ജെറുസലേം: യുദ്ധത്തിന്റെ കനൽച്ചൂടിൽ തകർന്ന ഗാസയിൽ പ്രതീക്ഷയുടെ വാതിൽ തുറന്ന് ഏക കത്തോലിക്ക വിദ്യാലയമായ ഹോളി ഫാമിലി സ്കൂൾ വീണ്ടും പ്രവർത്തനം ആരംഭിച്ചു. മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിദ്യാർത്ഥികൾക്കായി സ്കൂൾ വീണ്ടും തുറന്നത്.2023 ഒക്ടോബറിൽ ഇസ്രായേൽ–ഹമാസ് യുദ്ധം ആരംഭിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന സ്കൂളിലെ ക്ലാസ് മുറികളും പരിസരവും അറ്റകുറ്റപ്പണികൾ നടത്തി പഠനത്തിനായി സജ്ജമാക്കുകയായിരുന്നു.
ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസിന്റെ നേതൃത്വത്തിലായിരുന്നു പുനരുദ്ധാരണ പ്രവർത്തനങ്ങൾ. പുതിയ അധ്യയന വർഷത്തിൽ ഏകദേശം ആയിരം വിദ്യാർത്ഥികളാണ് സ്കൂളിൽ പഠനം ആരംഭിച്ചത്.യുദ്ധത്തിന്റെ ആഘാതത്തിൽ മാനസിക സമ്മർദവും അനിശ്ചിതത്വവും അനുഭവിച്ച കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷത്തിൽ പഠിക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സ്കൂൾ അവസരമൊരുക്കുകയാണ്. വിദ്യാർത്ഥികളിൽ ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ പ്പെട്ടവരാണ്. യുദ്ധത്തിനു മുമ്പ് ഗാസയിൽ പ്രവർത്തിച്ചിരുന്ന അഞ്ച് ക്രൈസ്തവ വിദ്യാലയങ്ങളിൽ നിലവിൽ ഹോളി ഫാമിലി സ്കൂൾ മാത്രമാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കുട്ടികൾ യൂണിഫോം ധരിച്ച് സ്കൂളിലേക്ക് മടങ്ങിയെത്തുന്നത് ഗാസയിലെ ജനങ്ങൾക്ക് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ പകരുന്നതാണെന്ന് ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി പറഞ്ഞു. തീവ്രമായ ദുരിതങ്ങൾക്കിടയിലും ഈ വിദ്യാലയം ഗാസയിൽ പ്രതീക്ഷയുടെ വെളിച്ചമായി നിലകൊള്ളുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

