ടിന് ഗ്രിഡ് കണ്ട്രോളര് ഓഫ് ഇന്ത്യ അറിയിച്ചത്. എല്‍ നിനോയുടെ ഫലമായുള്ള തീവ്രമഴയും വെള്ളപ്പൊക്കവും രാജ്യത്തെ കല്‍ക്കരി ഖനികളിലെ ഉത്പാദനം താറുമാറാക്കി. കല്‍ക്കരിയിലെ നനവ് കൂടിയതിനാല്‍ ഒഡിഷ, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് താപനിലയങ്ങിലെ വൈദ്യുതി ഉത്പാദനം കറഞ്ഞു. ഈ സംസ്ഥാനങ്ങളിലെ കേന്ദ്ര തെര്‍മല്‍ സ്റ്റേഷനുകളില്‍ നിന്ന് കരാര്‍ പ്രകാരം ലഭിക്കേണ്ട വൈദ്യുതി കേരളത്തിനു കിട്ടുന്നില്ല. സെന്‍ട്രല്‍ ഇലക് ട്രിസിറ്റി അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം, 57 കല്‍ക്കരി അധിഷ്ഠിത വൈദ്യുത നിലയങ്ങളിലെ കല്‍ക്കരി സ്റ്റോക്ക് അപകടകരമായ തോതില്‍ ക്ഷയിച്ചിരിക്കയാണ്. 47 ശതമാനം ഇടിവ്. പഞ്ചാബിലെ നാല് തെര്‍മല്‍ പ്ലാന്റുകളിലും കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ ആഭ്യന്തര വൈദ്യുതി ഉത്പാദനം കടുത്ത പ്രതിസന്ധിയിലായി. അവിടെ 14 മണിക്കൂര്‍ വരെയാണ് പവര്‍ കട്ട്. തമിഴ്നാട്ടിലും കര്‍ണാടകയിലും വൈദ്യുതി പ്രതിസന്ധി കനക്കുകയാണ്. യൂണിറ്റിന് 35 രൂപ നിരക്കിലാണ് കഴിഞ്ഞ ദിവസം തമിഴ്നാട് അടിയന്തരമായി വൈദ്യുതി വാങ്ങിയത്. എന്‍ടിപിസിയില്‍ നിന്ന് വേണ്ടിവന്നാല്‍ 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങുമെന്ന് നമ്മുടെ വൈദ്യുതി വകുപ്പ് മന്ത്രി ഒരു ഘട്ടത്തില്‍ പറഞ്ഞുകേട്ടു.
ചൂട്ടുകത്തിച്ചും മെഴുകുതിരി വിതരണം ചെയ്തും ‘ഇന്ദിരാ കട്ട്’, ‘സതീശന് കട്ട്’ തുടങ്ങിയ ട്രോളുകളില്‍ അഭിരമിച്ചും സിപിഎമ്മും അവരുടെ യുവജന പ്രസ്ഥാനവും മറ്റും, അധികാരത്തില്‍ 122 ദിവസം പിന്നിടുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ‘ഊര്‍ജ മാനേജ്മെന്റ് പാളിച്ചകളിലേക്ക്’ ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുമ്പോള്‍, പിണറായി വിജയന്റെ പത്തു വര്‍ഷത്തെ തുടര്‍ഭരണത്തില്‍ വൈദ്യുതി മേഖലയിലെ സുസ്ഥിരതയ്ക്കായി എന്തു ചെയ്തു എന്ന ചോദ്യത്തിന് മറുപടിയുണ്ടോ? യൂണിറ്റിന് 4.29 രൂപ നിരക്കില്‍ 25 വര്‍ഷത്തേക്ക് 465 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2015ല്‍ ഝാബുവ പവര്‍ (ഇരട്ട കരാര്‍), ജിന്തല്‍ പവര്‍, ജിന്തല്‍ ഇന്ത്യ തെര്‍മല്‍ പവര്‍ എന്നിവയുമായി ഒപ്പുവച്ച നാല് ദീര്‍ഘകാല കരാറുകള്‍ 2023 മേയില്‍ റദ്ദാക്കുന്നതിന് പിണറായി സര്‍ക്കാര്‍ കളമൊരുക്കിയില്ലായിരുന്നുവെങ്കില് ഇന്നത്തെ പ്രതിസന്ധി തന്നെ ഉണ്ടാകുമായിരുന്നില്ലല്ലോ.
