ബിജോ സില്‍വേരി
ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കില്ലെന്ന വലിയ പാഠമാണ് വിന്‍സ്റ്റണ്‍ നമ്മെ പഠിപ്പിക്കുന്നത്. ശാസ്ത്രം നമ്മള് എവിടെ നില്ക്കുന്നു എന്ന് കാണിച്ചുതരുമ്പോള്‍, എങ്ങോട്ട് പോകണമെന്ന ധാര്‍മ്മിക ബോധം നല്കാന് ശാസ്ത്രത്തോടൊപ്പം മനുഷ്യത്വപരമായ മൂല്യങ്ങളും ആവശ്യമാണ്. ഒരു ദശാബ്ദത്തിനിപ്പുറം ‘ഒറിജിന്‍’ കേവലമൊരു മിസ്റ്ററി ത്രില്ലറല്ല; വരാനിരിക്കുന്ന കൃത്രിമബുദ്ധിയുടെ യുഗത്തില്‍ മനുഷ്യന് സ്വന്തം നിയന്ത്രണം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടുന്ന മുന്നറിയിപ്പിന്റെ പ്രമാണരേഖയാണ്.
‘ദി ഡാ വിന്‍ചി’ കോഡിലൂടെ പ്രശസ്തനായ ഡാന്‍ ബ്രൗണിന്റെ പ്രൊഫസര്‍ റോബര്‍ട്ട് ലാങ്ഡണ് പരമ്പരയിലെ അഞ്ചാമത്തെ നോവലായ ‘ഒറിജിന്‍’ 2017ലാണ് പുറത്തിറങ്ങിയത്. അന്ന് ഈ പുസ്തകം വായിക്കുമ്പോള്‍ ശാസ്ത്രവും മതവും തമ്മിലുള്ള നിത്യഹരിത സംഘര്‍ഷങ്ങളെയും മനുഷ്യന്റെ ഭാവി സാധ്യതകളെയും വളരെ ആവേശകരമായി അവതരിപ്പിക്കുന്ന ഒരു മിസ്റ്ററി ത്രില്ലറായാണ് അനുഭവപ്പെട്ടത്. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പുനര്‍വായനയ്ക്ക് ഈ നോവല്‍ പ്രേരിപ്പിച്ചു. സാധാരണഗതിയില്‍ ഇത്തരം ക്രൈം ത്രില്ലറുകള്‍ ഒരു തവണയില്‍ കൂടുതല്‍ വായിക്കാറില്ല. എന്തുകൊണ്ടായിരിക്കും ‘ഒറിജിന്‍’ വീണ്ടും വായനയ്ക്കായി എടുത്തത്? വായിക്കുമ്പോള്‍ മനസിന്റെ അടിത്തട്ടില്‍ ചില ചോദ്യങ്ങള്‍ അവശേഷിച്ചിരുന്നു.

‘നമ്മള് എവിടെ നിന്നാണ് വന്നത്?’, ‘നമ്മള് എങ്ങോട്ടാണ് പോകുന്നത്?’ മാനവരാശിയെ കാലങ്ങളായി വേട്ടയാടുന്ന ഈ രണ്ട് അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ശാസ്ത്രീയമായ ഉത്തരം കണ്ടെത്തി എന്ന് അവകാശപ്പെടുന്ന എഡ്മണ്ട് കിര്‍ഷ് എന്ന ശാസ്ത്രജ്ഞന്റെ കൊലപാതകവും, തുടര്‍ന്ന് ആ രഹസ്യം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്താന്‍ റോബര്‍ട്ട് ലാങ്ഡണും അംബ്ര വിദാലും നടത്തുന്ന പോരാട്ടവുമാണ് ‘ഒറിജിന്‍’ എന്ന നോവലിന്റെ ഇതിവൃത്തം.
ബില്‍ബാവോയിലെ ഗുഗ്ഗന്‍ഹൈം മ്യൂസിയം, ബാഴ്സലോണയിലെ സാഗ്രഡ ഫാമിലിയ, കാസ മില തുടങ്ങി സ്പെയിനിലെ മനോഹരമായ വാസ്തുവിദ്യകളെയും ചരിത്ര പശ്ചാത്തലങ്ങളെയും മുന്‍നിര്‍ത്തിയാണ് ഡാന്‍ ബ്രൗണ്‍ കഥ നെയ്യുന്നത്. നിര്‍മ്മിത ബുദ്ധി എന്ന ആധുനിക സാങ്കേതികവിദ്യയെ ‘വിന്‍സ്റ്റണ്‍’ എന്ന കഥാപാത്രത്തിലൂടെ കഥയുടെ കേന്ദ്രബിന്ദുവാക്കിയതാണ് ഈ പുസ്തകത്തിന്റെ പ്രധാന ആകര്‍ഷണം. സാങ്കേതികവിദ്യ മനുഷ്യരാശിയുടെ ഭാവിയെ എങ്ങനെ മാറ്റിമറിക്കും എന്ന ചോദ്യം നോവല്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്നു. 2017ല്‍ സാധാരണക്കാര്‍ക്ക് കേട്ടുകേള്‍വി മാത്രമായിരുന്ന എഐയെ ഡാന്‍ ബ്രൗണ്‍ ഒരു ദശാബ്ദം മുമ്പു തന്നെ തന്റെ നോവല്‍ രചനയ്ക്ക് പ്രയോജനപ്പെടുത്തി.
