തിരുവനന്തപുരം: ക്രിസ്ത്യൻ ഉൾപ്പെടെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്ക് വീടിന്റെ അറ്റകുറ്റപ്പണികൾക്കായി 50,000 രൂപ ധനസഹായം നൽകുന്ന ‘ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി’യിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചത്.
ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധ, സിഖ്, പാഴ്സി, ജൈന വിഭാഗങ്ങളിൽപ്പെട്ട അർഹരായ സ്ത്രീകൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ജനൽ, വാതിൽ, മേൽക്കൂര, തറ, പ്ലംബിംഗ്, ശുചിത്വ സംവിധാനങ്ങൾ, വൈദ്യുതീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾക്കാണ് സഹായം നൽകുന്നത്. ലഭിക്കുന്ന തുക തിരിച്ചടയ്ക്കേണ്ടതില്ല.അപേക്ഷകയുടെയോ പങ്കാളിയുടെയോ പേരിലുള്ള വീടിന്റെ വിസ്തീർണം 1200 ചതുരശ്ര അടിയിൽ കവിയരുത്. കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം അപേക്ഷക. ബിപിഎൽ കുടുംബങ്ങൾക്ക് മുൻഗണന ലഭിക്കും. ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്ന അപേക്ഷകർ, ഇത്തരം വെല്ലുവിളികൾ നേരിടുന്ന മക്കളുള്ളവർ, പെൺമക്കൾ മാത്രമുള്ളവർ, മക്കളില്ലാത്തവർ എന്നിവർക്കും മുൻഗണന നൽകും.അപേക്ഷ അനുബന്ധ രേഖകൾ സഹിതം ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം. അപേക്ഷാഫോം ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 10.