ആറു വര്‍ഷം ആ ദീര്‍ഘകാല കരാറിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞതിനുശേഷമാണ് പിണറായി മന്ത്രിസഭയുടെ അംഗീകാരത്തോടെ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്, നടപടിക്രമങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി അവ റദ്ദാക്കിയത്. ഈ കരാറുകള്‍ റദ്ദാക്കിയാല്‍ 800 കോടി രൂപ ലാഭിക്കാമെന്ന് കെഎസ്ഇബി ശുപാര്‍ശ ചെയ്തിരുന്നുവത്രെ. ദീര്‍ഘകാല കരാറിലെ 4.26 നിരക്കിനു പകരം 6.88 രൂപ നിരക്കില്‍ അദാനി പവറില്‍ നിന്നും ഡിബി പവറില്‍ നിന്നും വൈദ്യുതി വാങ്ങുന്നതുകൊണ്ട് ആര്‍ക്കാണ് നേട്ടമുണ്ടായത്? 465 മെഗാവാട്ട് വൈദ്യുതി വാങ്ങുമ്പോള്‍ പ്രതിദിനം 2.72 കോടി രൂപ അധികച്ചെലവ് ബോര്‍ഡിനുണ്ടാകും. ഇത് ‘തെര്‍മല്‍ ഫ്യൂവല്‍ സര്‍ചാര്‍ജ്’ ആയി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാമെന്നായിരുന്നു ധാരണ. ആറു മാസം കഴിഞ്ഞ് ഒരു പുനര്‍വിചിന്തനമുണ്ടായി, റെഗുലേറ്ററി കമ്മിഷന് കരാറുകള്‍ റദ്ദാക്കിയ നടപടി പിന്‍വലിച്ചു. പക്ഷേ, കരാറുകാര്‍ അപ്പലേറ്റ് ട്രൈബ്യൂണലില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച് അവരുടെ വഴിക്കുപോയി.
ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങിയ ഇനത്തില്‍ ഇതിനകം സംസ്ഥാനത്തിന് 12,570 കോടി രൂപയുടെ നഷ്ടമുണ്ടായതായി ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതിനെതിരെയുള്ള അപ്പീല്‍ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുതുതായി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
പിണറായി സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പണം നല്‍കാതെ ‘സ്വാപ്’ വ്യവസ്ഥയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കടം വാങ്ങിയ വൈദ്യുതി മണ്‍സൂണ്‍കാലത്ത് തിരിച്ചുനല്കേണ്ടതായുള്ളതിനാല് ഈ പ്രതിസന്ധിക്കു നടുവിലും 530 മെഗാവാട്ട് വൈദ്യുതി നിശ്ചിത ദിനങ്ങളില്‍ തിരിച്ചുകൊടുക്കേണ്ടിവന്നു.
സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 1,750 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. രാത്രി പീക്ക് ലോഡ് 5,000 മെഗാവാട്ടിന് മുകളിലാകുമ്പോള്‍ കേന്ദ്ര ഗ്രിഡില്‍ നിന്ന് 1,500 മെഗാവാട്ടും ദീര്‍ഘകാല കരാറുകളിലൂടെ 650 മെഗാവാട്ടും ഹ്രസ്വകാല കരാറുകളിലൂടെ 300 മെഗാവാട്ടും വാങ്ങേണ്ടിവരും. സംസ്ഥാനത്ത് അടുത്ത വര്‍ഷം പീക്ക് ഡിമാന്‍ഡ് 7,000 മെഗാവാട്ട് കടക്കാന്‍ സാധ്യതയുണ്ട്.