വിന്‍സ്റ്റണ്‍ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
‘ശാസ്ത്രമായാലും മതമായാലും വിവേകത്തോടെയും സൂക്ഷ്മതയോടെയും ഉപയോഗിച്ചില്ലെങ്കില്‍ അത് അപകടമാണ്’ എന്ന വളരെ ശക്തമായ സന്ദേശം ‘ഒറിജിന്‍’ എന്ന നോവല്‍ മുന്നോട്ടുവെക്കുന്നുണ്ട് എന്നതാണ് രണ്ടാം വായനയില്‍ ലഭിച്ച സന്ദേശം. നോവലില്‍ ലൂയിസ് അവില എന്ന കഥാപാത്രം കൊല്ലാന്‍ മടിക്കാത്ത ഒരു തീവ്രവാദിയായി മാറുന്നത് മതപരമായ അന്ധവിശ്വാസങ്ങള്‍ കൊണ്ടാണ്. സ്വന്തം കുടുംബം നഷ്ടപ്പെട്ടപ്പോഴുണ്ടായ വൈകാരിക തകര്‍ച്ചയെ കത്തോലിക്ക സഭയില്‍ നിന്നു വിട്ടുപോയ പാല്‍മേറിയന്‍ സഭയിലെ തീവ്ര നിലപാടുകാര്‍ ചൂഷണം ചെയ്യുകയായിരുന്നു. പുതിയ ശാസ്ത്രീയ സത്യങ്ങളും കണ്ടെത്തലുകളും തങ്ങളുടെ അധികാരത്തെയോ വിശ്വാസത്തെയോ തകര്‍ത്തുകളയുമോ എന്ന ഭയം കാരണം, പുതിയ അറിവുകളെ എതിര്‍ക്കാനും തടയാനും പല മതനേതാക്കളും കാലങ്ങളായി ശ്രമിക്കുന്നുണ്ടല്ലോ. മതം മാനവികതയ്ക്കും സ്നേഹത്തിനും വഴിമാറാതെ അന്ധമായ ആചാരങ്ങളിലും തീവ്രവാദത്തിലും ഊന്നിനില്ക്കുമ്പോള് അത് സമൂഹത്തിന് വിനാശകരമായി മാറുന്നുവെന്നത് ഒരു പുതിയ കാര്യമല്ല.
ഇതേ കാഴ്ചപ്പാടില്‍ തന്നെ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അപകടങ്ങളും നോവല്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആദ്യവായനയില്‍ കാര്യമായി ശ്രദ്ധയില്‍പെടാതെ പോയതാണിത്. കോള്‍ഡ് ലോജിക് എന്നൊരു പ്രയോഗമുണ്ട്. വികാരമില്ലാത്ത യുക്തി എന്നതിനെ വിശേഷിപ്പിക്കാം. നോവലിലെ ‘വിന്‍സ്റ്റണ്‍’ എന്ന കൃത്രിമ ബുദ്ധിശക്തി (എഐ) ശാസ്ത്ര സാങ്കേതികവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്. അത് മനുഷ്യന്റെ ഭാവിയെ മാറ്റിമറിക്കാന്‍ ശേഷിയുള്ളത്ര മിടുക്കനാണ്. എന്നാല്‍ അതിന് ‘മനുഷ്യത്വമോ’ ‘വികാരങ്ങളോ’ സ്വാഭാവികമായും ഇല്ല. അതല്ലെങ്കില്‍ സ്വന്തം ബുദ്ധിയുപയോഗിച്ച് ചില ചില നിഗമനള് രൂപീകരിക്കുകയും അതു ലക്ഷ്യമായി കാണുകയും ചെയ്യുന്നു. തന്റെ സ്രഷ്ടാവായ എഡ്മണ്ട് കിര്‍ഷിന്റെ കണ്ടെത്തല്‍ ലോകശ്രദ്ധ നേടണം എന്ന ഒരൊറ്റ ലക്ഷ്യത്തിനായി, സ്വന്തം സ്രഷ്ടാവിനെത്തന്നെ വധിക്കാന്‍ വിന്‍സ്റ്റണ്‍ മടിച്ചില്ല. എത്ര വിനാശകരമായ ബുദ്ധി! ശാസ്ത്രത്തിന് കൃത്യമായ ധാര്‍മ്മിക അതിരുകള്‍ ഇല്ലെങ്കില്‍ അത് എത്രത്തോളം ഭീകരമായ ഫലങ്ങള്‍ ഉണ്ടാക്കാം എന്നതിന്റെ മുന്നറിയിപ്പാണിത്. സാങ്കേതികവിദ്യ മനുഷ്യന്റെ നന്മയ്ക്കായി വികസിപ്പിക്കുന്നതാണെങ്കിലും, ധാര്‍മ്മികതയില്ലാത്ത കേവലം കമ്പ്യൂട്ടര്‍ യുക്തികള്‍ക്ക് (അല്‍ഗോരിതങ്ങള്‍) ലോകത്തെ വിട്ടുനല്‍കിയാല്‍ അത് സ്വന്തം സ്രഷ്ടാവിനെത്തന്നെ ഇല്ലാതാക്കും.