2026 മാര്‍ച്ചില്‍ സംസ്ഥാനത്ത് സൗരോര്‍ജ ഉത്പാദനശേഷി 2,215.59 മെഗാവാട്ട് ആയിരുന്നു. പിഎം സൂര്യ ഘര്‍ യോജന ഉള്‍പ്പെടെയുള്ള റൂഫ്ടോപ് യൂണിറ്റുകളുടെ വിഹിതം 1,850 മെഗാവാട്ട് ആണ്. ട്രാന്‍സ്ഫോര്‍മര്‍ ശേഷിയുടെ 90% വരെ സോളാര്‍ ഉത്പാദനം എത്തിയതിനാല്‍ വൈദ്യുതി ബോര്‍ഡ് പുതിയ കണക് ഷന് നിരസിക്കുകയാണ്. പകല്‍ സമയത്തെ പുരപ്പുറ സൗരോര്‍ജം സ്റ്റോര്‍ ചെയ്യാന്‍ സംവിധാനമില്ലാത്തതിനാല്‍ 1,000 മെഗാവാട്ട് സെന്‍ട്രല്‍ ജനറേറ്റിങ് സ്റ്റേഷനുകളിലേക്കും ആര്ടിസികളിലേക്കും വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്.
റൂഫ്ടോപ് സോളാര്‍ പാനല്‍ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന 2500 മെഗാവാട്ട് വൈദ്യുതി ശേഖരിച്ച് പീക്ക് സമയത്ത് നാലു മണിക്കൂര്‍ ഉപയോഗിക്കാവുന്ന അഞ്ച് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (ബെസ്) സംസ്ഥാനത്ത് ഈ വര്‍ഷാവസാനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. കാസര്‍കോട് മൈലാട്ടിയില്‍ സോളാര്‍ എനര്‍ജി കോര്പറേഷന് ഓഫ് ഇന്ത്യ 125 മെഗാവാട്ട് (500 മെഗാവാട്ട് അവര്‍) പദ്ധതിയും, മുള്ളേരിയയില്‍ നാഷണല്‍ ഹൈഡ്രോഇലക് ട്രിക് പവര്‍ കോര്പറേഷന് (എന്‍എച്ച്പിസി) 15 മെഗാവാട്ട് പദ്ധതിയും അടുത്ത മാസം പൂര്‍ത്തിയാക്കും. ശ്രീകണ്ഠപുരം 40 മെഗാവാട്ട്, അരീക്കോട് 30 മെഗാവാട്ട് പദ്ധതികള്‍ എന്‍എച്ച്പിസിയാണ് നടപ്പാക്കുന്നത്. പോത്തന്‍കോട് 40 മെഗാവാട്ട് പദ്ധതി വൈകിയേക്കും. എറണാകുളം ബ്രഹ്മപുരത്ത് 250 മെഗാവാട്ടിന്റെ ബെസ് പദ്ധതി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം കൂടിയെടുക്കും.
കായംകുളത്തെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ 359 മെഗാവാട്ട് നാഫ്ത അധിഷ്ഠിത താപനിലയം നിരാശപ്പെടുത്തുമ്പോഴും, കായലില്‍ 350 ഏക്കറില്‍ ടാറ്റാ പവര്‍ ഒരുക്കിയിട്ടുള്ള രാജ്യത്തെ ഏറ്റവും വലിയ ഫ്ളോട്ടിങ് സോളാര്‍ പവര്‍ പദ്ധതിയുടെ 101.6 മെഗാവാട്ട് പീക്ക് പിവി പാനലുകള്‍ വഴി ലഭിക്കുന്ന വൈദ്യുതി കിലോവാട്ടിന് 3.16 രൂപ നിരക്കില്‍ വൈദ്യുതി ബോര്‍ഡ് വാങ്ങുന്നുണ്ട്.
ഇടുക്കി രണ്ടാം ഘട്ടത്തിനുശേഷം സംസ്ഥാനത്ത് വലിയ ജലവൈദ്യുത പദ്ധതികളൊന്നും നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. വൈദ്യുതി ഉത്പാദനത്തിന് റിസര്‍വോയറില്‍ നിന്ന് ടണലുകളിലൂടെ ടര്‍ബൈനിലേക്ക് ഒഴുക്കുന്ന വെള്ളം വീണ്ടും പമ്പു ചെയ്ത് സംഭരണിയില്‍ എത്തിച്ച് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയിലൂടെ (പിഎസ്പി) സംസ്ഥാനത്ത് 2500 മെഗാവാട്ട് ഉത്പാദിപ്പിക്കാനാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കക്കയത്ത് 600 മെഗാവാട്ട് പമ്പ്ഡ് സ്റ്റോറേജ് പദ്ധതിക്കായി ടാറ്റാ കണ്‍സള്‍ട്ടന്‍സി ഡിപിആര്‍ തയാറാക്കുന്നുണ്ട്. ഇടുക്കിയില്‍ 800 മെഗാവാട്ട് പിഎസ്പിക്ക് വാപ്കോസ് പരിസ്ഥിതി പഠനം നടത്തുന്നു. മുതിരപ്പുഴ 100 മെഗാവാട്ട് പദ്ധതിക്കായി ഡിപിആര്‍ പൂര്‍ത്തിയായിട്ടുണ്ട്. പെരിങ്ങല്‍കുത്ത്, ഇടമലയാര്‍ പദ്ധതികള്‍ക്കായുള്ള സാധ്യതാ പഠനം തയാറായിട്ടുണ്ട്. ശബരിഗിരിയിലും 600 മെഗാവാട്ട് പദ്ധതി നിര്‍ദേശമുണ്ട്. ഡിപിആര്‍ തയാറായാല്‍ അഞ്ചു വര്‍ഷം കൊണ്ട് പദ്ധതി നടപ്പാക്കാനാകും. മൂന്നാറിലെ ലെച്ച്മി എസ്റ്റേറ്റില്‍ 800 മെഗാവാട്ട് പദ്ധതിയുടെ സാധ്യതാപഠനത്തിന് ഉത്തരാഖണ്ഡിലെ ടിഹരി ഹൈഡ്രോ ഡെവലപ്മെന്റ് കോര്‍പറേഷനെ 2023-ല്‍ നിയോഗിച്ചിരുന്നു. അവര്‍ 2000 മെഗാവാട്ട് പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയാണ് നിര്‍ദേശിച്ചത്. ഒരു മെഗാവാട്ടിന് ആറു കോടി രൂപ ചെലവു വരും. കക്കയം പദ്ധതിക്ക് 3600 കോടി രൂപ നിക്ഷേപം വേണ്ടിവരും.
കേരള ടെക് സ്പെഷലൈസ്ഡ് എഐ, സെമികണ്ടക്ടര്‍, ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് മിഷന്, കണക് റ്റിവിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍, നെക്സ്റ്റ് ജെന്‍ ടെക് ഇന്റഗ്രേഷന്‍ എന്നിവയുമായി മുന്നേറുമ്പോള്‍ ‘പുതുയുഗ കേരളത്തില്‍’ വൈദ്യുതി പ്രതിസന്ധി വിട്ടുമാറുന്നില്ലെങ്കില്‍, മുഖ്യമന്ത്രി സതീശന് നിക്ഷേപകരെ ആകര്‍ഷിക്കാനായി പ്രഖ്യാപിച്ച ‘സരള്‍ കേരളം’ പദ്ധതി അപ്രതീക്ഷിതമായി എത്തുന്ന ഏതെങ്കിലും ‘എല്‍ നിനോ’ കള്ളക്കടലോ ഉഷ്ണതരംഗമോ കൊണ്ടുപോയെന്നിരിക്കും.