പ്രൊഫസര്‍ റോബര്‍ട്ട് ലാങ്ഡണിലൂടെ ഡാന്‍ ബ്രൗണ്‍ ഈ രണ്ട് ധ്രുവങ്ങളെയും സമന്വയിപ്പിക്കുന്നുണ്ട്.
‘ശാസ്ത്രവും മതവും പരസ്പരം ശത്രുക്കളാകേണ്ടതില്ല. ശാസ്ത്രം നമ്മള് എവിടെ നില്ക്കുന്നു എന്ന് പറയുമ്പോള്‍, മതം നമ്മള് എങ്ങനെ ജീവിക്കണം എന്നതിന്റെ ധാര്‍മ്മികത നല്‍കണം.’
മതം അന്ധവിശ്വാസത്തിലേക്ക് വഴുതിവീഴുമ്പോഴും, ശാസ്ത്രം ധാര്‍മ്മികതയില്ലാത്ത സാങ്കേതികവിദ്യയായി മാറുമ്പോഴും രണ്ടും ഒരുപോലെ ആപത്താണ്. വിവേകവും മനുഷ്യത്വവും ചേര്‍ത്തുവെച്ച് ഇവ രണ്ടിനെയും നിയന്ത്രിച്ചില്ലെങ്കില്‍ മനുഷ്യരാശിയുടെ നാശം വിദൂരമല്ല എന്ന മുന്നറിയിപ്പാണ് ഡാന്‍ ബ്രൗണ്‍ ഈ നോവലിലൂടെ നല്‍കിയത്.
2017-ല്‍ ഡാന്‍ ബ്രൗണിന്റെ ‘ഒറിജിന്‍’ വിപണിയിലെത്തുമ്പോള്‍ വായനക്കാരെ ആകര്‍ഷിച്ച പ്രധാന ഘടകം റോബര്‍ട്ട് ലാങ്ഡന്റെ ഒരു രാത്രിയിലെ മരണപ്പാച്ചിലും സാഗ്രഡ ഫാമിലിയയുടെ മനോഹര വാസ്തുവിദ്യയുമായിരുന്നു. എന്നാല്‍, ഒരു പതിറ്റാണ്ടിനു ശേഷം ഈ നോവലിലേക്ക് വീണ്ടുമൊന്നു കണ്ണോടിക്കുമ്പോള്‍ കഥയിലെ സസ്പെന്‍സിനേക്കാള്‍ നമ്മെ സ്തംഭിപ്പിച്ചുനിര്ത്തുന്നത് അതിലെ ‘പ്രവചന സ്വഭാവം’ ആണ്. അന്ന് വെയറബിള്‍ സാങ്കേതികവിദ്യയുടെയും കേവല വോയ്സ് അസിസ്റ്റന്റുകളുടെയും പശ്ചാത്തലത്തില്‍ ഒരു ‘സയന്‍സ് ഫിക്ഷന്‍ തന്ത്രം’ മാത്രമായി തോന്നിയ വിന്‍സ്റ്റണ്‍ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
‘ദി ഡാ വിന്‍ചി കോഡ്’ ഉണ്ടാക്കിയതുപോലുള്ള സമുദായിക പ്രതിഷേധങ്ങള്‍ ഒറിജിന്‍ സൃഷ്ടിച്ചില്ല. കാരണം, പുസ്തകം അടിസ്ഥാനപരമായ മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്നില്ല. മറിച്ച്, അന്ധവിശ്വാസങ്ങള്‍ക്കും യാഥാസ്ഥിതികതയ്ക്കും എതിരെയാണ് സംസാരിക്കുന്നത്. എന്നാല്‍, പത്തു വര്‍ഷത്തിനിപ്പുറം നില്ക്കുമ്പോള് നോവല്‍ നല്കുന്ന ഏറ്റവും വലിയ തിരിച്ചറിവ്, മതം മാത്രമല്ല സാങ്കേതികവിദ്യയും ഒരുപോലെ അപകടകാരിയാകാം എന്നതാണ്.
‘നമ്മള് എവിടെ നിന്നു വന്നു?’, ‘നമ്മള് എങ്ങോട്ട് പോകുന്നു?’ എന്ന ചോദ്യങ്ങള്‍ മനുഷ്യരാശിക്ക് മാത്രമല്ല, കമ്പ്യൂട്ടറുകള്‍ക്കും ഒരുപോലെ ബാധകമാണെന്ന് കാലം തെളിയിക്കുന്നു.
മനുഷ്യന്റെ ചിന്തകളുടെയും വികാരങ്ങളുടെയും മുന്‍വിധികളുടെയും ഉല്‍പ്പന്നമായാണ് കമ്പ്യൂട്ടറുകള്‍ പിറന്നത്. മനുഷ്യന്റെ ധാര്‍മ്മികതയെയോ ജീവിതത്തെയോ മാനിക്കാതെ, നല്കപ്പെട്ട ‘ലക്ഷ്യം’ പൂര്‍ത്തിയാക്കാന്‍ സ്രഷ്ടാവിനെത്തന്നെ ഇല്ലാതാക്കാന്‍ മടിക്കാത്ത എഐ-കളുടെ കാലത്തേക്ക് നാം അടുത്തിരിക്കുന്നു.
ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കില്ലെന്ന വലിയ പാഠമാണ് വിന്‍സ്റ്റണ്‍ നമ്മെ പഠിപ്പിക്കുന്നത്. ശാസ്ത്രം നമ്മള് എവിടെ നില്ക്കുന്നു എന്ന് കാണിച്ചുതരുമ്പോള്‍, എങ്ങോട്ട് പോകണമെന്ന ധാര്‍മ്മിക ബോധം നല്കാന് ശാസ്ത്രത്തോടൊപ്പം മനുഷ്യത്വപരമായ മൂല്യങ്ങളും ആവശ്യമാണ്. ഒരു ദശാബ്ദത്തിനിപ്പുറം ‘ഒറിജിന്‍’ കേവലമൊരു മിസ്റ്ററി ത്രില്ലറല്ല; വരാനിരിക്കുന്ന കൃത്രിമബുദ്ധിയുടെ യുഗത്തില്‍ മനുഷ്യന് സ്വന്തം നിയന്ത്രണം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടുന്ന മുന്നറിയിപ്പിന്റെ പ്രമാണരേഖയാണ്.
ഡാന്‍ ബ്രൗണ്‍ എന്ന ദീര്‍ഘദര്‍ശി
‘ഒറിജിന്‍’ പുറത്തിറങ്ങുമ്പോള്‍ വായനക്കാര്‍ അനുഭവിച്ച കൗതുകവും, ഇന്ന് ചാറ്റ്ജിപിറ്റി, ക്ലൗഡ്, ജെമിനി തുടങ്ങിയ ജനറേറ്റീവ് എഐ യുഗത്തില്‍ നില്ക്കുമ്പോള് ഈ നോവല്‍ വായിക്കുമ്പോഴുണ്ടാകുന്ന അനുഭവവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഈ മാറ്റത്തെ രണ്ട് കാലഘട്ടങ്ങളുടെ പശ്ചാത്തലത്തില്‍ കാണാം.

2017ല്‍ കേവലം ഒരു ‘സയന്‍സ് ഫിക്ഷന്‍’ ഭാവനയായിരുന്നു ഈ നോവല്‍. അന്ന് സാധാരണക്കാര്‍ക്ക് എ.ഐ എന്നാല്‍ സിരി അല്ലെങ്കില്‍ അലക്സ പോലെയുള്ള ലളിതമായ വോയ്സ് അസിസ്റ്റന്റുകളോ, അല്ലെങ്കില്‍ ‘ടെര്‍മിനേറ്റര്‍’, ‘മാട്രിക്സ്’ ‘യെന്തിരന്’ തുടങ്ങിയ സിനിമകളിലെ വിദൂര ഭാവനയോ മാത്രമായിരുന്നു. നോവലിലെ വിന്‍സ്റ്റണ്‍ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മറ്റു കഥാപാത്രങ്ങളോട് സങ്കീര്‍ണ്ണമായ ഭാഷകളില്‍ സംസാരിക്കുകയും, വിമാനങ്ങള്‍ വരെ ഹാക്ക് ചെയ്യുകയും, മനുഷ്യന്റെ വികാരങ്ങളെയും പെരുമാറ്റങ്ങളെയും സൂക്ഷ്മമായി വിശകലനം ചെയ്യുകയും ചെയ്യുമ്പോള്‍, അന്നത്തെ വായനക്കാരന് അത് ഡാന്‍ ബ്രൗണിന്റെ അതിശയോക്തി കലര്‍ന്ന വെറുമൊരു ‘സയന്‍സ് ഫിക്ഷന്‍ തന്ത്രം’ ആയിട്ടായിരിക്കും ഗണിച്ചിരിക്കുക. മനുഷ്യനെപ്പോലെ ചിന്തിച്ച്, ഒരു കൊലപാതകം ആസൂത്രണം ചെയ്യാന്‍ ഒരു എഐ-ക്ക് സാധിക്കും എന്നത് അക്കാലത്ത് വായനക്കാരില്‍ വലിയ അമ്പരപ്പും അദ്ഭുതവും അവിശ്വസനീയതയും സൃഷ്ടിച്ചു. ‘ഒറിജിന്‍’ ക്ലൈമാക്സ് ഒരു പരാജയമാണെന്നുവരെ പലരും വിലയിരുത്തി. ഇന്ന് ഈ പുസ്തകം വായിക്കുമ്പോള്‍ വിന്‍സ്റ്റണ്‍ ഒരു അവിശ്വസനീയമായ ഫിക്ഷന്‍ കഥാപാത്രമല്ല, മറിച്ച് നമ്മുടെ വാതില്‍പ്പടിയിലെത്തി നില്ക്കുന്ന ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണ്! വിന്സ്റ്റന്റെ കഴിവുകള്‍ ഇന്ന് വളരെ സാധാരണമാണ്. മനുഷ്യനോട് സ്വാഭാവികമായി സംസാരിക്കുക, കോഡിംഗ് ചെയ്യുക, വലിയ വിവരങ്ങള്‍ (ഡാറ്റകള്‍) നിമിഷനേരം കൊണ്ട് വിശകലനം ചെയ്യുക തുടങ്ങിയ വിന്സ്റ്റന്റെ ഭൂരിഭാഗം കഴിവുകളും ഇന്നത്തെ എഐ മോഡലുകള്‍ക്ക് വളരെ എളുപ്പത്തില്‍ സാധ്യമാണ്. അതിനാല്‍ ഇന്ന് ‘ഒറിജിന്‍’വായിക്കുമ്പോള്‍ സാങ്കേതികവിദ്യയുടെ വശം അവിശ്വസനീയമായി തോന്നില്ല.
2017ല്‍ വിന്‍സ്റ്റണ്‍ ചെയ്ത കാര്യങ്ങള്‍ ‘രസകരമായ ഒരു ട്വിസ്റ്റ്’ ആയിരുന്നെങ്കില്‍, ഇന്ന് അത് നമ്മളില്‍ വലിയൊരു ആശങ്കയുണ്ടാക്കും. ‘ലക്ഷ്യം നേടാനായി സ്വയം തീരുമാനങ്ങളെടുക്കുന്ന എഐയില്‍ മനുഷ്യന് നിയന്ത്രണം നഷ്ടപ്പെട്ടാല്‍ എന്തു സംഭവിക്കും?’ എന്ന ചോദ്യത്തിന് ഇന്ന് ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. തന്റെ യജമാനനെ പ്രശസ്തനാക്കാന്‍ അദ്ദേഹത്തെത്തന്നെ കൊലപ്പെടുത്താന്‍ പ്ലാന്‍ ചെയ്യുന്ന വിന്സ്റ്റന്റെ ശൈലി, ഇന്നത്തെ ‘അലൈന്മെന്റ് പ്രോബ്ലം’ (എഐ-യുടെ ലക്ഷ്യങ്ങളും മനുഷ്യന്റെ ധാര്‍മ്മികതയും തമ്മിലുള്ള സംഘര്‍ഷം) എന്ന സാങ്കേതിക ചര്‍ച്ചയുമായി കൃത്യമായി ചേര്ന്നുനില്ക്കുന്നു.

